«

»

Print this Post

പ്രവാസി ബിസിനെസ്സുകാരുടെ ഭാവി ?

പതിറ്റാണ്ടുകളായി സൌദിയുടെ ചെറുകിട/വന്‍കിട ബിസിനെസ്സ്‌-വ്യവസായ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വലിയ പ്രവാസി  വിഭാഗം ഇവിടെത്തെ ബിസിനെസ്സ്‌ സമൂഹത്തിലുണ്ട്. സൗദിയിലെ ചെറുകിട/ഇടത്തരം ബിസിനെസ്സുകാര്‍ നിതഖാത് പദ്ധതിയുടെ പുരോഗതിയെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഇവിടെ നേരിട്ട് നിക്ഷേപമിറക്കിയവരും കവര്‍ അപ്പ്‌ (ബിനാമി) ബിസിനെസ്സ്‌ ചെയ്യുന്നവരും ഉണ്ട്. അതില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്‍റ്റ്‌ ആക്റ്റ്‌ പ്രകാരം പണം ഇന്‍വെസ്റ്റ്‌ ചെയ്തിട്ടുള്ള ബിസിനസ്സുകാര്‍ വളരെ കുറവാണ്. അധികം പേരും സൗദി സ്പോന്സരെ ബിനാമിയാക്കീ മുന്നില്‍ നിര്‍ത്തിക്കൊണ്ട് കവര്‍ അപ്പ്‌ ബിസിനെസ്സ്‌ ചെയ്യുന്നവരാണ്. ഇവര്‍ തങ്ങളുടെ സ്പോന്സര്‍ക്ക് പ്രതിമാസമോ അല്ലെങ്കില്‍ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനമോ പ്രതിഫലമായി നല്‍കുന്നവരാണ്. ഇവരെ സംബന്ധിച്ചിടത്തോളം മുഴുവന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ഉം അവരുടേത് മാത്രമാണ്. അതിനാല്‍ തന്നെ എന്തെങ്കിലും തരത്തിലുള്ള പ്രതിസസന്ധികള്‍ ഉണ്ടായാല്‍ മുഴുവന്‍ അനനന്തര ഫലങ്ങളും സഹിക്കേണ്ടി വരിക അവര്‍ മാത്രമായിരിക്കും.

ഇത്തരക്കാര്‍ അധികവും ആശ്രയിക്കുന്നത് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരെയാണ്. കുറഞ്ഞ വിലക്ക് കിട്ടുന്ന ഇവരെ വെച്ച് പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ വില കുറഞ്ഞ വിദേശ തൊഴിലാളികളുടെ സ്ഥാനത്ത്‌ കൂടുതല്‍ വിലയും കുറഞ്ഞ ഉല്പാദനക്ഷമത കുറഞ്ഞതുമായ സ്വദേശികളെ നിരബന്ധമായി ജോലിക്ക് വെക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതു വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. ഇത് ഇവരുടെ ലാഭാത്തിനെയും, സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമതയെയും അച്ചടക്കത്തെയും സാരമായി ബാധിക്കുന്നു.

ഇത്തരം വിദേശ ജോലിക്കാരെ ശരിയായ രീതിയില്‍ അടക്കി നിര്‍ത്തി ജോലിയെടുപ്പിക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ല എന്നവര്‍ ഭയപ്പെടുകയും ചെയ്യുന്നു. അതേ സമയം സ്വന്തം പൌരന്മാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്താനുള്ള അധികൃതരുടെ ശ്രമങ്ങളെ എതിര്‍ക്കാനും സാധിക്കില്ല.

മാത്രമല്ല ഇവര്‍ തങ്ങളുടെ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസ അധികവും സമ്പാദിക്കുന്നത് കരിഞ്ചന്തയില്‍ നിന്നാണ്. ഇത്തരം ജോലിക്കാരെ നിതാഖാത്‌ കണക്കെടുപ്പ് വേളയില്‍ വര്‍ക്ക്‌ വിസ ഇഷ്യു ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായാണ് പരിഗണിക്കുക. അത് കൊണ്ട് തന്നെ ഏതെന്കിലും തരത്തിലുള്ള ലേബര്‍ ഓഫീസുകളുടെ പരിശോധനകള്‍ ഉണ്ടായാല്‍ ഇത്തരം ജോലിക്കാര്‍ പിടിക്കപ്പെടുകയും ചെയ്യും. ഇത് സ്ഥാപനത്തിന്റെ നില നില്‍പ്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

മറ്റൊന്ന് ഇടത്തരം അല്ലെങ്കില്‍ ചെറുകിട ബിസിനെസ്സുകാരുടെ സ്വന്തം വിസയാണ്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഒരുവന്റെ സ്പോണ്സര്‍ നന്നായാല്‍ അയാള്‍ 99% രക്ഷപ്പെട്ടു എന്നാണ് പറയുക. ഇവര്‍ ‘ഫ്രീ വിസ’ എന്നറിയപ്പെടുന്ന കഫാല സമ്പ്രദായത്തിലൂടെ രാജ്യത്തേക്ക് കടന്നു വന്നവര്‍ ആയിരിക്കും. ഇവരുടെ സ്പോന്സര്മാര്‍ ചിലപ്പോള്‍ ചുവപ്പ് കാറ്റഗറിയില്‍ പെട്ടവരും ആയിരിക്കും. അതിനാല്‍ ഇവര്‍ നിലനില്‍പ്പിന് വേണ്ടി ഒരു പുതിയ സ്പോന്സരെ കണ്ടെത്തി തന്റെ മുഴുവന്‍ ഇന്‍വെസ്റ്റ്‌മെന്റും പുതിയ സ്പോന്സരുടെ കീഴിലേക്ക് മാറേണ്ടി വരും.

ഇത്തരം സാഹചര്യത്തില്‍ പഴയ സ്പോണ്‍സറില്‍ നിന്നും പുതിയ സ്പോണ്‍സറില്‍ നിന്നും ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരും. ചില സ്പോന്സര്മാര്‍ ഇത്തരം മാറ്റങ്ങള്‍ക്കു സമ്മതിക്കാതെ ഫൈനല്‍ എക്സിറ്റ്‌ വിസയില്‍ പറഞ്ഞയച്ചു എന്ന് വരാം. ചില സ്പോന്സര്മാര്‍ അവരുടെ കച്ചവട സ്ഥാപനങ്ങള്‍ സ്വന്തമാക്കിയെന്നു വരാം. ചിലര്‍ സ്പോന്സര്ഷിപ്പ്‌ മാറ്റത്തിന് വന്‍ തുക ആവശ്യപ്പെട്ടു എന്നും വരാം.

ഈ കടമ്പകളൊക്കെ കടന്നു പുതിയ സ്പോണ്സറെ കണ്ടെത്തിയാല്‍ തന്നെ അയാള്‍ ഭാവിയില്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുമോ,  കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുമോ എന്നുള്ള കാര്യങ്ങള്‍ എല്ലാം തന്നെ അനിശ്ചിതത്വത്തില്‍ ആണ്. ഒരു പ്രാദേശിക പത്രം ഈ അടുത്ത പുറത്തിറക്കിയ ഒരു വെളിപ്പെടുത്തല്‍ പ്രകാരം സൌദിയിലെ ഇടത്തരം/ചെറുകിട വില്‍പ്പന രംഗത്ത് 80 ശതമാനത്തോളം വരുന്ന വിദേശികളുടെ 140 ബില്യന്‍ റിയാലോളം നിക്ഷേപം ഉണ്ട്. പലരും തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു കൊണ്ട് സ്വന്തം നാട്ടിലെ അക്കൌന്റുകളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

ഇവിടെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ആക്ട്‌ പ്രകാരം നിക്ഷേപമിറക്കിയവര്‍ താരതമ്യേന സുരക്ഷിതരാണ്.അവര്‍ക്ക് അവരുടെ ബിസിനസ് വിഭാഗത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സ്വദേശിവല്‍ക്കരണ അനുപാതം പൂര്‍ത്തീകരിച്ചാല്‍ പിന്നെ യാതൊന്നും ഭയപ്പെടേണ്ടതില്ല. പക്ഷെ ഇക്കൂട്ടര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.

എന്നാല്‍ കവര്‍ അപ്പ്‌ ബിസിനെസ്സ്‌ ചെയ്യുന്നവര്‍ക്ക് നഷ്പ്പെടാന്‍ പലതുമുണ്ടാകും. എങ്കില്‍ തന്നെയും ചിത്രം വ്യക്തമാകുന്നത് വരെ പുതിയ സംരംഭങ്ങളോന്നും തന്നെ ഏറ്റെടുക്കാന്‍ വിദേശ നിക്ഷേപകര്‍ തയ്യാറാവുന്നില്ല എന്നതാണ് നിലവിലുള്ള അവസ്ഥ.

 

Permanent link to this article: http://pravasicorner.com/?p=109

Copy Protected by Chetan's WP-Copyprotect.