«

»

Print this Post

ഷാര്‍ജ പെണ്‍ വാണിഭ കേസ്: മൂന്നു പേര്‍ക്ക് തടവ്‌ ശിക്ഷ

 

1

ഒന്നാം പ്രതി സൗദ മൂന്നാം പ്രതി ഷെമിയ

 

പത്തനംതിട്ട: ഏറെ വിവാദം സൃഷ്ടിച്ച ഷാര്‍ജ പെണ്‍ വാണിഭ കേസിലെ ഒന്നും രണ്ടും പ്രതികളായ പത്തനംതിട്ട കുലശേഖരപതി കൊപ്ലി ഷഹാനാ മന്‍സിലില്‍ സൗദാബീവി, കാസര്‍ഗോഡ് ആലമ്പാട്ട് അഹമ്മദ് എന്നിവര്‍ക്ക് അഞ്ചു വര്‍ഷം തടവും മൂന്നാം പ്രതിയും സൗദാബീവിയുടെ മകളുമായ ഷെമിയ (റാണി)യ്ക്ക് മൂന്നു വര്‍ഷം തടവും പത്തനംതിട്ട അഡിഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (രണ്ട്) ജഡ്ജി അഹമ്മദ് കോയ വിധിച്ചു.

മൂന്നു പേരും 50,000 രൂപ വീതം നഷ്ടപരിഹാരവും നല്‍കണം. ഇത് കേസിലെ പരാതിക്കാരിയായ കുലശേഖരപതി സ്വദേശിനിക്ക് നല്‍കും. ഷെമിയയ്ക്ക് അടുത്ത മാസം മൂന്നുവരെ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിധി കേട്ട് ഷമിയ കോടതിയില്‍ കുഴഞ്ഞു വീണു.

2007 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ യുവതിയെ ഷാര്‍ജയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടു പോയ ശേഷം പെണ്‍ വാണിഭ സംഘത്തിന് കൈമാറി എന്നാണ് കേസ്. പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിയ യുവതി പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ മാർച്ചിലാണ് പത്തനംതിട്ട അതിവേഗ കോടതിയിൽ വിചാരണ ആരംഭിച്ചത്. വിദേശത്തു നടന്ന സംഭവമായതിനാല്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പ്രതികളില്‍ ആരോപിച്ചിരുന്ന കുറ്റങ്ങളില്‍നിന്നും ബലാത്സംഗം, അനാശാസ്യത്തിനു പ്രേരിപ്പിക്കല്‍ തുടങ്ങിയവ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

ഗൂഢാലോചന, വഞ്ചന, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ , വധഭീഷണി, എമിഗ്രേഷന്‍ നിയമലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

300ഓളം യുവതികളെ സംഘം ചൂഷണം ചെയ്തതായി പരാതിക്കാരിയായ യുവതി പറയുന്നുവെങ്കിലും മറ്റാരും പരാതിയുമായി രംഗത്തുവരാന്‍ തയാറായില്ല. പരാതിക്കാരിയായ യുവതിയുടെ മൊഴിമാത്രമായിരുന്നു പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കിയിരുന്നത്‌.

വിദേശത്തു നടന്ന ഒരു കുറ്റകൃത്യം കേരളത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിക്കുന്നത്‌ ആദ്യമായി ഈ കേസിലാണ്. 

Permanent link to this article: http://pravasicorner.com/?p=12370

Copy Protected by Chetan's WP-Copyprotect.