«

»

Print this Post

ഖത്തറിലെ കയറ്റുമതി ഇറക്കുമതി തീരുവകള്‍

 

1

 

ഖത്തറിലെ വിദേശ വ്യാപാരം (Foreign Trade) നിയന്ത്രിക്കുന്ന നിയമമാണ് The Qatar Custom Law No.5 of 1998. വ്യാപാരത്തിന് വേണ്ടി ഖത്തറിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും ഖത്തര്‍ ചേംബര്‍ ഓഫ് കൊമ്മേഴ്സ് ആന്‍ഡ്‌ ഇന്റസ്ട്രിയുടെ (QCCI) അനുമതിക്കും വേണ്ടി ആഗ്രഹിക്കുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് Importer’s Register ല്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും QCCI യുടെ അംഗീകാരം നേടുകയുമാണ്.

ഖത്തറിലെ കസ്റ്റംസ്‌ നികുതിയുടെ സാധാരണ നിരക്ക് 5 ശതമാനം (Ad Valorem) ആണ്. ജനുവരി 2003 മുതല്‍ ജി.സി.സി കസ്റ്റംസ് യൂണിയന്‍ മുന്നോട്ടു വെച്ച നിരക്കിന് അനുസൃതമാണിത്. ഖത്തറില്‍ സാധനങ്ങള്‍ക്ക് കസ്റ്റംസ്‌ നികുതി ചുമത്തുന്നത്  CIF (Cost, Insurance & Freight) മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്. CIF ലഭ്യമല്ലാത്ത സാധനങ്ങള്‍ ആണെങ്കില്‍ FOB + 15 % എന്ന രീതിയില്‍ ആയിരിക്കും കസ്റ്റംസ്‌ നികുതി ചുമത്തുക.

ജി.സി.സി രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ ഖത്തറില്‍ ഇറക്കുമതി നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ നികുതി ഒഴിവു ലഭിക്കണമെങ്കില്‍ പ്രസ്തുത സാധനം ഏതെങ്കിലുമൊരു ജി.സി.സി രാജ്യത്ത് ഉണ്ടാക്കിയതാണെന്ന് തെളിയിക്കുന്നതിനായി പ്രസ്തുത രാജ്യത്തെ ചേംബര്‍ ഓഫ് കൊമ്മേഴ്സ് നല്‍കുന്ന ‘സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍’ ഹാജരാക്കണം. 

ഖത്തറിലേക്ക് താമസത്തിനായി വരുന്ന ഒരു വിദേശ തൊഴിലാളിയുടെ വ്യക്തിപരമായ സാധനങ്ങള്‍, ഉപയോഗിച്ച വീട്ടു സാധനങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവക്ക് കസ്റ്റംസ്‌ നികുതി നല്‍കേണ്ടതില്ല. 

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും , സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഉപകരണങ്ങള്‍ (equipment’s), മെറ്റീരിയലുകള്‍, മറ്റു സാധനങ്ങള്‍ തുടങ്ങിയവക്കും നികുതി ഇല്ല. വിദേശ രാജ്യങ്ങളുടെ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍ തുടങ്ങിയ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവയുടെ സാധനങ്ങള്‍ക്കും കസ്റ്റംസ്‌ നികുതി ഇല്ല.

ഇപ്പോള്‍ ഖത്തറില്‍ സിമന്റിന് കസ്റ്റംസ്‌ നികുതി ഇല്ല. എന്നാല്‍ സ്റ്റീലിന് (100 mm & above) 20 ശതമാനവും പുകയിലക്ക് 100 ശതമാനവും നികുതിയുണ്ട്. കൂടാതെ അത്യാവശ്യ സാധനങ്ങള്‍ ആയ ധാന്യങ്ങള്‍, തേയില, കാപ്പി, പഞ്ചസാര, അരി, പാല്‍ തുടങ്ങിയവക്കും കസ്റ്റംസ്‌ നികുതി ഇല്ല.

എന്നാല്‍ സബ്സിഡി ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍,പുരാതന വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി നിരോധിച്ചിരിക്കുന്നു.കൂടാതെ ഇസ്രായേലിലേക്കുള്ള എല്ലാ സാധനങ്ങളുടെയും കയറ്റുമതി ഖത്തറില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=11875

Copy Protected by Chetans WP-Copyprotect.