കുവൈറ്റ്: ഇന്ത്യയിലെ കുവൈറ്റ് അംബാസഡറുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. പ്രതീക്ഷാജനകമായ ഉറപ്പുകള്‍ ഒന്നും തന്നെ അംബാസഡര്‍ നല്‍കിയില്ലെന്ന് മാത്രമല്ല ഇന്ത്യന്‍ ഗവര്മെന്റിന്റെയും കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയുടെയും അറിവോടെയാണ് അനധികൃത താമസക്കാരെ കയറ്റി വിടുന്നതെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.ഈ വെളിപ്പെടുത്തലിലൂടെ അഴിഞ്ഞു വീണത് കേന്ദ്ര സര്‍ക്കാരിന്റെയും വിദേശകാര്യ-പ്രവാസികാര്യ മന്ത്രാലയങ്ങളുടേയും അജ്ഞതയുടെ മുഖം മൂടികളാണ്.
കഴിഞ്ഞ രണ്ടു ദിവസമായി മന്ത്രിമാരും ഇവിടുത്തെ ഇന്ത്യന്‍ എംബസിയും തുടരെ പറഞ്ഞിരുന്നത് ഇന്ത്യക്കാരെ കയറ്റി വിടുന്ന കാര്യം കുവൈറ്റ് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല എന്നാണു. അതിലൂടെ മന്ത്രാലയങ്ങള്‍ക്കും എംബസിക്കും മേല്‍ ഉയര്‍ന്നു വന്ന ജനരോഷം കുറയ്ക്കാനും ഒരു പരിധി വരെ സാധിച്ചിരുന്നു. ആ പിടിവള്ളി ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.
എംബസ്സി ഇക്കാര്യത്തില്‍ അജ്ഞത ഭാവിക്കുകയാണെന്നു നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.പരിശോധനയില്‍ പിടിക്കപ്പെട്ട് നാടുകടത്തലിലൂടെ ഡല്‍ഹിയില്‍ തിരിച്ചത്തിയവരില് ഏറെയും പേര് നിരവധി ദിവസം ഇവിടുത്തെ ജയിലുകളില്‍ കഴിഞ്ഞവരാണ്. അവരെ തങ്ങളുടെ സ്പോണ്‍സര്‍മാരെ പോലും കാണാനോ ബന്ധപ്പെടാനോ അധികൃതര്‍ അനുവദിച്ചിട്ടില്ല. അവരുടെ പാസ്പോര്ട്ടുകള് അടക്കമുള്ള രേഖകള്‍ സ്പോണ്‍സര്‍മാരുടെ കൈവശമാണ്.
മതിയായ രേഖകളില്ലാത്തതിനാല്‍ എംബസ്സിയുമായി ബന്ധപ്പെട്ടാണ് കുവൈറ്റ് അധികൃതര്‍ ഇവര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ഉണ്ടാക്കിയെടുത്തത്. എംബസ്സി ഇവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്തു. ഇത്രയുമൊക്കെയായിട്ടും ‘ഔദ്യോഗികമായി അറിയിച്ചില്ല’ എന്ന പിടിവള്ളിയില്‍ തൂങ്ങി എംബസ്സിക്ക് ഇനി പിടിച്ചു നില്‍ക്കാനാവില്ല എന്നത് വ്യക്തമാണ്. ഇ.അഹമ്മദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമുള്ള കുവൈറ്റ് അംബാസഡറുടെ പ്രസ്താവനയോടെ ആ പിടിവള്ളിയും നഷ്ടമായിരിക്കുന്നു.
നിയമം നടപ്പാക്കല്‍ കുവൈറ്റിന്റെ ആഭ്യന്തര കാര്യമാണെന്നും പിടിക്കപ്പെടുന്നവര്‍ നിയമ ലംഘനം നടത്തിയവരായതിനാല് അവരുടെ കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ല എന്നൊരു വാദവും എംബസ്സി മുന്നോട്ടു വെക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ കുടിയേറുമ്പോള്‍ അതില്‍ നിയമം ലംഘിച്ചും കടക്കുന്നവരും ജോലി ചെയ്യുന്നവരും ഉണ്ടാകാം. അവരെ യാതൊരു ശിക്ഷയുമില്ലാതെ ഇറക്കി കൊണ്ട് വന്നു അവിടെ വീണ്ടും പുനരധിവസിപ്പിക്കണമെന്നു പറയുന്നില്ല. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുകയും വേണ്ട. എന്നാല്‍ പിടിക്കപ്പെട്ടവര്‍ ഇന്ത്യന്‍ പൌരന്മാര് നിയമ ലംഘകര്‍ ആണെങ്കില്‍ തന്നെയും അവരും മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരാണ് എന്ന കാര്യം വിസ്മരിക്കപ്പെട്ടു കൂടാ. വിദേശ രാജ്യത്തെ ജയിലുകളില്‍ അവരുടെ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് അറിയിക്കേണ്ട താക്കോല്‍ സ്ഥാനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടതും അവരെ നാട്ടിലെത്തിക്കേണ്ടതും എംബസ്സിയുടെ ചുമതലയാണ്.
ഇന്ത്യന്‍ എംബസ്സി നിസ്സംഗത വെടിഞ്ഞു ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.ഇപ്പൊള്‍ ആവശ്യം അജ്ഞത നടിക്കലും നിയമ ലംഘകരെയാണ് പിടികൂടുന്നതെന്ന തൊടുന്യായം പറഞ്ഞു സ്വന്തം കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നിക്കലുമല്ല. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഗവര്‍മെന്റിന്റെ പ്രതിരൂപമാണ് എംബസ്സി. എംബസ്സിക്കും പരിമിതികള്‍ ഉണ്ടാവാം. എങ്കിലും ആ പരിമിതികള്‍ക്കു ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ പിടിക്കപ്പെടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും അവരുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പു വരുത്താനും ഇന്ത്യന്‍ എംബസ്സിക്ക് സാധിക്കണം.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഒഴിഞ്ഞു മാറാതെ പരിമിതികള്‍ക്കു ഉള്ളില്‍ നിന്ന് കൊണ്ട് എങ്ങിനെ നിയമ ലംഘകരായ സ്വന്തം പൌരന്മാരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കാം എന്ന് ഇവിടുത്തെ ഇന്ത്യന്‍ എംബസ്സി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസ്സിക്ക് പഠിക്കട്ടെ. ഒരു പാടുണ്ടാവും പഠിക്കാന്‍.