സെക്സ് തട്ടിപ്പ് നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് അബൂദബി പോലീസിന്റെ മുന്നറിയിപ്പ്‌

0
1

 

 

1

 

യു.എ.ഇ/അബൂദബി:സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെയും സ്കൈപ്പ് ഉപയോഗിക്കുന്നവരുടെയും അശ്ലീല ദൃശ്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു പണം തട്ടുന്ന അന്താരാഷ്‌ട്ര സംഘത്തെ കരുതിയിരിക്കണമെന്ന് അബൂദബി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടരേറ്റ് മേധാവി കേണല്‍ റാഷിദ്‌ മുഹമ്മദ്‌ ബോര്‍ഷിദ്‌ മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയകള്‍ സജീവമായി ഉപയോഗിക്കുന്ന യുവാക്കളെയാണ് സംഘം ലക്ഷ്യമിടുന്നത്. സ്കൈപ്പ് ഉപയോഗിക്കുന്ന ചിലരെയും സംഘം കെണിയില്‍ വീഴ്ത്തിയിട്ടുണ്ട്. 

പെണ്‍കുട്ടികളുടെ ശബ്ദം അനുകരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ചാറ്റിംഗ് എന്ന പേരില്‍ കെണിയില്‍ പെടുന്ന യുവാക്കളോട് വെബ്‌ ക്യാമറക്ക്‌ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയും ആ അശ്ലീല ദൃശ്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണത്തിനു വേണ്ടി ബ്ലാക്ക്‌ മെയില്‍ ചെയ്യുകയുമാണ് സംഘത്തിന്റെ രീതി.

സോഷ്യല്‍ മീഡിയകളില്‍ നിന്ന് പ്രലോഭിപ്പിച്ചു ചില ഇരകളെ കെണിയില്‍ വീഴ്ത്തി സംഘം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെന്ന് പരാതി ലഭിച്ചതായി കേണല്‍ റാഷിദ്‌ മുഹമ്മദ്‌ പറഞ്ഞു. പ്രസ്തുത സെക്സ് ക്ലിപ്പിങ്ങുകള്‍ ചില പ്രത്യേക വെബ്‌സൈറ്റുകളിലേക്ക് അപ് ലോഡ്‌ ചെയ്യുകയാണ് സംഘം ചെയ്യുന്നത്. 

പിന്നീട് ഇരയെ വിളിച്ചു പ്രസ്തുത ക്ലിപ്പിംഗ് നീക്കം ചെയ്യണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുന്നു. യു.എ.ഇ ക്ക് പുറത്തുള്ള ബാങ്ക് അക്കൌണ്ടുകളില്‍ പണം നിക്ഷേപിക്കാനാണ് സംഘം ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു കേണല്‍ റാഷിദ്‌ വ്യക്തമാക്കി.