«

»

Print this Post

സൗദിയില്‍ പുതിയ കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നവരുടെ പ്രൊബേഷന്‍ കാലാവധി തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി

 

1

 

സൗദി അറേബ്യ: നിതാഖാത്‌ പ്രശ്നങ്ങളില്‍ പെട്ട് പുതിയ കമ്പനികളിലേക്കു സ്പോണ്സര്‍ഷിപ്പ് മാറുന്ന വിദേശ തൊഴിലാളികളെ ചില സ്ഥാപനങ്ങള്‍ ആറു മാസത്തെ പ്രൊബേഷന്‍ കാലാവധിയില്‍ നിയമിച്ചു കൊണ്ടുള്ള തൊഴില്‍ കരാറില്‍ നിര്‍ബന്ധിച്ചു ഒപ്പിടുവിക്കുന്നുവെന്നു പരാതികള്‍ ഉയരുന്നു.

തൊഴിലാളികളുടെ തൊഴില്‍ നിയമ സംബന്ധമായ അജ്ഞത മുതലെടുത്തു കൊണ്ടാണ് ചില കമ്പനികളും സ്ഥാപനങ്ങളും ഇത് മുതിരുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലവും പലരും ഇതിനു വഴങ്ങുന്നു. പ്രൊബേഷന്‍ കാലാവധിയില്‍ തൊഴിലാളിയുടെ പ്രകടനം തൃപ്തികരമല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചു വിടാന്‍ കഴിയും എന്ന നിയമ പഴുത് ദുരുപയോഗം ചെയ്യുന്നതിനാണ് ചില തൊഴിലുടമകള്‍ ഇപ്രകാരം വകുപ്പുകള്‍ ഉള്‍പ്പെടുത്തി തൊഴില്‍ കരാറുകളില്‍ ഒപ്പ് വെപ്പിക്കുന്നത്.

പുതിയ നിയമ പ്രകാരമാണ് ഇത്തരമൊരു വകുപ്പ് തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തുന്നത് എന്നാണു തൊഴിലുടമകള്‍ തെറ്റിദ്ധരിപ്പിക്കുന്നത്. ഇത് അങ്ങേയറ്റം നിയമ വിരുദ്ധമാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ അത്തരമൊരു നിര്‍ദ്ദേശത്തിനു ശൂരാ കൌണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അത് ബാധകം സ്വദേശി തൊഴിലാളികള്‍ക്ക് മാത്രമാണ്.

ഒരു തൊഴിലാളിയെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിനു മുന്‍പ് ജോലിയുമായി ഒത്തു പോകുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും തൊഴിലാളിയുടെ കഴിവുകള്‍ അളക്കുന്നതിനും വേണ്ടി തീരുമാനിക്കപ്പെടുന്ന പരിശീലന കാലാവധിയാണ് പ്രൊബേഷന്‍ സമയ പരിധി.ഈ സമയ പരിധിക്കുള്ളില്‍ തൊഴിലുടമക്ക് തൊഴിലാളിയുടെ പ്രകടനത്തില്‍ തൃപ്തിയില്ലെന്കില്‍ അയാളെ നീക്കം ചെയ്യാവുന്നതാണ്.നിബന്ധനകള്‍ക്ക് വിധേയമായി തൊഴിലാളിക്കും ജോലി ഉപേക്ഷിക്കാവുന്നതാണ്.

2013 ജനുവരി 20 നു സ്വദേശികളുടെ പ്രൊബേഷന്‍ കാലാവധി ആറു മാസമാക്കി നിശ്ചയിച്ചു ശൂരാ കൌണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളിയുടെ പ്രൊബേഷന്‍ കാലാവധി 180 വരെ ആക്കണമെന്നു കാണിച്ചു തൊഴില്‍ മന്ത്രാലയം സമര്‍പ്പിച്ച തൊഴില്‍ നിയമ ഭേദഗതിക്കാണ് ശൂരാ കൌണ്‍സിലിലെ മാനവ വിഭവശേഷി കമ്മിറ്റി അംഗീകാരം നല്‍കിയത്.

പക്ഷെ അത് ബാധകം സ്വദേശി തൊഴിലാളികള്‍ക്ക് മാത്രമാണ്.വിദേശ തൊഴിലാളികള്‍ക്ക് 90 ദിവസം തന്നെയാണ് ഇപ്പോഴും പ്രൊബേഷന്‍ കാലാവധി. അതില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ഈദുല്‍ ഫിതര്‍, ഈദുല്‍ അദുഹ, മെഡിക്കല്‍ അവധികള്‍ എന്നിവ കൂടാതെയാണ് ഈ 90 ദിവസം കണക്കാക്കേണ്ടത്. പ്രസ്തുത വിവരം തൊഴില്‍ കരാറില്‍ വ്യക്തമായി കാണിച്ചിരിക്കണമെന്നും തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്.

 

Permanent link to this article: http://pravasicorner.com/?p=10245

Copy Protected by Chetans WP-Copyprotect.