«

»

Print this Post

സൗദി തൊഴില്‍ നിയമം: കമ്പനികളുടെ ഓവര്‍ടൈം തട്ടിപ്പ്

 

ot

 

ഞാന്‍ സൗദി അറേബ്യയില്‍ —- കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ കമ്പനിയില്‍ ദിവസവും പത്തു മണിക്കൂറാണ് ജോലി സമയം. അതില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഓവര്‍ടൈം തരാറുണ്ട്. എന്നാല്‍ ഒരു മണിക്കൂര്‍ വേതനത്തിന്റെ തുകയാണ് ഓവര്‍ടൈം ആയി നല്‍കുന്നത്.ഇത് നിയമപരമാണോ? യഥാര്‍ത്ഥത്തില്‍ സൗദി തൊഴില്‍ നിയമ പ്രകാരം എങ്ങിനെയാണ് ഓവര്‍ടൈം കണക്കാക്കുന്നത്

 

സൗദി തൊഴില്‍ നിയമ പ്രകാരം ഒരു തൊഴിലാളിയുടെ നിയമപരമായ ജോലി സമയം ഒരു ദിവസം എട്ടു മണിക്കൂറാണ്. ആഴ്ചയില്‍ 48 മണിക്കൂറും. അതില്‍ കൂടുതല്‍ ഒരു തൊഴിലാളി ജോലി ചെയ്യേണ്ടതില്ല. ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഒരു മണിക്കൂറിന്റെ യഥാര്‍ത്ഥ വേതനവും അതിന്റെ അമ്പതു ശതമാനം കൂടുതലും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

തുടര്‍ച്ചയായി തൊഴിലാളിയെ വിശ്രമമില്ലാതെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കാന്‍ പാടില്ല. ജോലി സമയം എട്ടു മണിക്കൂര്‍ കണക്കാക്കി അതിനിടയില്‍ ഭക്ഷണം, പ്രാര്‍ത്ഥന, വിശ്രമം എന്നിവയ്ക്ക് സമയം ലഭിക്കുന്ന രീതിയില്‍ തൊഴിലുടമ ജോലി സമയം ക്രമീകരിക്കണം. ജോലി സ്ഥലത്ത് തൊഴിലാളിയെ 11 മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കുന്നതിനു ആവശ്യപ്പെടാന്‍ പാടില്ല.ഭക്ഷണം, വിശ്രമം, പ്രാര്‍ത്ഥന എന്നിവയ്ക്ക് ഉപയോഗിക്കുന്ന സമയം യഥാര്‍ത്ഥ ജോലി സമയത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.

വിശുദ്ധ റമദാന്‍ മാസത്തില്‍ ഒരു മുസ്ലീം തൊഴിലാളിയുടെ ജോലി സമയം ആറു മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു. ആഴ്ചയില്‍ 36 മണിക്കൂറും.

ഓവര്‍ടൈം കണക്കാക്കുന്നതിനു ഒരു തൊഴിലാളിയുടെ ഒരു മണിക്കൂര്‍ ജോലി സമയത്തിന്റെ വേതനം ആണ് ആദ്യം കണക്കാക്കേണ്ടത്. അതിനോട് കൂടി അതിന്റെ അമ്പതു ശതമാനം കൂടുതലും കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ ഓവര്‍ടൈം വേതനം ആയി.

ഈ ഒരു മണിക്കൂര്‍ സമയത്തെ വേതനം കണക്കാക്കുന്നതിനായി തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പളം എടുക്കുക. അതിനെ 30.4 കൊണ്ട് ഹരിക്കുക. അപ്പോള്‍ ഒരു ദിവസത്തെ വേതനം ലഭിക്കും. അതിനെ ഒരു ദിവസത്തെ സാധാരണ ജോലി സമയമായ എട്ടു കൊണ്ട് വീണ്ടും ഹരിക്കുക. അപ്പോള്‍ ഒരു മണിക്കൂര്‍ സമയത്തിന്റെ വേതനം ലഭിക്കും. അതിനെ പകുതിയാക്കി അല്ലെങ്കില്‍ രണ്ടു കൊണ്ട് വീണ്ടും ഹരിച്ചു ലഭിക്കുന്ന സംഖ്യയെ ഒരു മണിക്കൂര്‍ വേതനതോട് കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം ലഭിക്കും.

ഉദാഹരണമായി രണ്ടായിരം റിയാല്‍ അടിസ്ഥാന ശമ്പളം ഉള്ള ഒരാളുടെ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം കണ്ടു പിടിക്കുന്നത്‌ എങ്ങിനെയെന്ന് നോക്കാം.

2000 നെ 30.4 കൊണ്ട് ഹരിക്കുക. = 65.79 ഇതാണ് അയാളുടെ ഒരു ദിവസത്തെ വേതനം.

അതിനെ വീണ്ടും 8 കൊണ്ട് ഹരിക്കുക. അപ്പോള്‍ 8.23 ലഭിക്കും. ഇതാണ് അയാളുടെ ഒരു മണിക്കൂര്‍ സമയത്തെ വേതനം.

അതിനെ വീണ്ടും രണ്ടു കൊണ്ട് ഹരിക്കുക അല്ലെങ്കില്‍ പകുതിയാക്കുക. അപ്പോള്‍ 4.12 ലഭിക്കും. ഇതിനെ ഒരു മണിക്കൂര്‍ സമയ വേതനമായ 8.23 നോടെ കൂട്ടിയാല്‍ അയാളുടെ ഓവര്‍ടൈം വേതനം ആയ 12.35 ലഭിക്കും. 

എന്നാല്‍ ചില കമ്പനികള്‍ ഇത് കണക്കാക്കാന്‍ മറ്റൊരു ഫോമുല ഉപയോഗിക്കാറുണ്ട്.

അഡ്വ.ഷിയാസ് കുഞ്ഞിബാവ

അഡ്വ.ഷിയാസ് കുഞ്ഞിബാവ

അതായത് തൊഴിലാളിയുടെ മാസ ശമ്പളത്തെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയെ 365.25 കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യ എടുത്തു അതിനെ എട്ടു കൊണ്ട് വീണ്ടും ഹരിച്ചു  അതിന്റെ പകുതി കൂടി കൂട്ടി ഓവര്‍ടൈം വേതനം കണക്കാക്കുന്നു. 

ഒട്ടു മിക്ക വലിയ കമ്പനികളും ഈ ഫോര്‍മുലയാണ് ഉപയോഗിക്കുക. വലിയ രീതിയില്‍ ഓവര്‍ടൈം കൊടുക്കേണ്ടി വരുന്ന കമ്പനികള്‍ക്ക് ചെറിയ തോതിലുള്ള ലാഭം ഉണ്ടാവുമെങ്കിലും ഓരോ തൊഴിലാളിക്കും കുറവ് വരുന്ന സംഖ്യ വളരെ ചെറിയ അളവില്‍ മാത്രമായിരിക്കും.

 

Permanent link to this article: http://pravasicorner.com/?p=11167

Copy Protected by Chetan's WP-Copyprotect.