«

»

Print this Post

സൗദി പ്രവാസികള്‍ കഷ്ഗരിയുടെ പ്രവാചക നിന്ദാ വചനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ SHARE, LIKE, TWEET ചെയ്യരുത്. നിങ്ങളും കുറ്റക്കാരാകും

 

സൗദി അറേബ്യ യിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്‌,

മതനിന്ദയും പ്രവാചകനിന്ദയും നടത്തിയതിനു സൗദി എഴുത്തുകാരന്‍ ഹംസ കാഷ്ഗിരിയെ മലേഷ്യയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു സൗദി അറേബ്യക്ക് കൈമാറി എന്ന റിപ്പോര്‍ട്ട്‌ നിങ്ങള്‍ വായിച്ചു കാണും. ഇന്നത്തെ ചില പത്രങ്ങളും ഇന്റര്‍നെറ്റ്‌ എഡിഷനുകളും അദ്ദേഹം എഴുതിയ വാക്കുകളുടെ അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.. സൗദിയിലുള്ള പ്രവാസികള്‍ ആ വാക്കുകള്‍ ഫേസ്ബുക്കിലൂടെ പോസ്റ്റ്‌ ചെയ്യുകയോ, ലൈക്‌ ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ,  ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അത് ദൈവ നിന്ദയും പ്രവാചക നിന്ദയും പ്രചരിപ്പിക്കുക എന്ന ഗണത്തില്‍ പെടുന്നു. സൌദിയിലെ ഏറ്റവും വലിയ കുറ്റമാണിത്.

സൗദി അറേബ്യയില്‍ മറ്റു മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുകയോ അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനോ ഉള്ള അനുവാദമോ നല്‍കുന്നില്ല. ഇസ്ലാമല്ലാതെ മറ്റൊരു മതത്തിന്റെയും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കുന്നുമില്ല. പ്രവാചകന്‍ ജനിച്ചു വളര്‍ന്ന മണ്ണ് എന്നതിനാല്‍ പ്രവാചക നിന്ദക്ക് വൈകാരികമായ ഒരു തലം കൂടി സൗദി അറേബ്യയിലെ ജനങ്ങളും അധികാരികളും കല്‍പ്പിച്ചു നല്‍കുന്നു. ഇസ്ലാം മാത്രം ജീവിതചര്യയും പരലോകമോക്ഷം ലക്ഷ്യവുമായി ജീവിക്കുന്ന സൗദികളായ കടുത്ത മതഭക്തര്‍ക്ക്‌ ഇതെല്ലാം സഹിക്കാവുന്നതിനപ്പുറമാണ്. ആശയ പ്രകടന സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും മൌലികാവകാശമാക്കിയ നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഇതിലെ അപകടം പെട്ടെന്ന് മനസ്സിലായെന്നു വരില്ല. എന്നാല്‍ അറിഞ്ഞോ അറിയാതെയോ നിങ്ങളും പ്രവാചക നിന്ദ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന് വ്യാഖ്യാനിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. രാജ്യത് നിന്ന് പുറത്താവാന്‍ അത് തന്നെ ധാരാളം. ഈ കാരണത്താല്‍ ഇവിടെ നിന്നും പുറത്താക്കുക എന്നത് തന്നെ ഏറ്റവും ചെറിയ ശിക്ഷയാണ്.

ഇവിടെ കാശ്ഗരിയെ ഉടനെ അറസ്റ്റ്‌ ചെയ്യാന്‍ രാജാവ് തന്നെ നേരിട്ട് ഉത്തരവിറക്കി കഴിഞ്ഞു. മലേഷ്യയില്‍ അയാള്‍ പിടിയിലാവുകയും സൗദി അറേബ്യക്ക് കൈമാറുകയും ചെയ്തു. കോടതി വധശിക്ഷ വിധിച്ചവര്‍ക്ക് പോലും മാപ്പ് നല്കാനധികാരമുള്ള രാജാവ് തന്നെയാണ് അറസ്റ്റിനു ഉത്തരവിട്ടത് എന്നതിനാല്‍ രാജകാരുണ്യത്തിനുള്ള സാധ്യതയും കുറവ്. കടുത്ത മതഭക്തരായ ജഡ്ജിമാരടങ്ങുന്ന കോടതിയും മറിച്ചൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ല. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എന്തെങ്കിലും മാറ്റങ്ങള്‍ക്കു മാത്രമേ സാധ്യതയുള്ളൂ. പ്രവാചക നിന്ദ ആയതിനാല്‍ അതിനും വളരെ നേരിയ സാധ്യത മാത്രം. 

ആശയ പ്രകടനങ്ങള്‍ക്ക്‌ പൂര്‍ണ സ്വാതന്ത്ര്യമുള്ള നാടുകളില്‍ നിന്ന് പോലും പ്രവാചക നിന്ദക്കെതിരെ കടുത്ത പ്രതിഷേധമുയരുമ്പോള്‍ തിരുഗേഹങ്ങളുടെ നാടായ സൌദിയില്‍ അതിന്റെ തീവ്രത എത്രത്തോളം ഉണ്ടാവും എന്ന് ഊഹിക്കുക. അതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ മേല്‍പറഞ്ഞവ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഉചിതം.

Permanent link to this article: http://pravasicorner.com/?p=1025

Copy Protected by Chetan's WP-Copyprotect.