അപേക്ഷാഫോറങ്ങളില്‍ സ്ത്രീ-പുരുഷസമത്വം : സര്‍ക്കാരിന്റെ കര്‍ശനനിര്‍ദ്ദേശം

എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതു മേഖലാസ്ഥാപനങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി പുതുതായി അച്ചടിക്കുന്ന എല്ലാ അപേക്ഷാഫോറങ്ങളും ലിംഗസമത്വം പ്രതിഫലിപ്പിക്കുന്നതും, സ്ത്രീ-പുരുഷതുല്യത ഉറപ്പുവരുത്തുന്നതരത്തിലുള്ളതുമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

നിലവിലുള്ള ഫോറങ്ങളില്‍ അച്ഛന്‍, ഭര്‍ത്താവ്, അപേക്ഷകന്‍, കൈവശക്കാരന്‍, ഗൃഹനാഥന്‍, കുടുംബനാഥന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ യഥാക്രമം അച്ഛന്‍ അല്ലെങ്കില്‍ അമ്മ, ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, അപേക്ഷകന്‍ അല്ലെങ്കില്‍ അപേക്ഷക, കൈവശക്കാരന്‍ അല്ലെങ്കില്‍ കൈവശക്കാരി, കുടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബനാഥ എന്നിങ്ങനെ മാറ്റം വരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമായിക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകളിലും ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്ന ഫോറങ്ങളിലും ഈ മാറ്റം നിര്‍ബന്ധമായും വരുത്തണം.

2013 ജനുവരി മുതല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ ഫോറങ്ങള്‍/സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. വകുപ്പുമേധാവികളും ജില്ലാ കളക്ടര്‍മാരും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കുള്ള ഫോറങ്ങള്‍ സ്ത്രീ-പുരുഷ ഭേദമില്ലാത്തതാവണമെന്നും അതിനാല്‍ പുതുതായി അച്ചടിക്കുന്ന ഫോറങ്ങളില്‍ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പുവരുത്തണമെന്നും കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ നേരത്തേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും നിര്‍ദേശം പാലിക്കുന്നതില്‍ പല വകുപ്പുകളും വീഴ്ചവരുത്തുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍. 

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Copy Protected by Chetan's WP-Copyprotect.