«

»

Print this Post

പ്രവാസികള്‍ക്ക് നിയമ സാന്ത്വനമായി ‘പ്രവാസി കോര്‍ണര്‍ ഡോട്ട് കോം’

 

mangalam

 

 

സൗദി അറേബ്യ: കഴിഞ്ഞ രണ്ടു വര്‍ഷമായി സൗജന്യ നിയമ സഹായവും നിയമ അറിവുകളും നല്‍കി ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ വെബ്‌സൈറ്റായ പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു.

ഇപ്പോള്‍ പ്രതിമാസം മൂന്നു ലക്ഷത്തില്‍ അധികം പ്രവാസികള്‍ പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ പേജുകള്‍ സന്ദര്‍ശിക്കുന്നു. 1000 ത്തോളം പേര്‍ക്ക് പ്രതിമാസം സൗജന്യ നിയമ ഉപദേശങ്ങളും നല്‍കുന്നു. തൊഴിലാളികളെ കൂടാതെ പ്രമുഖ കമ്പനികളും പ്രമുഖ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും സംശയ നിവാരണത്തിന് പ്രവാസി കോര്‍ണറുമായി ബന്ധപ്പെടുന്നു.

പ്രവാസികളുടെ അറിവിലേക്കായി ഏറ്റവും പുതിയ നിയമ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നു. ഇതിനായി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍മാരുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ നിയമ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും അവ ശേഖരിച്ചു വായനക്കാരിലേക്ക് എത്തിക്കുന്നതിനും മികച്ച റിസേര്‍ച് ടീം പ്രവാസി കോര്‍ണറിനുണ്ട്.

നിയമ സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള ചോദ്യങ്ങളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത് കൊണ്ട് തന്നെ ചോദ്യങ്ങള്‍ അയക്കുന്ന മുഴുവന്‍ പേര്‍ക്കും മറുപടി അയക്കാന്‍ സാധിക്കാറില്ല. സാമ്പത്തിക നേട്ടം ഇല്ലാത്തത് കൊണ്ടും കൂടുതല്‍ അപകട സാധ്യതയുള്ള വിഷയമായതിനാലും എതിര്‍ കക്ഷികളായി വരാവുന്ന സ്വദേശികളെയും കമ്പനികളെയും അധികൃതരെയും ഭയന്നും മികച്ച പ്രോഫെഷണല്‍സ് ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നു എന്നതാണു ഏറ്റവും വലിയ വെല്ലുവിളി.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ഗള്‍ഫ് രാജ്യങ്ങളിലെ നിയമ സ്ഥാപനങ്ങളുമായി സഹകരിച്ചും പ്രവാസി അഭിഭാഷകരെ പാനലില്‍ ഉള്‍പ്പെടുത്തിയും കൂടുതല്‍ ആളുകള്‍ക്ക് സേവനങ്ങള്‍ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയിലാണ് പ്രവാസി കോര്‍ണര്‍ ഡോട്ട് കോം.

പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തൃശ്ശൂര്‍ സ്വദേശിയായ മുന്‍ സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ.ഷിയാസ് കുഞ്ഞിബാവയാണ്. നിയമ വിഭാഗം കൈകാര്യം ചെയ്യുന്ന ഇദ്ദേഹമാണ് ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി അയക്കുക.

എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി മാത്രമാണ് ചെയ്യുന്നത്. ചോദ്യങ്ങള്‍ ഓണ്‍ലയിനില്‍ സ്വീകരിച്ചു പ്രശ്‌നങ്ങളില്‍ ആവശ്യമായ പഠനം നടത്തി ഇമെയില്‍ ആയി തന്നെ മറുപടി നല്‍കുകയാണ് പതിവ്. കൂടുതല്‍ പ്രവാസികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ആണെങ്കില്‍ ഉത്തരം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആരുമായും നേരില്‍ ഇടപെടാറില്ല.

കൂടുതല്‍ സഹായം ആവശ്യപ്പെടുന്നവരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അതത് പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തി കൊടുക്കാറുണ്ട്. പ്രശ്നപരിഹാരം ലഭിച്ചവര്‍ പിന്നീട് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടാലും അതിനെ പ്രോത്സാഹിപ്പിക്കാറില്ല.പ്രശ്‌ന പരിഹാരത്തോടെ ദൗത്യം അവസാനിച്ചു എന്ന പോളിസിയാണ് പ്രവാസി കോര്‍ണറിന്റെത്. എല്ലാ സേവനങ്ങളും സൗജന്യമാണ്.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിമാസം പതിനായിരം സൗജന്യ നിയമ ഉപദേശങ്ങളും പത്തു ലക്ഷം വെബ്‌സൈറ്റ് സന്ദര്‍ശകരും എന്നതാണ് പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ ലക്ഷ്യം. ഇപ്പോള്‍ പ്രധാനമായും സൗദി അറേബ്യ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിനകം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഉപകാരപ്രദമാകും വിധം വ്യവസ്ഥാപിതമായ രീതിയില്‍ വ്യാപിപ്പിക്കുമെന്ന് പ്രവാസി കോര്‍ണര്‍ സ്ഥാപകന്‍ അഡ്വ.ഷിയാസ് കുഞ്ഞിബാവ പറയുന്നു.

 

മംഗളം ദിനപത്രം 

Story Dated: Saturday, May 11, 2013 12:12

(Link to the post: http://www.mangalam.com/pravasi/gulf/56156)

 

 

Permanent link to this article: http://pravasicorner.com/?p=10025

Copy Protected by Chetan's WP-Copyprotect.