ദാമ്മാമില്‍ സ്ത്രീ വേഷം ധരിച്ചു ഭിക്ഷ യാചിച്ചിരുന്ന സൗദി യുവാവിനെ പോലീസ്‌ പിടികൂടി

0
2

 

 

1
സ്ത്രീ വേഷം ധരിച്ച യാചകനെ പോലീസ്‌ പിടികൂടിയപ്പോള്‍

 

സൗദി അറേബ്യ (ദമ്മാം): സ്ത്രീ വേഷം ധരിച്ചു യാചന നടത്തിയിരുന്ന യുവാവിനെ പോലീസ്‌ പിടികൂടി. ദമ്മാമിലെ തിരക്കേറിയ കവലയില്‍ നിന്നാണ് 20 കാരനായ സൗദി യുവാവിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.

സൗദിയില്‍ യാചന നിരോധിക്കപ്പെട്ടതാണെങ്കിലും സ്ത്രീകളും സ്ത്രീ വേഷം ധരിച്ച പുരുഷന്മാരും പള്ളികളുടെയും തിരക്കേറിയ സ്ഥാപനങ്ങളുടെയും സിഗ്നലുകളുടെയും മുന്നില്‍ യാചന നടത്തുന്ന പ്രവണത കൂടുതലായി കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ 210 യാചകരെയാണ് നിരന്തരമായ പരിശോധനയില്‍ ദാമ്മാമില്‍ നിന്ന് പിടികൂടിയതെന്ന് കിഴക്കന്‍ മേഖല പോലീസ്‌ വക്താവ് കേണല്‍ സിയാദ്‌ അല്‍ റഖാത് വ്യക്തമാക്കി. ഇതില്‍ 107  സ്ത്രീകളും 30 പുരുഷന്മാരും 73 കുട്ടികളും ഉള്‍പ്പെടുന്നു.പിടിക്കപ്പെടുന്നവരില്‍ 80ശതമാനവും വിദേശികളാണ്. തിരക്കേറിയ പള്ളികളുടെ മുന്‍പില്‍ നിന്നും സിഗനലുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. 

യാചകരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനു പിന്നില്‍ വന്‍ സംഘങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു. കുട്ടികളെയും സ്ത്രീകളെയും യാചനക്ക് വേണ്ടി വിദേശങ്ങളില്‍ നിന്ന് കടത്തി കൊണ്ട് വന്ന് തിരക്കേറിയ വിവിധ സ്ഥലങ്ങളില്‍ ഇരുത്തുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. വൈകീട്ട് ഇവരെ ഒരുമിച്ചു താവളത്തിലേക്ക് മാറ്റുകയും ഇവര്‍ക്ക് ലഭിക്കുന്ന പണം സംഘം കൈക്കലാക്കുകയും ചെയ്യും.

സൗദി നിയമ പ്രകാരം യാചനക്ക് വേണ്ടി കുട്ടികളെയും സ്ത്രീകളെയും ഉപയോഗിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഈ കുറ്റത്തിന് 15 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ റിയാല്‍ വരെ പിഴ ശിക്ഷയും ലഭിച്ചേക്കാം. മനുഷ്യക്കടത്തിനു സമാനമായ കുറ്റകൃത്യമായാണ് നിയമം ഇതിനെ കാണുന്നത്.