വിസ ഹൌസ് ഡ്രൈവര്‍ ആണ്. ജിദ്ദയില്‍ സൗദിയുടെ വീട്ടിലാണ് ജോലി. ആറു മാസമായി ശമ്പളം ഇല്ല. എക്സിറ്റ് ചോദിക്കുമ്പോള്‍ വിസക്ക് ചിലവായ 6000 റിയാല്‍ തന്നാല്‍ തരാം എന്നാണ് സ്പോണ്സര് പറയുന്നത്. നാട്ടില്‍ കുടുംബം പട്ടിണിയിലാണ്. എന്തെങ്കിലും പരിഹാരം നിര്‍ദേശിച്ചു തരാമോ ? എവിടെയുള്ള തൊഴില്‍ കോടതിയില്‍ ആണ് പരാതി നല്‍കുക ?
നിങ്ങള്‍ക്ക് തൊഴില്‍ കോടതിയില്‍ പരാതി നല്കാന് സാധിക്കില്ല. സൗദി തൊഴില്‍ നിയമ പ്രകാരം ഗാര്‍ഹിക ജോലിക്കാര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നവരല്ല. ഹൌസ് ഡ്രൈവര്‍, തോട്ടക്കാരന്, പാചകക്കാരന് തുടങ്ങിയവരെല്ലാം ഗാര്‍ഹിക ജോലിക്കാര്‍ എന്നാ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവര്‍ക്ക് തൊഴില്‍ നിയമപ്രകാരം തൊഴില്‍ കോടതികളില്‍ പോയി നിയമ പരിരക്ഷ ആവശ്യപ്പെടുക സാധ്യമല്ല.
എന്നാല്‍ ഇവര്‍ക്ക് പരാതിപ്പെടാനായി മറ്റൊരു സംവിധാനം നിലവിലുണ്ട്. സൗദി തൊഴിലാളി ക്ഷേമ വകുപ്പിന് കീഴില്‍ ഒരു പ്രത്യേക ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ‘Office of the Domestic Workers Committee’ എന്നാണ് അതിന്റെ പേര്. ഹൌസ് ഡ്രൈവര്‍മാര്‍, ആട്ടിടയന്മാര്, വേലക്കാരികള്‍, തോട്ടക്കാര്‍ എന്നിവര്‍ക്കെല്ലാം ഇവിടെ പരാതി നല്‍കാം. നിങ്ങള്‍ താമസിക്കുന്ന ജിദ്ദയില്‍ ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഫലസ്തീന് റോഡില്‍ ആണ് ഇതിന്റെ ഓഫീസ്. അവിടെ നിങ്ങള്‍ക്കു പരാതി സമര്‍പ്പിക്കാവുന്നതാണ്. നേരിട്ടും, ടെലിഫോണിലൂടെ ആണെങ്കില്‍ 02 6616688 എന്ന നമ്പരിലൂടെയും 02 6653238 എന്ന നമ്പരിലൂടെ ഫാക്സ് ആയും പരാതി സമര്‍പ്പിക്കാം.
ഇവിടെ പരാതികള്‍ സമര്‍പ്പിക്കേണ്ടത് അറബിയിലായിരിക്കണം എന്നൊരു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. പരാതിക്കൊപ്പം തൊഴില്‍ കരാര്‍ ഉണ്ടെങ്കില്‍ അതിന്റെ ഒരു കോപ്പി കൂടെ സമര്‍പ്പിക്കണം. കൂടാതെ പാസ്സ്പോര്‍ട്ട്, ഇഖാമ തുടങ്ങിയവയുടെ കോപ്പിയും നല്‍കണം. ഇതിനൊപ്പം സ്പോന്സരുമായി ബന്ധപ്പെടാനുള്ള ടെലെഫോണ്‍ നമ്പരും മേല്‍വിലാസവും നല്‍കണം.
ഓരോ ആഴ്ചയിലും ശനിയാഴ്ചയും, ചൊവ്വാഴ്ചയും ആണ് പ്രശ്നപരിഹാരത്തിന് വേണ്ടി ഇരു കൂട്ടരെയും വിളിപ്പിക്കുക. പരാതിക്കാരനെയും സ്പോന്സരെയും ഒരുമിച്ചിരുത്തി കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കുകയാണ് രീതി. അതിനാല്‍ സ്പോന്സര്ക്ക് ഹിതകരമാല്ലാത്തത് സംഭവിച്ചാല്‍ മുന്‍കരുതലെന്ന (ഹുറൂബ് തുടങ്ങിയവയില്‍ നിന്ന്) നിലക്ക് കോണ്സലേറ്റിന്റെയോ സാമൂഹിക പ്രവര്‍ത്തകരുടെയോ സഹായം തേടുന്നത് നല്ലതാണ്.