അനധികൃത തൊഴിലാളികള്‍ക്ക് എതിരെയുള്ള നടപടി: കുവൈറ്റില്‍ നിന്നും തിരിച്ചു വരവ് തുടങ്ങി

0
1

 

1
കുവൈറ്റില്‍ പരിശോധനയില്‍ പിടിക്കപ്പെട്ട അനധികൃത തൊഴിലാളികളെ ജയിലുകളിലേക്ക് കൊണ്ട് പോകുന്നു

 

കുവൈറ്റ്/ന്യൂഡല്‍ഹി: അനധികൃത തൊഴിലാളികള്‍ക്ക് എതിരെയുള്ള നടപടികള്‍ കുവൈറ്റ് കര്‍ശനമാക്കിയതോടെ പരിശോധനയില്‍ കുടുങ്ങിയ തൊഴിലാളികളുടെ തിരിച്ചു വരവ് ആരംഭിച്ചു. 

നിയമപരമായ രേഖകള്‍ ഇല്ലാത്തതിനാല്‍ കുവൈറ്റ് നാടുകടത്തിയ 12 മലയാളികള്‍ അടക്കമുള്ള 61 ഇന്ത്യക്കാര്‍ വെള്ളിയാഴ്ച എയര്‍ അറേബ്യയുടെ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തി.നിരവധിയാളുകളെ ഇനിയും കയറ്റി വിടുന്നതിനു തയ്യാറെടുക്കുന്നതായാണ് അറിവ്. 

പിടിയിലായ നൂറു കണക്കിന്  ഇന്ത്യക്കാര്‍ അടക്കം ആയിരക്കണക്കിനു പേര്‍ കുവൈറ്റ് ജയിലുകളില്‍ പരിതാപകരമായ അവസ്ഥയില്‍ ദുരിതം അനുഭവിക്കുന്നതായി നാട്ടിലെത്തിയവര്‍ പറയുന്നു. ജയിലുകള്‍ നിറഞ്ഞതിനാലാണ് തങ്ങളെ കയറ്റി വിട്ടതെന്നു നാട്ടിലെത്തിയവര്‍ പറയുന്നു. ഷുവൈഖിലെ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. 

പരിതാപകരമായ ആരോഗ്യാവസ്ഥയില്‍ ആണ് നാട് കടത്തപ്പെട്ടവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യത്തിന് ഭക്ഷണം പോലും ലഭിച്ചില്ല എന്നവര്‍ വെളിപ്പെടുത്തി.

മതിയായ കാരണമില്ലതെയാണ് തങ്ങളെ കുവൈറ്റ് പോലീസ്‌ പിടികൂടിയതെന്ന് നാട് കടത്തപ്പെട്ടവര്‍ പറയുന്നു. ജയിലില്‍ രണ്ടു നേരം മാത്രമാണ് ഭക്ഷണം നല്‍കിയത്. പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ആണ് ഇപ്പോഴും ഉള്ളത്. നാട് കടത്തുന്നതിനു മുന്പ് തൊഴിലുടമകളില്‍ നിന്നും ലഭിക്കാനുള്ള ശമ്പള കുടിശ്ശികയോ ആനുകൂല്യങ്ങളോ ലഭിക്കുന്നതിനായി ബന്ധപ്പെടുന്നതിന് പോലും അനുവദിച്ചില്ല.

ഇവരെ നാട് കടത്തുന്ന വിവരം സര്‍ക്കാരുകളെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മാധ്യമങ്ങളില്‍ നിന്നും വിവരം അറിഞ്ഞ ഉടന്‍ ഇവരെ മന്ത്രി കെ.സി.ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൌസിലേക്ക് മാറ്റി.ഭക്ഷണമടക്കം ആവശ്യ സൌകര്യങ്ങള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. ഇവര്‍ക്ക് കേരളത്തിലെത്തുന്നതിനായി 2000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ട്രെയിന്‍ ടിക്കറ്റിനായി നല്‍കി. 

കുവൈറ്റില്‍ ഖാദിം വിസയില്‍ എത്തി മറ്റു ജോലി ചെയ്തിരുന്നവരെയാണ് പിടി കൂടി നാട് കടത്തിയിട്ടുള്ളത് എന്നാണു ഔദ്യോഗിക വിവരം.ഇവരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ കുവൈറ്റ് അധികൃതര്‍ കര്‍ശനമാക്കിയിരുന്നു.പരിശോധന കര്‍ശനമാക്കിയതോടെ പുറത്തിറങ്ങാതായ നിയമ ലംഘകരെ പിടികൂടുന്നതിനായി ഇപ്പോള്‍ താമസ സ്ഥലങ്ങളിലും കയറി പരിശോധന നടത്തുന്നുണ്ട്. 

പരിശോധനകള്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായെങ്കിലും ഏറെ ഇന്ത്യക്കാര്‍ പിടിക്കപ്പെട്ടുവെങ്കിലും സംഭവത്തിന്റെ ഗുരുതരാവസ്ഥ ഗവര്‍മെന്റിനെ ധരിപ്പിക്കുന്നതില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി പരാജയപ്പെട്ടു എന്നാണു പ്രധാന ആരോപണം. അത് കൊണ്ട് തന്നെ പ്രശ്നത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എത്ര പേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നോ എത്ര പേരെ നാട് കടത്തുമെന്നോ ഉള്ള കണക്കുകള്‍ ഇനിയും സര്‍ക്കാരുകളുടെ പക്കല്‍ ഇല്ല. 

കഴിഞ്ഞ ദിവസങ്ങളില്‍ മറ്റൊരു കേസിന്റെ ആവശ്യത്തിനായി മുഖ്യ മന്ത്രിയുടെ ഓഫീസ്‌ കുവൈറ്റ് എംബസ്സിയുമായി നിരന്തരം ബന്ധപ്പെട്ടുവെങ്കിലും ഈ പ്രശ്നത്തെ പറ്റി എംബസ്സി ഒന്നും തന്നെ സൂചിപ്പിച്ചിരുന്നില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ ഓഫീസില്‍ നിന്നും കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയുമായും മലയാളി സംഘടനകളുമായും ബന്ധപ്പെട്ടു വിവരം ശേഖരിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 

കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും കുവൈറ്റിലെ പ്രതിസന്ധിയെ സംബന്ധിച്ച് അറിയില്ല എന്നാണു പ്രതികരിച്ചത്. എംബസ്സിയുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ അന്വേഷിച്ചു ആവശ്യമായ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.