കേരളത്തില്‍ 17 കാരിയെ നിര്‍ബന്ധിച്ചു അറബി കല്യാണം നടത്തിയതായി പരാതി

 

1

 

യു.എ.ഇ/കോഴിക്കോട്‌: കേരളത്തില്‍ നിരോധിച്ച അറബി കല്യാണം വീണ്ടും നടന്നതായി പരാതി. കോഴിക്കോട് മുഖദാറിലുള്ള യത്തീംഖാനയിലെ അന്തേവാസിയായ മലപ്പുറം മഞ്ചേരി സ്വദേശിനിയുടെ മകളായ 17 കാരി പെണ്‍കുട്ടിയാണ് തന്നെ നിര്‍ബന്ധിച്ചു യു.എ.ഇ സ്വദേശിക്ക് വിവാഹം കഴിച്ചു കൊടുത്തതായി ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ടിരിക്കുന്നത്.

വിവാഹത്തിനു ശേഷം 17 ദിവസം മാത്രം കൂടെ കഴിഞ്ഞ യു.എ.ഇ പൗരന്‍ തിരിച്ചു പോയതിനു ശേഷം മൊഴി ചൊല്ലിയതായി അറിയിക്കുകയായിരുന്നു. 

സന്ദര്‍ശക വിസയില്‍ കേരളത്തില്‍ എത്തിയ യു.എ.ഇ സ്വദേശിയായ ജാസിംമുഹമ്മദ് അബ്ദുള്‍ കരിം അബ്ദുല്ലാ അല്‍ അഹമ്മദിനാണ് (28) തന്നെ വിവാഹം ചെയ്തു കൊടുത്തതെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കുന്നു.ഇയാളുടെ മാതാവ് കോഴിക്കോട്‌ കല്ലായിക്കടുത്ത് നായ്പ്പാലം സ്വദേശിനിയാണ്. പിതാവായ അറബി യു.എ.ഇ യിലും.

വിവാഹത്തെ എതിര്‍ത്തതോടെ വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ അനാഥാലയത്തില്‍ നിന്നും പുറത്താക്കും എന്ന ഭീഷണി പ്രയോഗിച്ചാണ് വിവാഹം നടത്തിയതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ജൂണ്‍ 13-ന് യത്തീംഖാനയില്‍ വെച്ചാണ് വിവാഹം നടന്നത്.

വിവാഹ ശേഷം തന്നെ പല സ്ഥലങ്ങേളിലേക്കും ഇയാള്‍ കൊണ്ട് പോയെന്നു പെണ്‍കുട്ടി പറയുന്നു. കോഴിക്കോട്ടും പിന്നീട് കുമരകത്തെ റിസോര്‍ട്ടുകളില്‍ വെച്ചും പീഡിപ്പിച്ചു. 17 ദിവസത്തിന് ശേഷം ജൂണ്‍ 30-ന് പെണ്‍കുട്ടിയെ നായ്പ്പാലത്തെ വീട്ടിലാക്കി 12000 രൂപ നല്‍കി ഇയാള്‍ യു.എ.ഇ യിലേക്ക് മടങ്ങി പോയി. പിന്നീടാണ് ഫോണിലൂടെ മൊഴി ചൊല്ലിയതായി അറിയിക്കുന്നത്.

ചൈല്‍ഡ്‌ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ്‌ കേസെടുത്തു. ശൈശവവിവാഹ നിരോധന നിയമപ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസ്.

കേരളത്തിലേക്ക് വരുന്ന ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാര്‍ നിര്‍ധനരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പണവും ആഭരണങ്ങളും നല്‍കി വിവാഹം കഴിക്കുകയും പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യുന്നത് വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് അറബി കല്യാണം നിരോധിച്ചിരുന്നു.  

 

You may have missed

Copy Protected by Chetan's WP-Copyprotect.