ഖത്തറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുക്കുന്നതും കുറ്റകരം

0
1

 

1
ലെഫ്‌. റിയാസ്‌ അഹമ്മദ്‌

 

ഖത്തര്‍: വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ കയ്യില്‍ വെക്കുന്നതും ഖത്തര്‍ ട്രാഫിക്‌ നിയമങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ ശിക്ഷാര്‍ഹാമെന്നും ഖത്തര്‍ ട്രാഫിക്‌ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്‌. റിയാസ്‌ അഹമ്മദ്‌ വ്യക്തമാക്കി. സംസാരിച്ചോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ട്രാഫിക്‌ ആസ്ഥാനത്ത് ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനം ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നതിന് മാത്രമല്ല മറ്റു ഏതൊരു ഉദ്ദേശത്തിനും മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിനു ഖത്തര്‍ ട്രാഫിക്‌ നിയമം അനുവദിക്കുന്നില്ല.

വാഹനം പാര്‍ക്കിംഗ് എരിയയിലോ അല്ലെങ്കില്‍ ചുവന്ന ലൈറ്റ് പ്രകാശിച്ചു കൊണ്ടിരിക്കുന്ന സിഗനലിലോ എത്തുന്നതു പോലുള്ള സമയങ്ങളില്‍ പൂര്‍ണ്ണമായി നിര്‍ത്തുമ്പോള്‍ മാത്രമേ വാഹനം ഓടിക്കുന്നവര്‍ക്ക് മൊബൈല്‍ ഉപയോഗിക്കുന്നതിനു അനുവാദമുള്ളൂ.

എന്നാല്‍ വാഹനം ചലിച്ചു കൊണ്ടിരിക്കുമ്പോഴോ, ഒരു റൌണ്ട് എബൌട്ട്‌ മുറിച്ചു കടക്കുന്നതിനു വേണ്ടിയോ അല്ലെങ്കില്‍ സിഗ്നല്‍ ഇല്ലാത്ത ഒരു റോഡു മുറിച്ചു കടക്കുന്നതിനു വേണ്ടിയോ വാഹനം നിര്‍ത്തുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഈ സമയത്ത് മൊബൈല്‍ ഫോണ്‍ കയ്യില്‍ വെക്കുന്നത് പോലും ശിക്ഷാര്‍ഹമാണ്.

ഈ സമയങ്ങളില്‍ ഫോണില്‍ സംസാരിക്കുമ്പോഴും, മെസ്സേജുകള്‍ ടൈപ്പ്‌ ചെയ്യുമ്പോഴും മറ്റും ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിച്ചു പോകാന്‍ സാധ്യതയുണ്ട്. ഇത് റോഡുകളില്‍ അവരുടെ അപകട സാധ്യത കൂടുതലാക്കും എന്നുള്ളത് കൊണ്ടാണ് നിയമം കര്‍ശനമാക്കിയതെന്നു അദ്ദേഹം പറഞ്ഞു.

ആംബുലന്‍സുകള്‍, മറ്റു എമര്‍ജന്‍സി വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി മാറി കൊടുക്കുമ്പോള്‍ മറ്റു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഇത്തരം സാഹചര്യങ്ങളില്‍ സിഗനലിലെ ചുവന്ന ലൈറ്റ് പ്രകാശിക്കുന്ന സമയത്ത് റോഡു മുറിച്ചു കടക്കേണ്ടി വന്നാല്‍ അത് മറ്റുള്ളവര്‍ക്ക് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ല. ഓപറേഷന്‍ കണ്ട്രോള്‍ റൂമുമായുള്ള സഹകരണത്തോടെ ഈ നിയമ ലംഘനങ്ങള്‍ വകുപ്പ് നീക്കം ചെയ്യും. എങ്കിലും അതീവ ശ്രദ്ധയോടെ മാത്രമേ ഇത് ചെയ്യാവൂഎന്നദ്ദേഹം ഓര്‍മിപ്പിച്ചു. തങ്ങളുടെ വാഹനം ഇടത്തോട്ടോ വലത്തോട്ടോ മാറ്റി വഴി നല്‍കാനാണ് ആദ്യം ശ്രമിക്കേണ്ടത്. 

അധിക വേഗതയും വാഹം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും ആണ് ഖത്തറില്‍ ഏറ്റവും കൂടുതല്‍ വാഹന അപകടങ്ങള്‍ ഉണ്ടാക്കുന്ന രണ്ടു പ്രധാന കാരണങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.