«

»

Print this Post

സ്പോണ്സറില്‍ നിന്നും ഒളിച്ചോടി. എങ്ങിനെ നാട്ടില്‍ പോവും?

ഞാന്‍ സൗദി അറേബ്യയില്‍ ഒരു കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലിക്കായി വന്നതാണ്‌ നാട്ടില്‍ വച്ച് രണ്ടുവര്‍ഷത്തെക്കാന്ന് എഗ്രിമെന്റെന്നും മൂന്ന് മാസം കഴിഞ്ഞു ശമ്പളം കൂട്ടിത്തരും എന്നൊക്കെ പറഞ്ഞു. പക്ഷെ ഇവിടെ വന്നപ്പോള്‍ കഫീല്‍ മൂന്ന് വര്‍ഷത്തേക്കാണ് ജോലിയെന്നും മൂന്ന് വര്ഷം കഴിയുമ്പോലെ ലീവ് തരുകയുള്ളൂവെന്നും അതിനുശേഷം തിരിച്ചുവരുംപോഴേ ശമ്പളം കൂടി തരുകയുള്ളൂവെന്നും പറഞ്ഞു . അത് പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ തിരികെ പോയ്കൊള്ളന്‍ പറഞ്ഞു എന്നാല്‍ ആദ്യമായി അന്യരാജ്യത്തുവന്ന എനിക്ക് നാട്ടില്‍ നിന്നും കടമോക്കെ വാങ്ങിവന്നതിനാല്‍ തിരിച്ചുപോകാന്‍ പറ്റുന്ന സാഹചര്യം അല്ലായിരുന്നു ആയതിനാല്‍ അയാള്‍ തന്ന പേപ്പറില്‍ സൈന്‍ ചെയ്യേണ്ടിവന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലിക് പകരം വര്‍ക്ഷോപ്പ് ജോലികള്‍ ആണ് എന്നെക്കൊണ്ട് ചെയ്യിച്ചത് അത് കൂടാതെ എനിക്ക് ഹെവി ഡ്രൈവറുടെ ഇഖാമ ആണ് ഉണ്ടായിരുന്നത്. കൂടാതെ ഞങ്ങളുടെ കൂടെ ജോലിചെയ്തിരുന്നൊരാള്‍ പോലീസില്‍ കേസും കൊടുക്കുകയുമുണ്ടായി. ഈ സംഭവത്തിന്‌ ശേഷം എന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്റ്റ്‌ വേണം എന്ന് പറഞ്ഞെങ്കിലും ഞാന്‍ കൊടുത്തില്ല അതിനാല്‍ എനിക്ക് രണ്ടുമാസം ശമ്പളം തരാതിരികുകയും ചെയ്തു .അതുകൊണ്ട് ഞാന്‍ എപ്പോള്‍ അവിടെനിന്നും ചാടി പുറത്തു പണിയെടുക്കുകയാണ്. തിരിച്ചു നാട്ടിലേക്കു പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

സ്പോണ്സറില്‍ നിന്ന് ‘ചാടി പണിയെടുക്കുക’ എന്ന് മലയാളത്തില്‍ പറയുന്നതിന്റെ നിയമ വ്യാഖ്യാനം ആണ് കരാര്‍ ലംഘനം. തൊഴില്‍ കരാര്‍ വായിച്ചു നോക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്നതാനെന്കില്‍ മാത്രമേ ഒപ്പിട്ടു കൊടുക്കാവൂ. മാത്രമല്ല വായിച്ചു മനസ്സിലാവാത്ത യാതൊരു കരാറിലും ഒപ്പിടാനും പാടില്ല. ഒപ്പിട്ടാല്‍ അതിലെ വ്യവസ്ഥകള്‍ സൗദി തൊഴില്‍ നിയമത്തിനു വിരുദ്ധമല്ലെങ്കില്‍ അതു നിയമപരവും, പാലിക്കുവാന്‍ ഒപ്പിട്ടയാള്‍ ബാധ്യസ്ഥനാണ്. നാട്ടില്‍ വെച്ച് ഒപ്പിട്ട കരാറിനു പുറമേ തൊഴിലുടമയുടെ മറ്റൊരു കരാറിലും ഒപ്പിടുവാന്‍ നിങ്ങള്‍ ബാധ്യസ്ഥനല്ല എന്ന് കൂടി ഓര്‍ക്കുക. (ഇവിടെ ഭൂരിഭാഗം പേര്‍ക്കും ചതി പറ്റുന്ന ഒരു സന്ദര്‍ഭം ഉണ്ട്. നാട്ടില്‍ നിന്നും റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഒപ്പിടുവിക്കുന്നത് ഇംഗ്ലീഷിലുള്ള കരാറില്‍ ആയിരിക്കും. എന്നാല്‍ ഇവിടെ എത്തുമ്പോള്‍ ഇംഗ്ലീഷിലുള്ള കരാര്‍ സ്വീകാര്യമല്ലെന്നും അറബിയിലോ, അറബിയും ഇന്ഗ്ലീഷിലും കൂടിയുള്ളതുമായ തൊഴില്‍ കരാറില്‍ ഒപ്പ് വെക്കാന്‍ ഒട്ടു മിക്ക തൊഴിലുടമകളും നിര്‍ബന്ധിക്കും. ആ കരാറില്‍ ചിലപ്പോള്‍ പുതിയ എത്നെന്കിലും വ്യവസ്ഥകളും കൂട്ടിചേര്‍ത്തിട്ടുണ്ടാവുകയും  ചെയ്യും)

ഇനി കരാര്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എങ്കില്‍ നിയമപ്രകാരം തന്നെ കരാര്‍ ഇല്ലാതാക്കുന്നതിനും സൗദി തൊഴില്‍ നിയമത്തില്‍ വകുപ്പുകള്‍ ഉണ്ട്. ജോലിയെ സംബന്ധിച്ചും ജോലി സാഹചര്യങ്ങളെ സംബന്ധിച്ചും  തെറ്റിദ്ധരിപ്പിച്ചാണ് കരാര്‍ ഒപ്പിടുവിച്ചതെന്കില്‍ നോട്ടീസ്‌ പോലും നല്‍കാതെ നിയമപരമായി കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശം സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 81 പ്രകാരം നിങ്ങള്‍ക്കുണ്ടായിരുന്നു. കരാര്‍ പ്രകാരം ധാരണയിലെത്തിയ തൊഴിലുനു വിരുദ്ധമായ തൊഴിലെടുക്കാന്‍ സ്പോന്സോര്‍ നിര്‍ബന്ധിച്ചാലും വകുപ്പ് 60 പ്രകാരവും 81(3) പ്രകാരവും മേല്പറഞ്ഞ അവകാശം നിയമപരമായി പ്രയോഗിക്കാമായിരുന്നു. പക്ഷെ സ്പോന്സരുടെ അടുക്കല്‍ നിന്നും ഓടിപ്പോന്നതിനാല്‍ മേല്പറഞ്ഞ നിയമപരമായ അവകാശങ്ങളൊക്കെ ഉപയോഗിക്കാനുള്ള  അവസരം നഷ്ടപ്പെട്ടു.

എന്തായാലും സ്പോണ്സരുടെ അടുത്ത് നിന്നും ഓടിപ്പോന്നത് കൊണ്ട് നിങ്ങളെ സ്പോണ്സര്‍ ഹുറൂബ് ആക്കിയിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്തണം. അന്യായമായാണ് ഹുറൂബ് ആക്കിയതെന്കില്‍ പ്രസ്തുത സമയത്ത് നിങ്ങള്‍ ഓടിപ്പോയിട്ടില്ല എന്നതിന്  ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ തെളിവ് ഹാജരാക്കിയെന്കില്‍ നേരിയ പ്രതീക്ഷ അവശേഷിക്കുമായിരുന്നു. ഇവിടെ ഓടിപ്പോയി എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്ന  സ്ഥിതിക്ക് അത്തരം നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയില്ല.

ഹുറൂബ് ആക്കിയിട്ടുന്ടെന്കില്‍ ഇവിടുത്തെ നിയമപരമായി താമസിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നിങ്ങള്ക്ക് നിഷേധിക്കപ്പെടും. അങ്ങിനെയാണെങ്കില്‍ തര്‍ഹീല്‍ വഴിയല്ലാതെ നിയമപരമായി സൗദി അറേബ്യയില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കില്ല. ഹുറൂബില്‍ കുടുങ്ങിയ ഒരാള്‍ ഡീപോട്ടേഷന്‍ സെന്ററിലെ ലേബര്‍ വിഭാഗത്തില്‍ അപേക്ഷ നല്‍കിയാല്‍ സ്‌പോണ്‍സറെ ബന്ധപ്പെടുകയാണ് ആദ്യമായി ചെയ്യുക. പരസ്പരം ഏതെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ ഉണ്ടോ എന്നറിയുന്നതിനാണിത്. ആദ്യത്തെ തവണ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഒരാഴ്ചത്തേക്ക് കൂടി കേസ് മാറ്റിവെക്കും. വീണ്ടും സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിക്കും. അങ്ങിനെ പരമാവധി മൂന്നുതവണയാണ് ഈ രീതിയില്‍ ശ്രമിക്കുക. എന്നിട്ടും സ്‌പോണ്‍സറെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഹുറൂബിലകപ്പെട്ട വിദേശിയുടെ വിരലടയാളം ശേഖരിച്ച് പൊലീസ് സ്‌റ്റേഷനുകള്‍ വഴി ഇയാളുടെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു വരുത്തി അന്വേഷണം പൂര്‍ത്തിയാക്കും. ഇതുകഴിഞ്ഞാല്‍  എക്‌സിറ്റ് നല്‍കുകയാണ് ചെയ്യുന്നത്. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് എംബസി നല്‍കുന്ന ഔട്ട് പാസ് ഉപയോഗിക്കാം.

ഹുറൂബ് ആക്കിയിട്ടില്ലെന്കില്‍ ഏതെന്കിലും സാമൂഹിക പ്രവര്ത്തകരുടെയോ മറ്റോ സഹായത്താല്‍ സ്പോന്സരെ കണ്ടു ദയനീയാവസ്ഥ ബോധ്യപ്പെടുത്തി ‘എക്സിറ്റ്’ വാങ്ങാന്‍ ശ്രമിക്കുക. കാരണം ഹുറൂബ് ആയി തര്‍ഹീലിലൂടെ പോയാല്‍ പിന്നീട് ഇവിടേയ്ക്ക് നിയമപരമായി തിരിച്ചു വരാന്‍ കഴിയില്ല. മാത്രമല്ല മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും പോകുന്നതിനു വിലക്കുണ്ടാവും.


Permanent link to this article: http://pravasicorner.com/?p=1278

Copy Protected by Chetan's WP-Copyprotect.