സൗദിയിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറിനു കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

 

1

 

ന്യൂഡല്‍ഹി: സൗദിയിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സൗദിയില്‍ ജോലി ചെയ്യുന്ന ആറു ലക്ഷത്തോളം പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കരാര്‍ നിലവില്‍ വരുന്നതോടെ ഗാര്‍ഹിക തൊഴിലാളികള്‍ കൂടുതല്‍ സുരക്ഷിതരായി മാറും. തൊഴില്‍ കരാറില്‍ സ്പോണ്‍സര്‍ ഒപ്പ് വെക്കണം. ഗാര്‍ഹിക വിസയില്‍ ജോലിക്ക് പോകുന്ന തൊഴിലാളിക്ക് സര്‍ക്കാരിന്റെ അംഗീകാരം വേണ്ടി വരും. തൊഴില്‍ കരാര്‍ എംബസ്സി അംഗീകരിക്കുകയും വേണം. അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സി വഴി മാത്രമേ തൊഴിലാളിക്ക് പോകാന്‍ സാധിക്കൂ.

ശമ്പളവും തൊഴിലാളിക്ക് ലഭിക്കേണ്ട മറ്റു ആനുകൂല്യങ്ങളും തൊഴില്‍ കരാറില്‍ കാണിച്ചിരിക്കണം.തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പു വരുത്തും. ശമ്പളം പ്രതിമാസം ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണം. പ്രതിവാര അവധി ആനുകൂല്യവും ഉണ്ടാവും. ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടാല്‍ സ്പോണ്‍സര്‍ക്ക്  എതിരെ നടപടികള്‍ക്കായി അധികൃതരെ സമീപിക്കാന്‍ സാധിക്കും.

തൊഴില്‍ കരാര്‍ എംബസ്സി അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധന ഈ മേഖലയിലെ വിസ കച്ചവടത്തിന് അറുതി വരുത്തും. തൊഴില്‍ കരാര്‍ ഉള്ളതിനാല്‍ അവയുടെ ലംഘനമുണ്ടായാല്‍ അത് എളുപ്പത്തില്‍ തെളിയിക്കാനും നടപടികള്‍ എടുക്കാനും സാധിക്കും.

പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് കരാര്‍ മന്ത്രിസഭാ യോഗത്തിന്റെ മുന്നില്‍ കൊണ്ട് വന്നത്. കഴിഞ്ഞ മെയ്‌ 31 ന് ഡല്‍ഹിയില്‍ വെച്ചുണ്ടായ ഉഭയ കക്ഷി ചര്‍ച്ചയില്‍ ആണ് ഈ തൊഴില്‍ കരാറിനു അന്തിമ രൂപം നല്‍കിയത്.  കരാര്‍ ഒപ്പ് വെക്കുന്നതിനു സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദീല്‍ ഫഖീഹ് ഇന്ത്യയിലെത്തും. 

You may have missed

Copy Protected by Chetan's WP-Copyprotect.