«

»

Print this Post

സൗദി അറേബ്യ: പദവി ശരിയാക്കാത്തവരുടെ ഭാവി നവംബര്‍ മൂന്നിനു ശേഷം ?

 

1

 

രാജ്യത്തെ നിയമ ലംഘകരായി തുടരുന്ന വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കി രാജ്യത്ത് നിയമപരമായി തൊഴിലെടുക്കുന്നതിനു വേണ്ടി തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുള്ള രാജാവ് നല്‍കിയ ഇളവ്‌ സമയ പരിധി നവംബര്‍ മൂന്നിനു അവസാനിക്കുകയാണ്.  

ആറു മാസം മുന്‍പ് മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനത്തിന്റെ വെളിച്ചത്തില്‍ രാജ്യമാകമാനം പരിശോധനകള്‍ ആരംഭിക്കുകയും തുടര്‍ന്ന് രാജ്യത്തിന്റെ തൊഴില്‍ മേഖല സ്തംഭനാവസ്ഥയില്‍ എത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അബ്ദുള്ള രാജാവിന്റെ ഇളവ്‌ അനുഗ്രഹമായി പ്രവാസിക്ക് ലഭിച്ചത്.  

2013 മാര്‍ച്ച് മാസത്തിലാണ് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവി നിര്‍ണ്ണയിച്ച നിര്‍ണ്ണായ തീരുമാനമെടുത്തത്. ഈ തീരുമാനത്തിലൂടെ വര്‍ഷങ്ങളായി പ്രവാസി സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്നു വിശ്വസിക്കുകയും അങ്ങിനെയെന്നു പ്രവാസി സമൂഹവും കരുതിയിരുന്ന ലക്ഷക്കണക്കിന് പേര്‍ മന്ത്രിസഭാ യോഗ ന്തീരുമാനത്തിനു ശേഷമുള്ള ദിനം മുതല്‍ തികച്ചും അനധികൃതരായി മാറുകയായിരുന്നു. 

ഫ്രീ വിസയെ സംബന്ധിക്കുന്ന നിയമങ്ങളിലും നടപടി ക്രമങ്ങളിലും വരുത്തിയ ഈ നിയമ ഭേദഗതിയിലൂടെ ഒരു പ്രവാസിയും മനസ്സില്‍ കരുതാത്ത നിലയിലുള്ള അതീവ ഗൗരവതരമായ ഒരു കുറ്റകൃത്യമാക്കി അതിനെ മാറ്റി. ഹുറൂബിന് ശേഷം ആദ്യമായി ഒരു തൊഴില്‍ നിയമ ലംഘനം എമിഗ്രേഷന്‍ നിയമ ലംഘനത്തിനോ ക്രിമിനല്‍ കുറ്റത്തിനോ സമാനമായി മാറുകയും ചെയ്തു. 

വര്‍ഷങ്ങളായി സ്വദേശികളും വിദേശികളും അടങ്ങുന്ന നിയമ വിരുദ്ധരും വിസ റാക്കറ്റുമെല്ലാം കൂടി വളര്‍ത്തിയെടുത്ത ഫ്രീ വിസ എന്ന ഈ അനധികൃത രീതിയെ സൗദി തൊഴില്‍ നിയമത്തില്‍ എവിടെയും പരാമര്‍ശിക്കുന്നില്ല. ഫ്രീ വിസ അല്ലെങ്കില്‍ ആസാദ്‌ വിസ എന്നത് നിയമ വിരുദ്ധ നടപടികള്‍ക്ക് ആളുകള്‍ നല്‍കിയ ഓമനപ്പേര് മാത്രമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 39 ല്‍ എന്ത് ചെയ്യരുത് എന്ന് നിഷ്കര്‍ഷിക്കുന്നുവോ അതാണ്‌ ഒരു ഫ്രീ വിസക്കാരന്‍ ഇവിടെ ചെയ്യുന്നത്.

ഒരു തൊഴിലാളി മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യരുതെന്നും തൊഴിലാളി സ്വന്തം നിലക്ക് ജോലി ചെയ്യരുതെന്നും ഒരു സ്പോണ്‍സര്‍ മറൊരു സ്പോണ്‍സറുടെ കീഴിലുള്ള തൊഴിലാളിയെ കൊണ്ട് തനിക്ക് വേണ്ടി ജോലി ചെയ്യിക്കരുത് എന്നും നിബന്ധനകുള്ള വെറുമൊരു വകുപ്പായിരിരുന്നു അത്.

ആ വകുപ്പ് ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അവസാനത്തെ അധ്യായത്തില്‍ വകുപ്പ് 233 ല്‍ അയ്യായിരം റിയാല്‍ മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ നീളുന്ന പിഴ ശിക്ഷ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അപൂര്‍വ്വമായി മാത്രം ശിക്ഷിക്കപ്പെട്ടിരുന്നുള്ളൂ. (നിയമ ലംഘനത്തിനുള്ള ശിക്ഷ നിര്‍വചിച്ചിരുന്ന വകുപ്പ് 233 മുഴുവനായി തന്നെ പുതിയ ഭേദഗതിയിലൂടെ ഇല്ലാതാക്കി 14 വകുപ്പുകളുള്ള പുതിയ നടപടി ക്രമങ്ങള്‍ കൊണ്ട് വന്നു).

പുതിയ നിയമഭേദഗതിയിലൂടെ വകുപ്പ് 39 ന്റെ അന്തസ്സത്തക്ക് മാറ്റം വരത്തക്ക രീതിയിലുള്ള ഭേദഗതിയാണ് മാര്‍ച്ച് 19 നുണ്ടായത്. മേല്പറഞ്ഞ മൂന്നു നിബന്ധനകളും നിലനിര്‍ത്തി കൊണ്ട് തന്നെ പുതുതായി ചേര്‍ത്ത നിബന്ധനകളും നടപടിക്രമങ്ങളുമാണ് ഫ്രീവിസക്കാരായ പ്രവാസികളെ കൂട്ടത്തോടെ തര്‍ഹീലിലേക്കും നാട്ടിലേക്കും നയിച്ചത്.

തൊഴില്‍ മന്ത്രാലയ ഇന്‍സ്പെക്ടര്‍മാര്‍ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തണമെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടു പിടിക്കണമെന്നും കണ്ടു പിടിക്കപ്പെട്ടാല്‍ ഉടനെ ശിക്ഷാ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിനു വിവരങ്ങള്‍ കൈമാറണമെന്നുമാണ് നിബന്ധന. ഇവിടെയാണ്‌ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

തൊഴില്‍ നിയമ ലംഘനത്തിന് പിടികൂടുന്നവരെ ആഭ്യന്തര മന്ത്രാലയത്തിനു കൈമാറണമെന്ന നിബന്ധന വരുമ്പോള്‍ അവരെ കസ്റ്റഡിയില്‍ എടുക്കേണ്ടതും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതും ജവാസാതിന്റെയും പോലീസിന്റെയും ചുമതലയായി മാറുന്നു. മാത്രമല്ല തെരുവുകളിലും, പൊതു സ്ഥലങ്ങളില്‍ വെച്ചും ഇങ്ങിനെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും അനുവാദവും ആഭ്യന്തര മന്ത്രാലയത്തിനു ഭേദഗതിയിലൂടെ നല്‍കുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്തു നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട് കടത്തണമെന്നു നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു. (സ്ഥാപനങ്ങളിലും കമ്പനികളിലും കയറി പരിശോധന നടത്തുന്നത് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരും തെരുവുകളിലും മറ്റു പൊതു സ്ഥലങ്ങളിലും പരിശോധന നടത്തുന്നത് പോലീസും പൊതുസുരക്ഷാ വകുപ്പിന് കീഴിലുള്ള മറ്റു ഏജന്‍സികളും റോഡുകളില്‍ പട്രോളിംഗ് വിഭാഗവും ആയിരിക്കും). 

ഇതോടെ തീര്‍ന്നില്ല. ഈ കുറ്റത്തിന് പ്രോത്സാഹനവും സഹായവും ചെയ്യുന്ന എല്ലാവരും പിടിക്കപ്പെടുകയും നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്യും. ഇവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവര്‍, യാത്രാ സൗകര്യം നല്‍കുന്നവര്‍, ഇവരുടെ അനധികൃത ജോലിയില്‍ നിന്നുള്ള ഗുണത്തിന്റെ പങ്കു പറ്റുന്നവര്‍ എല്ലാവരും ഈ ഭേദഗതി പ്രകാരം കുറ്റക്കാരുടെ പട്ടികയില്‍ പെടുന്നു.

ഈ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ ഇനി കഴിയേണ്ടി വരിക ജയിലുകളില്‍ ആയിരിക്കും. ഇത്തരത്തിലുള്ള നിയമ ലംഘകരെ പാര്‍പ്പിച്ചിരുന്ന തര്‍ഹീലുകള്‍ ജയില്‍ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞു. ആയതിനാല്‍ നാട് കടത്തുന്നത് വരെ യഥാര്‍ത്ഥ ജയിലില്‍ തന്നെ കഴിയേണ്ടി വരും. 

ഏതായാലും നവംബര്‍ മൂന്നിനു ശേഷം ഫ്രീ വിസയിലുള്ളവര്‍ പിടിക്കപ്പെട്ടാല്‍ അത്യന്തം കര്‍ശനമായ ശിക്ഷയാണ് കാത്തിരിക്കുന്നത്.മാത്രമല്ല സഹായിക്കാനോ ജാമ്യത്തിലെടുക്കാണോ എംബസ്സിയോ സാമൂഹിക പ്രവര്‍ത്തകരോ കാണില്ല. പ്രസ്തുത സമയ പരിധിക്ക് മുന്‍പായി പദവി ശരിയാക്കുകയോ അല്ലാത്ത പക്ഷം സുരക്ഷിതരായി നാട്ടിലെത്തുകയോ ചെയ്യുന്നതിനാണ് പ്രവാസികള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്.

ഇളവ്‌ സമയ പരിധി ജൂലൈ മൂന്നു മുതല്‍ നവംബര്‍ മൂന്നു വരെ നീട്ടിയതിലുള്ള ആലസ്യം മാറ്റി വെച്ച് നിയമാനുസൃതമായ രേഖകള്‍ ഇല്ലാത്ത എല്ലാ പ്രവാസികളും സമയ പരിധി അവസാനിക്കുന്നതിനു മുന്‍പായി പദവി ശരിയാക്കി നിയമ വിധേയരാകുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് പോംവഴി.

Permanent link to this article: http://pravasicorner.com/?p=11748

Copy Protected by Chetan's WP-Copyprotect.