റിയാദില്‍ നിതാഖാത്‌ സൗജന്യ ടിക്കറ്റ്‌ വിതരണം വിവാദമാകുന്നു

0
2

 

 1

 

സൗദി അറേബ്യ/റിയാദ്‌: നിതാഖാത്‌ ഇരകള്‍ക്ക് നല്‍കാന്‍ നാട്ടിലെ സ്കൂള്‍ കുട്ടികള്‍ പിരിവെടുത്ത് നല്‍കിയ വിമാന ടിക്കറ്റുകള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്തത് വിവാദമാകുന്നു. തിരുവനന്തപുരം കാര്‍മല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിതാഖാത്‌ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി പിരിവെടുത്ത് നല്‍കിയ ടിക്കറ്റ്‌ റിയാദ്‌ ഒ.ഐ.സി.സി യിലെ ഒരു ഉന്നതന്‍ ഇടപെട്ടു സാമാന്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള ഒരാള്‍ക്ക്‌ മറിച്ചു കൊടുത്തു എന്നാണ് പരാതി.  

നിതാഖാത്‌ പദ്ധതി മൂലം ദുരിതമനുഭവിക്കുന്നവരുടെ വിവരങ്ങള്‍ പത്രങ്ങളിലൂടെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് നാല് ടിക്കറ്റുകള്‍ക്കുള്ള തുക കാര്‍മല്‍ സ്കൂളിലെ കുട്ടികള്‍ പിരിവെടുത്ത് അയച്ചു കൊടുത്തത്. നോര്‍ക്ക വഴിയാണ് ടിക്കറ്റ്‌ റിയാദിലേക്ക് അയച്ചു കൊടുത്തത്. ഇതിലെ രണ്ടു ടിക്കറ്റുകളാണ് റിയാദില്‍ വിതരണം ചെയ്തത്.

ഒരു ടിക്കറ്റ് നല്‍കിയത് പാളയംകുന്നു സ്വദേശിയായ മോഹനന്‍ നാരായണ പിള്ളക്കാണ്. ഇയാള്‍ ഹൃദ്രോഗിയും സാമ്പത്തിക സ്ഥിതി കുറഞ്ഞയാളുമാണ്. കുട്ടികളുടെ ടിക്കറ്റില്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയ നാരായണ പിള്ള തന്നെ കാത്തു നിന്ന കുട്ടികളെ കണ്ടു നന്ദി അറിയിച്ചാണ് വീട്ടിലേക്കു പോയത്.

രണ്ടാമത്തെ ടിക്കറ്റ്‌ നല്കിയ വ്യക്തിയുടെ സാമ്പത്തി സ്ഥിതിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വിളപ്പില്‍ശാല സ്വദേശിക്കാണ് രണ്ടാമത്തെ ടിക്കറ്റ്‌ നല്‍കിയത്.ഇയാള്‍ റിയാദിലെ അതീഖയില്‍ ഇലക്ട്രോണിക് കട നടത്തുന്നയാളായിരുന്നു. ഇയാള്‍ക്ക് നാട്ടില്‍ സ്വന്തമായി കാറും ഭാര്യയുടെ പേരില്‍ ഫാര്‍മസിയും മറ്റു സ്വത്തുക്കളുമുണ്ട് എന്ന് പറയപ്പെടുന്നു. നാട്ടിലേക്ക് പോകുന്നതിന്റെ തലേ ദിവസമാണ് ഇയാള്‍ റിയാദിലെ കട അടച്ചു പൂട്ടിയതെത്രേ.

തിരുവന്തപുരം വിമാന താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ കാത്തു നിന്ന കുട്ടികളുടെ കൂടെ ഫോട്ടോഗ്രാഫര്‍മാരെ കണ്ടപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഫോട്ടോ വന്നാലുള്ള അപമാനമോര്‍ത്തു കാത്തു നിന്ന കുട്ടികളുടെ കണ്ണില്‍ പെടാതെ മറ്റൊരു വഴിയിലൂടെ കടന്നു കളയുകയായിരുന്നു. മാനസികമായി വിഷമിച്ചു പോയ കുട്ടികളെ പിന്നീട് സൗദിയിലെ നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ്‌ കൊട്ടുകാട് വിളിച്ചു ആശ്വസിപ്പിച്ചിരുന്നു.  

റിയാദ്‌ ഒ.ഐ.സി.സി യിലെ ഒരു പ്രമുഖനാണ് ഇയാള്‍ക്ക് ടിക്കറ്റ്‌ തരപ്പെടുത്തി കൊടുത്തത്. റിയാദിലെ ബത്ഹ പാര്‍ക്കില്‍ തമ്പടിച്ചിരുന്നവരുടെ കൂട്ടത്തില്‍ നിന്നാണ് ഈ ഭാരവാഹി ടിക്കറ്റിനു അര്‍ഹരായവരെ കണ്ടെത്തിയതെന്നാണ് അവകാശപ്പെട്ടിരുന്നത്.   

ഇത്തരം പെരുമാറ്റത്തില്‍ മാനസിക വേദനയുണ്ടെങ്കിലും നിശ്ചയപ്രകാരം രണ്ടു ടിക്കറ്റുകള്‍ കൂടി കുട്ടികള്‍ നിതാഖാത് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അയച്ചു കൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

നേരത്തെ റിസാല സ്റ്റഡി സര്‍ക്കിള്‍ നിര്‍ദ്ദേശിച്ചിരുന്ന എറണാകുളം സ്വദേശി മുഹമ്മദലി, തമിഴ്നാട് പുതുക്കോട്ട സ്വദേശി സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് ഈ ടിക്കറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി അധികൃതര്‍ പാര്‍ക്കില്‍ നിന്നും അനധികൃത തൊഴിലാളികളെ ഇറക്കി വിട്ടതിനു ശേഷം ഇരുവരും തിരിച്ചു വന്നില്ലത്രേ. അതിനെ തുടര്‍ന്നാണ് പുതിയ രണ്ടു പേര്‍ക്ക് ടിക്കറ്റ്‌ നല്‍കാന്‍ തീരുമാനിച്ചത്.