«

»

Print this Post

വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍ സൗദി അറേബ്യയില്‍

 

 1

 

പൊതു ഗതാഗത സംവിധാനം അത്രേ വികസിതമല്ലാത്ത സൗദി അറേബ്യയില്‍ സ്വന്തമായി ഒരു വാഹനം എന്നത് ആഡംബരത്തിനേക്കാള്‍ അത്യാവശ്യമാണ്. കുടുംബമായി കഴിയുന്നവരാണെങ്കില്‍ പ്രത്യേകിച്ചും.

നിങ്ങള്‍ ഒരു വാഹനം വാങ്ങിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഉടമസ്ഥത തെളിയിക്കുന്ന ഒരു രേഖയാണ് വാഹന രജിസ്ട്രേഷന്‍ കാര്‍ഡ്‌ അഥവാ ഇസ്തിമാറ. സൗദിയില്‍ ഒരു വ്യക്തിയുടെ പേരിലുള്ള വാഹനം മറ്റൊരാള്‍ക്ക് കൈമാറി ഓടിക്കല്‍ നിയമ വിരുദ്ധമായതിനാല്‍ വാഹനം സ്വന്തം പെരിലുണ്ടാകുക എന്നത് വളരെ നിര്‍ബന്ധനാണ്. 

ഇസ്തിമാറയില്‍ വാഹനത്തിന്റെ ഉടമസ്ഥന്റെ പേരും വാഹനത്തിന്റെ ഷാസി നമ്പരും വാഹന രജിസ്ട്രേഷന്‍ നമ്പരും,വാഹനം നിര്‍മ്മിച്ച വര്‍ഷവും ഉണ്ടാകും. കൂടാതെ ഇസ്തിമാറയില്‍ അതിന്‍റെ കാലാവധി അവസാനിക്കുന്ന തിയ്യതി അറബിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ തിയ്യതി കഴിയുന്നതിനു മുന്‍പായി ഇസ്തിമാറ പുതുക്കണം. പുതുക്കല്‍ നീണ്ട് പോയാല്‍ നിയമപരമായ പിഴകള്‍ അടക്കേണ്ടി വരും.

ഇസ്തിമാറ പുതുക്കണമെങ്കില്‍ വാഹനത്തിനു ആന്തരിക കേടുപാടുകളോ ബാഹ്യമായ തകരാറുകളോ ഇല്ല എന്ന് തെളിയിക്കുന്ന എം.വി.പി.ഐ (MVPI – Motor Vehicles Periodical Inspection) പരിശോധനയില്‍ വിജയിക്കേണ്ടതുണ്ട്. പൊതു ജനങ്ങള്‍ക്കും റോഡിലെ മറ്റു വാനങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തിലുള്ള തകരാറുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് റോഡില്‍ ഇറക്കാന്‍ അനുവാദം നല്‍കാറില്ല.  ഇതിനായി അംഗീകാരം ലഭിച്ച വര്‍ക്ക്‌ ഷോപ്പുകളില്‍ ആയിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഇസ്തിമാറ പുതുക്കണമെങ്കില്‍ ഈ ടെസ്റ്റില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ അതിനു തെളിവായി രേഖാ മൂലമുള്ള റിസല്‍ട്ടും വാഹനത്തിന്റെ വലതു ഭാഗത്ത്‌ ഏറ്റവും മുകളിലായി ഒരു സ്റ്റിക്കറും ഒട്ടിച്ചു നല്‍കും. എം.വി.പി.ഐ ടെസ്റ്റിന്റെ കാലാവധി തീരുന്ന തിയ്യതി അതില്‍ കാണിച്ചിട്ടുണ്ടാകും.

സാധാരണ ഗതിയില്‍ പുതിയ വാഹനങ്ങള്‍ ഒഴിച്ചുള്ളവ ആദ്യ ടെസ്റ്റില്‍ തന്നെ വിജയിക്കാറില്ല. അതിനാല്‍ ടെസ്റ്റിനു പോകുന്നതിനു മുന്‍പായി ചില മുകരുതലുകള്‍ വാഹന ഉടമകള്‍ എടുക്കേണ്ടതുണ്ട്‌.

എം.വി.പി.ഐ ടെസ്റ്റിനു പോകുന്നതിനു മുന്‍പ് തന്റെ വാഹനത്തിനു ബാഹ്യവും ആന്തരികവുമായ തകരാറുകള്‍ ഒന്നും ഇല്ല എന്ന് വാഹനത്തിന്റെ ഉടമസ്ഥന്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ടെസ്റ്റില്‍ പങ്കെടുക്കുന്നതിനു നിശ്ചിത ഫീസ്‌ നല്‍കേണ്ടതുണ്ട്. എം.വി.പി സെന്ററില്‍ തന്നെ പ്രസ്തുത ഫീസ്‌ അടക്കാം. കേടുപാടുകള്‍ ഉണ്ടങ്കില്‍ പ്രസ്തുത തകരാറുകള്‍ മൂലം ടെസ്റ്റില്‍ പരാജയപ്പെട്ടതായി കാണിച്ചു രേഖാ മൂലമുള്ള റിസള്‍ട്ട് ലഭിക്കും.

അതിനാല്‍ എം.വി.പി.ഐ ടെസ്റ്റിനു പോകുന്നതിനു മുന്‍പ് വാഹനത്തിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ കേടുപാടുകളും തീര്‍ക്കണം. ലൈറ്റുകളും മറ്റും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തണം.

എം.വി.പി.ഐ ടെസ്റ്റിനു മുന്‍പായി വാഹനത്തില്‍ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ താഴ പറയുന്ന ചില പൊതുവായ കാര്യങ്ങള്‍ ഉണ്ട്.

വാഹനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യമ്പോള്‍ നിശ്ചിത അളവിനെക്കാളും പുക പുറത്തേക്കു  തള്ളുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അതിനു കാരണമാകുന്ന തകരാര്‍ പരിഹരിക്കുക.

വാഹനത്തിന്റെ ഹെഡ്‌ ലൈറ്റുകളുടെ പ്രവര്‍ത്തനം, നാല് വശങ്ങളിലുല്‍ ഉള്ള ഇന്‍ഡിക്കേറ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തണം. ബള്‍ബുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവ മാറ്റിയിടണം. ഹെഡ്‌ ലൈറ്റ് ബീം ശരിയായ രീതിയില്‍ ഫോക്കസ്‌ ചെയ്തു വെക്കണം.

വാഹനത്തിന്റെ ബ്രേക്കുകളുടെ പ്രവര്‍ത്തന ക്ഷമത വളരെ പ്രധാനമാണ്. ബ്രേക്കുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പ് വരുത്തുക. ഫൂട്ട് ബ്രേക്ക് പോലെ തന്നെ ഹാന്‍ഡ്‌ ബ്രേക്കുകളുടെ പ്രവര്‍ത്തനവും മികച്ചതാണെന്ന് ഉറപ്പു വരുത്തുക.

വാഹനത്തിന്റെ വീല്‍ അലൈന്‍മെന്റുകള്‍ ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുക.വാഹനം ഓടിക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞു പോകുന്നുവെങ്കില്‍ വീല്‍ അലൈന്‍മെന്റ്‌ പരിശോധന നടത്തി തകരാര് മാറ്റണം.

വാഹനത്തിലിരുന്ന് പിന്‍ഭാഗം ഡ്രൈവര്‍ക്ക്‌ കാണുന്നതിനു വേണ്ടിയുള്ള റിയര്‍ വ്യൂ മിററുകളും സൈഡ്സൈ മിററുകളും ശരിയായ രീതിയില്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം. അതിന്റെ ചില്ലുകള്‍ പോട്ടിയിട്ടുണ്ടെങ്കില്‍ അത് മാറ്റിയിടുക. അത് പോലെ തന്നെ വാഹനത്തിന്റെ മുന്‍ഭാഗത്തെയും പിന്‍ ഭാഗത്തെയും ചില്ലുകളില്‍ വലിയ രീതിയിലുള്ള പൊട്ടലോ ചിന്നലോ ഉണ്ടെങ്കില്‍ അവ മാറ്റിയിടെണ്ടി വരും. 

വാഹനത്തിനു ഓയില്‍ ലീക്കുകള്‍ ഇല്ലെന്നു ഉറപ്പു വരുത്തുക. വാഹനം ടെസ്റ്റിനു കൊണ്ട് പോകുന്നതിനു മുന്‍പ് സര്‍വീസ്‌ സ്റ്റേഷനില്‍ കൊണ്ട് പോയി കഴുകുന്നത് നല്ലതാണ്. ചെറിയ ലീക്കുകള്‍ തല്ക്കാലത്തെതെക്കെങ്കിലും നിലക്കും. 

വാഹനത്തിന്റെ ഹോണ്‍, വൈപ്പറുകള്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തുക. വാഹനത്തിന്റെ ബോഡിയില്‍ വലിയ രീതിലുള്ള ഡെന്റുകള്‍ ഉണ്ടെങ്കില്‍ അവ ശരിയാക്കുക.

ഇങ്ങിനെ വാഹനത്തിന്റെ ബാഹ്യമായി കാണുന്ന കേടുപാടുകളെല്ലാം തീര്‍ച്ചയായും പരിഹരിച്ചിരിക്കണം.അല്ലാത്ത പക്ഷം വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിനു മുന്‍പ് തന്നെ ടെസ്റ്റില്‍ പരാജയപ്പെടും. പരിശോധനയില്‍ ഏതെന്കിലും തരത്തിലുള്ള തകരാറുകള്‍ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ പ്രസ്തുത തകരാറുകള്‍ രേഖപ്പെടുത്തി രേഖാ മൂലമുള്ള റിപ്പോര്‍ട്ട് നല്‍കും. പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാജയപ്പെട്ടു (Failed)എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള തകരാറുകള്‍ പരിഹരിച്ചു ശേഷം മാത്രമേ വാഹനത്തെ അടുത്ത ടെസ്റ്റിനു വിധേയമാക്കാന്‍ സാധിക്കൂ.

സാധാരണായി എം.വി.പി.ഐ ടെസ്റ്റിംഗ് സെന്‍ററുകള്‍ക്ക് അരികിലായി ചില വര്‍ക്ക്‌ ഷോപ്പുകള്‍ ഉണ്ടാവും. തകരാറുകള്‍ അവിടെ തീര്‍ക്കുകയാണ് നല്ലത്. കാരണം അവര്‍ക്ക് തല്ക്കാലത്തെക്കെങ്കിലും ഇത്തരം തകരാറുകള്‍ തീര്‍ക്കേണ്ടത് എങ്ങിനെയെന്ന് എന്നറിയാം. പലയിടത്തും ഇത്തരം വര്‍ക്ക്‌ ഷോപ്പുകള്‍ക്ക് ടെസ്റ്റിംഗ് സെന്‍ററുകളുമായി പല വിധ ബന്ധങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ പേരില്‍ ടെസ്റ്റില്‍ വിജയിക്കും എന്ന ഉറപ്പു നല്‍കി വിലപേശി പണം വാങ്ങുന്ന വര്‍ക്ക്‌ ഷോപ്പുകളും ഉണ്ട്.

തകരാറുകള്‍ തീര്‍ത്തു കഴിഞ്ഞാല്‍ വാഹനത്തെ വീണ്ടും എം.വി.പി.ഐ സെന്ററില്‍ പരിശോധനള്‍ക്ക് വിധേയമാക്കും ഇതിനു വീണ്ടു പരിശോധനാ ഫീസ്‌ അടക്കേണ്ടി വരും. ടെസ്റ്റില്‍ വിജയിച്ചാല്‍ വാഹനത്തില്‍ ഒട്ടിക്കാനുള്ള സ്റ്റിക്കറും കടലാസിലുള്ള റിസല്‍ട്ടും ലഭിക്കും.

അതിനു ശേഷം ഇസ്തിമാറ പുതുക്കുന്നതിനുള്ള ഗവര്‍മെന്റ് ഫീസ്‌ അടക്കുക. ഇത് അംഗീകൃത ബാങ്കുകളുടെ എ.ടി.എം മുഖേന അടക്കം. മുറൂറിനടുത്ത് ഈ ഫീസ്‌ അടച്ചു തരുന്ന സ്ഥാപനങ്ങള്‍ ഉണ്ടാകും. ഒരു ചെറിയ തുക സര്‍വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കി അവര്‍ ഫീസ്‌ അടച്ചു തരും. ഈ ഫീസ്‌ ഓണ്‍ലൈന്‍ ആയി ‘സദാദ്’ സംവിധാനം വഴിയും അടക്കം. ‘സദാദില്‍’ വാഹനത്തിന്‍ രാജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള ഓപ്ഷന്‍ ഉണ്ട്. അതിലൂടെ ഫീസ്‌ അടക്കം.

അതിനു ശേഷം ഇസ്തിമാറ പുതുക്കുന്നതിനുള്ള ട്രാഫിക്‌ വകുപ്പിന്റെ റിന്യൂവല്‍ ഫോം പൂരിപ്പിക്കുക. മേല്‍ പറഞ്ഞ ഓഫീസുകള്‍ സര്‍വീസ്‌ ചാര്‍ജ്ജിന്റെ അടിസ്ഥാനത്തില്‍ ചെയ്തു തരും. സ്വന്തം കമ്പനി പി..ആര്‍.ഒ ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത്.

റിന്യൂവല്‍ ഫോം പൂരിപ്പിച്ചു എം.വി.പി.ഐ യുടെ റിസള്‍ട്ട്, പണമടച്ച ബാങ്ക് സ്ലിപ്പ്‌, പഴയ ഇസ്തിമാറ, നിങ്ങളുടെ ഇഖാമ, ഡ്രൈവിംഗ് ലൈസന്‍സ്‌, വാഹനത്തിന്റെ ഇന്‍ഷൂറന്‍സ്‌ എന്നിവയുടെ കോപ്പികള്‍  സഹിതം സമര്‍പ്പിക്കുക. ഇതിന്റെയെല്ലാം ഒറിജിനലുകളും കയ്യില്‍ കരുതണം. ആവശ്യമായ രേഖകള്‍ എല്ലാം ഉണ്ടെങ്കില്‍ വളരെ പെട്ടെന്ന് തന്നെ പുതുക്കിയ ഇസ്തിമാറ കാര്‍ഡ്‌ ലഭിക്കും.

വാഹന രജിസ്ട്രേഷന്‍ പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ആണ്. പഴയ രീതിയിലുള്ള അറബി ഭാഷയിലുള്ള നമ്പര്‍ പ്ലേറ്റ് ആണെങ്കില്‍ മുന്‍ വശത്തും പിന്‍ വശത്തുമുള്ള നമ്പല്‍ പ്ലേറ്റുകള്‍ ഊരിയെടുത്തു പുതിയ പ്ലേറ്റിനുള്ള അപേക്ഷയോടൊപ്പം നല്‍കണം.പുതുക്കിയ രജിസ്ട്രേഷന്‍ കാര്‍ഡിനൊപ്പം അറബിയിലും ഇംഗ്ലീഷിലുമുള്ള പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കും. 

 

Permanent link to this article: http://pravasicorner.com/?p=11765

Copy Protected by Chetan's WP-Copyprotect.