സൗദി അറേബ്യ/റിയാദ്: തൊഴിലാളികളെ മണിക്കൂര്‍ നിരക്കില്‍ വാടകക്ക് നല്കുന്ന സമാകോ എന്ന റിക്രൂട്ട്മെന്റ് കമ്പനിയുടെ പുതിയ സംവിധാനം രണ്ടാഴ്ചക്കകം നിലവില്‍ വരും. രാജ്യത്ത് ആദ്യമായി റിക്രൂട്ട്മെന്റ് അനുമതി ലഭിച്ച സ്വകാര്യ കമ്പനിയാണ് സമാകോ.
ആദ്യ ഘട്ടമെന്ന നിലയില്‍ വീട്ടു വേലക്കാരികളെ മാത്രമാണ് നല്‍കുക. പിന്നീട് മറ്റു തൊഴിലാളികളെ കൂടി നല്കി തുടങ്ങും. ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും തൊഴിലാളികളെ വാടകക്ക് നല്‍കും. പരിശീലനം നല്കിയ തൊഴിലാളികളെ ആയിരിക്കും നല്‍കുക. തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.
സമാകോ കമ്പനിയുടെ ‘റാഹത്’ എന്ന പദ്ധതി പ്രകാരമാണ് തൊഴിലാളികളെ നല്‍കുക എന്ന് കമ്പനി ചെയര്മാന് സഅദുള് ബദ്ദാഹ് വ്യക്തമാക്കി. സൗദി ചേംബര്‍ ഓഫ് കൊമ്മേഴ്സ് റിക്രൂട്ട്മെന്റ് സമിതി മേധാവി കൂടിയാണ് സഅദുള് ബദ്ദാഹ്.
ഇന്ത്യ, ഫിലിപ്പൈന്‍സ്, നേപാള്‍, കംപോഡിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയാണ് നല്‍കുക. ഇതിനകം തന്നെ ഈ പദ്ധതി പ്രകാരം ആറായിരത്തോളം തൊഴിലാളികളെ സമാകോ റിക്രൂട്ട് ചെയ്തു കഴിഞ്ഞു.