നിതാഖാത്‌ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളുടെ ഗുണത്തിന് വേണ്ടി: സൗദി വിദേശകാര്യ മന്ത്രി

0
3

1

 

സൗദി അറേബ്യ/ജിദ്ദ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനുമായും വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസലുമായും ചര്‍ച്ച നടത്തി. രണ്ടാം ഉപപ്രധാനമന്ത്രി മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരനുമായും സല്‍മാന്‍ ഖുര്‍ഷിദ്‌ കൂടിക്കാഴ്ച നടത്തി.

സൗദി കിരീടാവകാശിയുമായായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. പ്രതിരോധ മേഖലയിലെ സഹകരണം, മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദേശം മന്ത്രി സല്‍മാന്‍ രാജകുമാരന് കൈമാറി.

തുടര്‍ന്ന് ജിദ്ദയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തു വെച്ചായിരുന്നു സൗദി വിദേശ കാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരനുമായി സല്‍മാന്‍ ഖുര്‍ഷിദ്‌ കൂടിക്കാഴ്ച നടത്തിയത്. ഉഭയക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇറാന്‍റെ ആണവ പ്രവര്‍ത്തനങ്ങളും സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങളെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

നിതാഖാത് പദ്ധതി നടപ്പിലാക്കുന്നത് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളുടെ ഗുണത്തിന് വേണ്ടിയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. നിയമ വിധേയമായി താമസിക്കുന്നവരെ ഒരു നിലക്കും ഇത് ബാധിക്കില്ല. ഭീകരതക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സംയുക്തമായി പോരാടാന്‍ ചര്‍ച്ചയില്‍ ധാരണയായി.പലസ്തീന്‍ ജനതയോട് ഇന്ത്യ അനുവര്‍ത്തിക്കുന്ന സഹാനുഭൂതിയോടെയുള്ള സമീപനത്തിന് സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നന്ദി പറഞ്ഞു.  

അബ്ദുള്ള രാജാവിന്‍റെ ഇന്ത്യാസന്ദര്‍ശനത്തിനും പ്രധാനമന്ത്രി മന്മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. 

അഭ്യന്തര മന്ത്രി മുഹമ്മദ്‌ ബിന്‍ നായിഫ്‌ രാജകുമാരന്‍, തൊഴില്‍മന്ത്രി എന്‍ജിനീയര്‍ ആദീല്‍ഫഖീഹ് എന്നിവരുമായി നാളെ ചര്‍ച്ച കൂടിക്കാഴ്ച നടത്തും. .