കുവൈറ്റില്‍ ഷെയറിംഗ് താമസക്കാരായ സ്ത്രീ പുരുഷന്മാരെ വലയിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.

0
1

 

1

 

കുവൈറ്റ്‌: അന്യ സ്ത്രീ പുരുഷന്മാര്‍ ഒരു ഫ്ലാറ്റ് പങ്കിട്ടു താമസിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മോറല്‍ ഗൈഡന്‍സ്‌ ഡയരക്ടര്‍ കേണല്‍ ആദില്‍ ഹഷാഷ്  വ്യക്തമാക്കി.

അന്യ സ്ത്രീ പുരുഷന്മാര്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ താമസിക്കുന്ന രീതി കുവൈറ്റിന്റെ പൊതു സദാചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരം താമസ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ പോലീസിനു അധികാരമുണ്ട്. വാറണ്ടുമായി വരുന്ന പോലീസുകാരെ തടയരുതെന്നും അവരോടു സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ്‌ വരുമ്പോള്‍ വാതില്‍ തുറക്കുന്നതിനു വിസമ്മതിച്ചാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പോലീസ്‌ അവരുടെ ജോലിയാണ് ചെയ്യുന്നത്. കുറ്റം ചെയ്യുന്നവരെ മാത്രമാണ് പിടികൂടുക. അതിനാല്‍ എല്ലാവരും പരിഭ്രാന്തരാകേണ്ടതില്ല.പോലീസിന്റെ പരിശോധനയെ സംബന്ധിച്ചു പരാതിയുള്ളവര്‍ക്ക് പരാതി നല്‍കാം. ഒരു അഭിഭാഷകന്‍ മുഖേന പരാതി നല്കുന്നതാണ് നല്ലതെതെന്നും, ക്രിമിനല്‍ റെക്കോര്‍ഡ്‌ ഉള്ളവരോട് പോലീസിന്റെ സമീപനം വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

ഇപ്പോള്‍ കുവൈറ്റില്‍ കുടുംബത്തെ സ്പോണ്സര്‍  ചെയ്യുന്നതിന് വേണ്ട കുറഞ്ഞ വരുമാനം 250 ദീനാര്‍ ആണ്. ഈ തുകക്ക് നല്ല താമസ സ്ഥലം ലഭ്യമല്ല. അതിനാലാണ് ആളുകള്‍ ഷെയറിംഗ് ഫ്ലാറ്റുകള്‍ തിരഞ്ഞെടുക്കുന്നത്. ഈ നിയമ വിരുദ്ധ രീതി ഇപ്പോള്‍ വളരെയധികം വ്യാപകമായിരിക്കുന്നു. അബ്ബാസിയിലാണ് ഏറ്റവും അധികം ഷെയറിംഗ് താമസക്കാര്‍ ഉള്ളത്. ഈ ആഴ്ചയില്‍ തന്നെ ശക്തമായ പരിശോധന ഉണ്ടാകുമെന്ന അഭ്യൂഹം പരന്നതിനാല്‍ താമസക്കാര്‍ ഭീതിയിലാണ്.