«

»

Print this Post

തെറ്റ് ചെയ്‌താല്‍ എംബസ്സി സഹായത്തിനുണ്ടാവില്ല

പ്രശസ്ത മലയാളി പിന്നണി ഗായകന്‍ മാര്‍ക്കോസിനു സൗദി അറേബ്യയിലെ അനുവാദമില്ലാത്ത പരിപാടിയില്‍ പങ്കെടുത്തതിന് പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധാത്തെ തുടര്‍ന്നും അടുത്ത കാലത്തായി പ്രവാസികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെയും അനിസ്ലാമിക പ്രവര്‍ത്തനങ്ങളുടെയും ആശാസ്യമല്ലാത്ത പെരുമാറ്റങ്ങളുടെയും പേരില്‍ ഉയരുന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തില്‍  പ്രവാസി ഇന്ത്യന്‍ സമൂഹത്തിനു റിയാദിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

പ്രവാസി സമൂഹത്തിനാകമാനം പത്രകുറിപ്പിലൂടെ ഒരു മുന്നറിയിപ്പ് നല്‍കുക എന്നതിലുപരി ഇത്തരം പെരുമാറ്റങ്ങളുടെ പേരിലും കുറ്റകൃത്യങ്ങളുടെ പേരിലും പിടിയിലാവുന്നവര്‍ സഹായത്തിനായി അധികൃതരെ സമീപിക്കേണ്ടതില്ലെന്നും ഭവിഷ്യത്തുകള്‍ സ്വയം അനുഭവിക്കേണ്ടി വരുമെന്നുമുള്ള ഒരു പരോക്ഷ താക്കീതാണ് ഇതിലൂടെ എംബസ്സി നല്‍കുന്നത്.

ഭാവിയില്‍ പ്രാദേശിക അധികൃതരില്‍ നിന്ന് ആവശ്യമായ അനുവാദം വാങ്ങിയതിന് ശേഷം മാത്രമേ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ എന്ന് എംബസി നിര്‍ദേശിക്കുന്നു. കൂടാതെ സൌദിയില്‍ താമസിക്കുന്ന പ്രവാസി സമൂഹം വസ്ത്രധാരണത്തിലും, പെരുമാറ്റത്തിലും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിപ്പിക്കണമെന്നും എംബസി ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.

അനുവാദമില്ലാതെ സൌദിയിലെ ഖത്തീഫ് ‘അല്‍നുസൈഫ്’ ഫാമില്‍ സംഗീത പരിപാടി സംഘടിപ്പിച്ചതിനു ശേഷം അന്വേഷണത്തിന് പോലീസ്‌ എത്തിയപ്പോള്‍ സംഘാടകര്‍ മുങ്ങിയതിനെതുടര്‍ന്നു വിശിഷ്ടാതിഥിയായ ഗായകന്‍ മാര്‍ക്കോസ്, ‘പുലിജന്മം’ സിനിമയുടെ നിര്‍മാതാവും പ്രവാസി വ്യവസായിയുമായ എം.ജെ.വിജയ്‌ എന്നിവരെ പോലീസും മതകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന സംഘമെത്തി കസ്റഡിയില്‍ എടുത്തിരുന്നു. പരിപാടിയുടെ സംഘാടകര്‍ ‘മുങ്ങി’യതിനാലാണ് ഗാനമേളയുടെ കൂപ്പണില്‍ ഫോട്ടോയുള്ള മാര്‍ക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.സാമൂഹിക പ്രവര്‍ത്തകരുടെയും കേന്ദ്ര മന്ത്രി ഇ.അഹമ്മദ്‌, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി അപ്പോള്‍ സൗദി സന്ദര്‍ശനം നടത്തുകയായിരുന്ന കെ.സുധാകരന്‍ എം.പി അടക്കമുള്ള നേതാക്കന്മാരുടെയും ഇടപെടലിനെ തുടര്‍ന്ന് രണ്ടു ദിവസത്തിന് ശേഷം ആവശ്യമായ നടപടികള്‍ എടുത്തു വിട്ടയക്കുകയും ചെയ്തിരുന്നു. അഞ്ചു ദിവസത്തെ ദുരനുഭവങ്ങള്‍ക്ക്  ശേഷം കഴിഞ്ഞ ദിവസമാണ് മാര്‍ക്കോസ് കേരളത്തില്‍ തിരിച്ചെത്തിയത്.

എന്നിരുന്നാലും ആവശ്യമായ അനുവാദവും തയ്യാറെടുപ്പുമില്ലാതെ സൗദി പോലൊരു രാജ്യത് നിലവിലുള്ള നിയമങ്ങള്‍ മാറി കടന്നു കൊണ്ടു, അതും സംഘര്‍ഷം പുകയുന്ന പ്രദേശത്തിന് സമീപത്തായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരെയും, ഒടുവില്‍ ക്ഷണിച്ചു കൊണ്ട് വന്ന വിഷിഷ്ടാതിഥികളെ പോലീസിനു വിട്ടു കൊടുത്തു കൊണ്ട് പിന്നണിയില്‍ മറഞ്ഞു നിന്നവര്‍ക്കെതിരെയും പ്രവാസി സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദുബായിയും ബഹറിനുമെല്ലാം മാതൃകയാക്കാന്‍ ശ്രമിക്കുന്ന ഈ പുതുതലമുറക്ക് സൗദി നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയല്ല മറിച്ചു അശ്രദ്ധയും അമിത വിശ്വാസവും ആണ് ഇതിലേക്ക് നയിച്ചത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. പത്തു പേര്‍ കൂടുതല്‍ സംഘടിക്കുന്ന ഏതു പരിപാടിക്കും അനുമതി ആവശ്യമാണ് എന്ന കാര്യം സൌദിയിലെ കൌമാരക്കാര്‍ക്ക് പോലും അറിയാവുന്ന കാര്യം സ്വന്തം പ്രശസ്തിക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി സൌകര്യപൂര്‍വ്വം മറന്നു എന്നാണു സംഘാടകര്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.  

വസ്തധാരണത്തെപ്പറ്റിയും പെരുമാറ്റത്തെപ്പറ്റിയും എംബസ്സി പത്രകുറിപ്പില്‍ ഉള്ള പരാമര്‍ശം ജിദ്ദയിലും പരിസരപ്രദേശങ്ങളിലും അടുത്ത കാലത്തായി ഉണ്ടാവുന്ന കൌമാരക്കാരും അടങ്ങുന്ന പ്രവാസി സംഘങ്ങളുടെ വിളയാട്ടത്തിന്റെ പശ്ചാത്തലതിനാണ് എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. പ്രവാസി സമൂഹത്തിനാകമാനം നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തികളും പെരുമാറ്റവുമാണ് അടുത്ത കാലത്തായി ഈ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. ശക്തമായ പിന്‍ബലത്തോടെ കാട്ടിക്കൂട്ടുന്ന ഈ പേക്കൂത്തുകള്‍ക്കെതിരെ പത്ര മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അനധികൃത പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും ഇത്തരക്കാര്‍ ഏറെ മുന്നിലാണ് എന്നും ആരോപിക്കപ്പെടുന്നു.

Permanent link to this article: http://pravasicorner.com/?p=1077

Copy Protected by Chetan's WP-Copyprotect.