«

»

Print this Post

സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് പണം പറ്റുന്ന സ്പോണ്‍സര്‍മാര്‍ക്ക് ശിക്ഷ നല്‍കാന്‍ തൊഴില്‍ നിയമപ്രകാരം കഴിയുമെന്ന് നിയമ വിദഗ്ദര്‍

 

1

 

സൗദി അറേബ്യ: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് 3,000 മുതല്‍ 15,000 റിയാല്‍ വരെ കമ്മീഷനായി പറ്റുന്ന വ്യക്തികളായ സ്പോണ്സര്‍മാരുടെ ശിക്ഷയെ സംബന്ധിച്ച് തൊഴില്‍ മന്ത്രാലയ വക്താവിന്റെ വിശദീകരണം അവ്യക്തത നിറഞ്ഞതാണെന്ന് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനു പണവും കമ്മീഷനും ആവശ്യപ്പെടുന്ന സ്പോണ്സര്‍മാര്‍ക്കെതിരെ നടപടികളെടുക്കാനും ശിക്ഷ നല്‍കാനും കഴിയുന്ന നിയമപരമായ വകുപ്പുകള്‍ ഇപ്പോള്‍ നിലവിലില്ലെന്നും ഇക്കാര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മാത്രമേ തൊഴില്‍ മന്ത്രാലയത്തിനു കഴിയൂ എന്ന തൊഴില്‍ മന്ത്രാലയ വക്താവിന്റെ പ്രസ്താവന നിയമപരമായി ശരിയല്ല എന്നാണു നിയമ വിദഗ്ദര്‍ പറയുന്നത്.

സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 40 (3) പ്രകാരം തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള ചെലവ് വഹിക്കേണ്ടത് ആരുടെ കീഴിലേക്കാണോ മാറുന്നത്, ആ സ്പോണ്സര്‍ ആണെന്ന് വ്യക്തമാക്കുന്നു. അത് നിയമ പ്രകാരം സ്പോന്സര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള ഉത്തരവാദിത്വമാണ്. ആ പണം തൊഴിലാളിയുടെ കയ്യില്‍ നിന്നും ഈടാക്കുന്നത് തൊഴില്‍ നിയമ ലംഘനമാണ്.

ഇപ്രകാരം ചെലവ് വഹിച്ചില്ലെങ്കില്‍ എന്താണ് ശിക്ഷ എന്ന് തൊഴില്‍ നിയമത്തില്‍ പ്രത്യേകമായി പറയുന്നില്ല എന്നത് ശരിയാണ്. എന്നാല്‍ തൊഴില്‍ നിയമത്തിലെ ഏതെങ്കിലുമൊരു വകുപ്പിന്റെ ലംഘനത്തിന് പ്രത്യേകമായി ശിക്ഷ വ്യക്തമാക്കിയിട്ടില്ലെന്കില്‍ ആ കുറ്റത്തിന് വകുപ്പ് 239 പ്രകാരമുള്ള പൊതുവായ ശിക്ഷ ബാധകമാണെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് പ്രകാരം 2,000   റിയാലില്‍ കുറയാത്തതും 5,000 റിയാലില്‍ കൂടാത്തതുമായ ശിക്ഷ കുറ്റക്കാര്‍ക്ക് മേല്‍ ചുമത്താവുന്നതാണ്. ഇക്കാര്യത്തില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുള്ളത് ശരിയാണ്. എങ്കിലും ഇത്തരം വകുപ്പുകള്‍ സൗദി തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെട്ടിരിക്കെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല എന്ന വിശദീകരണം വിദേശ തൊഴിലാളികളെ ആശയക്കുഴപ്പത്തിലാക്കും എന്നും വിദഗ്ദര്‍ പറയുന്നു.

സൗദി തൊഴില്‍ നിയമത്തിലെ വകുപ്പുകള്‍ നടപ്പിലാക്കുമ്പോള്‍ ‘ശരിഅ’ നിയമ വ്യവസ്ഥകള്‍ കൂടി പാലിക്കണമെന്ന് സൗദി തൊഴില്‍ നിയമത്തില്‍ പ്രത്യേക വ്യവസ്ഥയുള്ളതിനാല്‍ ഇത്തരം കുറ്റങ്ങള്‍ക്ക് ധാര്‍മികമായും മതപരമായും അയാള്‍ തെറ്റുകാരനാവും എന്ന്  നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

സ്പോണ്സര്‍ഷിപ്പ് മാറ്റത്തിന് പണവും കമ്മീഷനും നല്‍കേണ്ടതില്ലെന്ന് പണം നല്‍കുന്ന വിദേശ തൊഴിലാളികള്‍ക്ക് അറിയാമെന്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സമയ പരിമിതി മൂലം അവര്‍ അതിനു നിര്‍ബന്ധിതരായി തീരുകയാണ്. ഈ പരിമിതി മുതലെടുത്താണ് സ്പോണ്‍സര്‍മാര്‍ ഫീസായും കമ്മീഷനായും വന്‍തുക തട്ടിയെടുക്കുന്നത്.

Permanent link to this article: http://pravasicorner.com/?p=10210

Copy Protected by Chetan's WP-Copyprotect.