പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മൂന്നു ദശകത്തോടടുത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി കരീം താമരശ്ശേരി

0
2

 

1

 

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ രണ്ടാം വ്യാവസായിക നഗരമായ യാമ്പുവിലെ തല മുതിര്‍ന്ന പൊതു പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് കോഴിക്കോട് താമരശ്ശേരി കല്ലടപ്പൊയ്യില്‍ അബ്ദുല്‍ കരീം എന്ന കരീം താമരശ്ശേരി.

പ്രവാസ ഭൂമികയിലെ കരീം താമരശ്ശേരിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 28 വര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു. സംഘടന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കുന്ന അബ്ദുല്‍ കരീമിനെ യാമ്പുവിലെ പൊതു സമൂഹം കഴിഞ്ഞ വര്‍ഷം മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്ന ഏതൊരു പ്രവര്‍ത്തനത്തിനും കരീം മുന്നിലുണ്ടാവും, നേതാവായല്ല, മറിച്ചു കര്‍മ്മ നിരതനായ ഒരു പ്രവര്‍ത്തകനായി. എല്ലാവര്‍ക്കും എപ്പോഴും സമീപിക്കാനും സഹായം ആവശ്യപ്പെടാനും സാധിക്കുന്ന സമീപനം. വേദനിക്കുന്ന സഹജീവികളുടെ പ്രശ്നങ്ങള്‍ തന്റേതായി ഏറ്റെടുത്തു പരിഹാരം കാണും. ഇതൊക്കെയാണ് അബ്ദുല്‍ കരീം താമരശ്ശേരിയെ യാമ്പുവിലെ പ്രവാസികള്‍ക്ക് പ്രിയങ്കരനാക്കുന്നത്.

പ്രീഡിഗ്രിക്കു പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് കരീം ഗള്‍ഫിലെത്തുന്നത്. നേരെ വന്നെത്തിയത് യാമ്പുവില്‍. യാമ്പു മുനിസിപ്പാലിറ്റിയിലെ ജോലികള്‍ അടക്കം സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രോജക്റ്റുകള്‍ ഉണ്ടായിരുന്ന ഒസാമ ഗസാല്‍ എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനായി പ്രവാസ ജീവിതത്തിനു തുടക്കം കുറിച്ചു. 

ഒരു വര്‍ഷത്തിനു ശേഷം മദീന ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കമ്പനി കരീമിനെ ചുമതലപ്പെടുത്തി അവിടേക്കയച്ചു. മദീനയില്‍ വെച്ചാണ് അബ്ദുല്‍ കരീമിന്റെ സംഘടനാ പാടവത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വീണ്ടും ജീവന്‍ വെക്കുന്നത്. നാട്ടിലെ സജീവ പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് പ്രവാസ ജീവിതത്തിലേക്ക് പൊടുന്നനെ പറിച്ചു നട്ടപ്പോഴും പ്രവര്‍ത്തിക്കാനുള്ള അടങ്ങാത്ത ആവേശം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കരീം തിരിച്ചു വിട്ടു.  

മദീനയില്‍ അന്ന് കെ.എം.സി.സി ഇല്ല. സഹപ്രവര്‍ത്തകരുമൊക്കെയായി ഹറമിന്റെ ഒരു ഭാഗത്ത്‌ കൂടിയിരിക്കും. ഹറമിനടുത്ത ഇഷാര സിത്തീനിലെ അബു ഇസ ഹോട്ടലില്‍ വീണ്ടും ഒന്നിച്ചു കൂടും. ആ ചെറിയ കൂട്ടായ്മയില്‍ നിന്നാണ് മദീനയിലെ കെ.എം.സി.സി യുടെ തുടക്കമെന്നു കരീം ഓര്‍മ്മിച്ചെടുക്കുന്നു. 

ഒരു വര്‍ഷം മാത്രമേ മദീനയില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അന്ന് സാധിച്ചു. ഒരു വര്‍ഷത്തിനു ശേഷം തബൂക്കിലേക്ക് സ്ഥലം മാറ്റം.  

ഒരു വര്‍ഷത്തിനു ശേഷം കരീമിനെ കമ്പനി വീണ്ടും യാമ്പുവിലേക്ക് തിരിച്ചു വിളിച്ചു. 87 മുതല്‍ തന്നെ യാമ്പുവില്‍ കെ.എം.സി.സി ഉണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തനം മന്ദീഭവിച്ച അവസ്ഥയിലായിരുന്നു. 90 കളില്‍ പ്രവര്‍ത്തനം വീണ്ടും ഊര്‍ജ്ജിതമാക്കി. ആ വര്‍ഷം സെക്രട്ടറിയായി കരീമിനെ തിരഞ്ഞെടുത്തു. അന്ന് മുതല്‍ തുടര്‍ച്ചയായ 19 വര്‍ഷം കമ്മിറ്റിയില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ്‌പ്രസിഡന്റ്‌. 

കെ.എം.സി.സി എന്ന പ്ലാറ്റ്ഫോമില്‍ നിന്ന് കൊണ്ട് വളരെയധികം കാര്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഇതുവരെ ലക്ഷക്കണക്കിനു രൂപയുടെ സഹായങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് എത്തിക്കാന്‍ സാധിച്ചുവെന്നു സര്‍വനാഥനെ സ്തുതിച്ചു കൊണ്ട് കരീം പറയുന്നു.              

പഴയ കെ.എം.സി.സി സജീവ പ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശി മമ്മുവിന്‍റെ കൈ ഒരപകടത്തില്‍ പെട്ട് മുറിച്ചു മാറ്റേണ്ടി വന്നപ്പോള്‍ കരീമിന്റെ നേതൃത്വത്തിലുള്ള കെ.എം.സി.സി കമ്മിറ്റി സഹായത്തിനായി മുന്നോട്ടു വന്നു. ആ കാലത്ത് വലിയൊരു സംഖ്യ തന്നെ മമ്മുവിന് സ്വരൂപിച്ചു നല്‍കാന്‍ സാധിച്ചു എന്ന് കരീം പറയുന്നു.       

മൂന്നു വര്‍ഷം മുന്‍പ് ജിദ്ദ യാമ്പു റോഡില്‍ വാഹനാപകടത്തില്‍ പെട്ട് നാല് മലയാളികള്‍ ഒന്നിച്ചു മരിക്കുകയുണ്ടായി. അതില്‍ ഒരാള്‍ വളരെ നിര്‍ധനനായിരുന്നു. അവധിക്കു നാട്ടിലെത്തിയ കരീം അയാളുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് കുടുംബത്തിന്‍റെ അതീവ ദുഖകരമായ അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കുന്നത്.യാമ്പുവില്‍ തിരിച്ചെത്തിയപ്പോള്‍ ജിദ്ദ കെ.എം.സി.സി യുമായി ഒത്തു ചേര്‍ന്ന് നാല് ലക്ഷം രൂപയോളം അയാളുടെ കുടുംബത്തിന് സമാഹരിച്ചു കൊടുത്തു. 

കെ.എം.സി.സി യുടെ ബൈത്തുറഹമ പദ്ധതിയിലൂടെ ഇതു വരെ നാട്ടില്‍ കോഴിക്കോട്‌, വയനാട്, മലപ്പുറം എന്നീ ജില്ലകളിലായി നാല് വീടുകള്‍ യാമ്പു കെ.എം.സി.സി യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച്‌ കൊടുത്തിട്ടുണ്ട്‌.

കെ.എം.സി.സി  അല്ലാതെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. യാമ്പുവിലെ മലയാള സമാജം അത്തരമൊരു വേദിയായിരുന്നു. കെ.എം.സി.സി യില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത മറ്റു പല മലയാളി സുഹൃത്തുക്കളും കൂട്ടായ പ്രവര്‍ത്തനത്തിന് ഒരു വേദി വേണമെന്ന ആവശ്യമുയര്‍ത്തിയപ്പോഴാണ് മലയാളി സമാജം പിറവിയെടുക്കുന്നത്.  സെക്രട്ടറിയായി കരീമിനെ തിരഞ്ഞെടുത്തു.

രണ്ടു വര്‍ഷത്തോളം സജീവമായി മലയാളി സമാജം പ്രവര്‍ത്തിച്ചു. നാട്ടില്‍ സുനാമി ദുരന്തമുണ്ടായപ്പോള്‍ വലിയൊരു സംഖ്യ ഇവിടെ നിന്നും സമാഹരിച്ചു നാട്ടിലെ ദുരിത ബാധിതര്‍ക്ക് സമാജം നല്‍കി. പിന്നീട് അതിനു നേതൃത്വം കൊടുത്ത മറ്റുള്ളവര്‍ സ്ഥലം മാറിപ്പോയത്തോടെ പ്രവര്‍ത്തനം മന്ദീഭവിച്ചു.  

കോണ്‍സുലേറ്റിന്റെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ ആളുകള്‍ എപ്പോഴും ബന്ധപ്പെടും. ഇപ്പോഴത്തെ പദവി ശരിയാക്കല്‍ സമയത്ത് ഒരുപാട് പേര്‍ക്ക് ജവാസാത്തിലും തര്‍ഹീലിലും പോയി പദവി ശരിയാക്കി നല്‍കാന്‍ സാധിച്ചുവെന്നു ആത്മ സംതൃപ്തിയോടെ കരീം പറയുന്നു. 

യാമ്പുവിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു നഗരങ്ങളെ പോലെ സജീവമല്ല എന്ന വിമര്‍ശനത്തിന് കരീമിന് വ്യക്തമായ മറുപടിയുണ്ട്. ‘’ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ഒരു വലിയ ഘടകമാണ്. യാമ്പു ഒരു വ്യാവസായിക നഗരമാണ്. വ്യവസായ മേഖലയില്‍ ജോലിയെടുക്കുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം മലയാളികളും. അവരെ സംബന്ധിച്ച് സമയത്തിന് പരിമിതിയുണ്ട്. അതിരാവിലെ ജോലി സ്ഥലത്തേക്ക് പോയാല്‍ വൈകീട്ടാണ് അവര്‍ക്ക് തിരിച്ചു വരാന്‍ സാധിക്കുക. പൊതുരംഗത്തും ജീവകാരുണ്യ മേഖലയിലും പ്രവര്‍ത്തിക്കാന്‍ അതീവ അആഗ്രഹം ഉണ്ടെങ്കിലും സമയ പരിമിതി മൂലം കഴിയാത്തവരാണ് അധികവും. എന്നാലും ഇതെല്ലാം മറികടന്നും ചുരുക്കം ചില വ്യക്തികള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്’’. 

യാമ്പുവിന്റെ സാമ്പത്തിക പരിമിതികള്‍ക്കു ഉള്ളില്‍ നിന്ന് കൊണ്ടാണ് തങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കരീം പറയുന്നു. ‘’സൗദിയുടെ മറ്റു ഭാഗങ്ങളിലുള്ള മലയാളികളെ അപേക്ഷിച്ചു സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുള്ള മലയാളികള്‍ യാമ്പുവില്‍ കുറവാണ്.പ്ലാന്റുകളില്‍ ജോലിയുള്ളവര്‍ കഴിഞ്ഞാല്‍ ചെറുകിട കച്ചവടക്കാരും ചെറിയ ബിസിനസുകളും മറ്റും നടത്തുന്നവരാണിവിടെ കൂടുതലും. അവര്‍ക്ക് വലിയൊരു സംഖ്യ നല്‍കി സഹായിക്കാന്‍ സാധിക്കില്ല. സൗദിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും സമാഹരിക്കാന്‍ കഴിയുന്ന തുകയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഇവിടെ നിന്നും സമാഹരിക്കാന്‍ കഴിയൂ. എങ്കിലും അര്‍ഹതയുള്ളവര്‍ക്ക് സഹായമെത്തിക്കാന്‍ അതൊന്നും തങ്ങള്‍ക്കു തടസ്സമാവാറില്ല”.

വ്യാവസായിക നഗരമായതിനാല്‍ രേഖകള്‍ ശരിയാക്കി വെക്കാന്‍ തൊഴിലാളികള്‍ പരമാവധി ശ്രമിക്കാറുള്ളതിനാല്‍ തൊഴില്‍ പരമായ കേസുകള്‍ താരതമ്യേന യാമ്പുവില്‍ കുറവാണ് എന്ന് കരീം പറയുന്നു.  

പ്രവാസികളുടെ പൊതുവേദിയും കൂട്ടായ്മകളും എന്ന ആശയത്തെ കരീം പിന്തുണക്കുന്നു. ”കൂട്ടായ്മകള്‍ സമൂഹത്തിനു എപ്പോഴും നല്ലത് മാത്രമേ വരുത്തൂ. യാമ്പുവില്‍ മാത്രമല്ല ഏതൊരു സ്ഥലത്തും ഇത് നല്ലതാണ്. കാരണം പൊതുവായി വരുന്ന കാര്യങ്ങളില്‍ പൊതുവേദി ഉപയോഗപ്പെടുത്തി വളരെ അധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പ്രവാസികള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍, തൊഴില്‍ കേസുകള്‍, തുടങ്ങിയവയിലെല്ലാം കൂട്ടായി ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തി പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും’’. 

ഇവിടെ നമ്മള്‍ എപ്പോഴും നിയമത്തിനു വിധേയമായി ജീവിക്കണമെന്ന് കരീം പ്രവാസി സമൂഹത്തിലെ പുതു തലമുറയെ ഉണര്‍ത്തുന്നു. ‘’മറ്റുള്ള സഹജീവികള്‍ക്ക് നമ്മളെ കൊണ്ട് കഴിയാവുന്ന ഉപകാരങ്ങള്‍ ചെയ്യണം. അതേ സമയം സ്വന്തം കുടുംബത്തെ മറന്നു ജീവിക്കുകയും അരുത്. മിതവ്യയം പാലിക്കണം. ഇവിടുത്തെ ജീവിതം ഇപ്പോഴും സുഖകരമായി കൊള്ളണം എന്നില്ല. ഏതു സമയത്തും മടങ്ങേണ്ടി വന്നേക്കാം. കിട്ടുന്ന സമയം പരമാവധി ഉപയുക്തമാക്കണം. അതോടൊപ്പം വേണ്ടാത്ത കാര്യങ്ങളില്‍ നിന്നും നിയമ വിരുദ്ധമായ കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും വേണം’’. 

എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനും എല്ലാ വിഭാഗക്കാരേയും ഒന്നായി കാണാനും ഒന്നിച്ചു കൊണ്ട് പോകാനും സാധിച്ചതിനാല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനിടക്ക് മനസ്സ് വേദനിക്കുന്ന ഒരനുഭവവും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നു കരീം പറയുന്നു. 

കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായി നാട്ടിലാണിപ്പോള്‍ കരീമിന്റെ കുടുംബം. സറീനയാണ് ഭാര്യ. ഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്ന ഫാത്തിമ, നാലാം തരത്തില്‍ പഠിക്കുന്ന മുഹമ്മദ്‌ മൂസ എന്നിവര്‍ മക്കളാണ്.

0502759745 എന്ന നമ്പറില്‍ കരീം താമരശ്ശേരി്യുമായി  ബന്ധപ്പെടാം.