«

»

Print this Post

സൗദിയില്‍ മയക്കു മരുന്ന് കടത്തിനുള്ള ശിക്ഷ വധശിക്ഷയാണ്

സൗദി മയക്കു മരുന്ന് നിയന്ത്രണ നിയമം മയക്കു മരുന്നിനോടു ബന്ധപ്പെട്ട കുറ്റങ്ങളെ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആയാണ് കണക്കാക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ മരണശിക്ഷ വരെ ലഭിക്കാം.

അറിവില്ലായ്മ കൊണ്ടും അശ്രദ്ധ കൊണ്ടും നിരവധി പ്രവാസികള്‍ ശിക്ഷ ഏറ്റു വാങ്ങിയിട്ടുണ്ട്. വിമാനതാവളങ്ങളില്‍ വെച്ച് അപരിചിതര്‍ നല്‍കുന്ന പൊതികള്‍ തുറന്നു നോക്കാതെ സ്വന്തം ബാഗില്‍ വെച്ച് പോരുന്നവര്‍ അധികൃതരുടെ പരിശോധനാ സമയത്ത് മാത്രമാണ് ചതിയിലകപ്പെട്ടതായി തിരിച്ചറിയുക. അറിയാതെ ചതിയിലകപ്പെട്ടതാണെന്ന വാദം കോടതി മുഖവിലക്കെടുക്കാറില്ല. കാരണം ബോധപൂര്‍വം മയക്കു മരുന്ന് കടത്തുന്നവരും പിടിക്കപ്പെടുമ്പോള്‍ ഇതേ ന്യായവാദമാണ് ഉന്നയിക്കാറുള്ളത്.

അതുപോലെതന്നെ നിസ്സാര സാമ്പത്തിക ലാഭത്തിനു വേണ്ടി മയക്കു മരുന്ന് കാരിയര്‍മാര്‍ ആവാന്‍ തയ്യാറാവുന്നരും നിരവധിയാണ്. എന്നാല്‍ ഒന്നോര്‍ക്കുക, ഒരു സമൂഹത്തിന്റെ കര്‍മശേഷിയെ നിര്‍ജ്ജീവവും അലസവും ആക്കുന്ന ഒന്നാണ് മയക്കു മരുന്ന് ഉപയോഗം. അതിനിവിടെ മാപ്പില്ല.

സൗദി അറേബ്യയിലെ മയക്കു മരുന്ന് നിയന്ത്രണ നിയമം കുറ്റക്കാരെ മൂന്നു വിഭാഗങ്ങളായാണ് കാണുന്നത്.

  • മയക്കു മരുന്ന് കള്ളക്കടത്തുകാര്‍ (Smugglers)
  • മയക്കു മരുന്ന് വിതരണക്കാര്‍ (Dealers)
  • മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ (Users)


 1.       മയക്കു മരുന്ന് കള്ളക്കടത്തുകാര്‍.

സൗദിയുടെ പുറത്തു നിന്നും രാജ്യത്തിന് അകത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നവരെയും ആ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു ആളുകളെയുമാണ് മയക്കുമരുന്ന് കള്ളകടത്തുകാരായി കണക്കാക്കുന്നത്. ഇത്തരക്കാരോട് യാതൊരു വിധ ദയാദാക്ഷിണ്യവും കാണിക്കാറില്ല. മിക്കവാറും കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയാണ് ലഭിക്കുക. ഇവരെ കൂടാതെ മയക്കു മരുന്ന് രാജ്യത്തിനകത്തു സ്വീകരിക്കുന്നവരെയും അത് മറ്റു വിതരണക്കാര്‍ക്ക് വിതരണം ചെയ്യുന്നവരെയും കള്ളകടത്തുകാരായി പരിഗണിക്കും.

2.       മയക്കു മരുന്ന് വിതരണക്കാര്‍

മയക്കു മരുന്ന് ഏജന്റുമാര്‍ക്കും ഉപയോക്താക്കള്‍ക്കും വിതരണം ചെയ്യുന്നവരെയാണ് മയക്കു മരുന്ന് വിതരണക്കാര്‍ ആയി കണക്കാക്കുന്നത്. മുന്‍പ് ഇതേ കുറ്റത്തിന് ശിക്ഷ അനുഭവിച്ചവരെയും സൗദി നിയമം രണ്ടു തരത്തിലാണ് കണക്കാക്കി  പോരുന്നത്. ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്ക് തടവുശിക്ഷ, ചാട്ടയടി, പിഴ ശിക്ഷ എന്നിവയായിരിക്കും ലഭിക്കുക. എന്നാല്‍ തുടര്‍ച്ചയായി കൃത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷകളും ചിലപ്പോള്‍ മരണ ശിക്ഷ വരെ ലഭിച്ചേക്കാം.

3.       മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍.

മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ന്യായാധിപന്‍ വിധിക്കുന്ന മറ്റു തരത്തിലുള്ള ശിക്ഷകളോ ലഭിക്കാം. വിദേശിയാണ് കുറ്റക്കാരനെങ്കില്‍ ശിക്ഷക്ക് ശേഷം രാജ്യത്ത്രാ നിന്ന് നാട്കടത്തും.

സൗദിനിയമം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി മയക്കുമരുന്നിനു അടിമപ്പെട്ടവരെ ചികിത്സ ആവശ്യമുള്ള രോഗികള്‍ ആയാണ് പരിഗണിക്കുന്നത്. പിടിക്കപ്പെട്ടവര്‍ ചികിത്സയിലുള്ള ആളാണെങ്കില്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പകരം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുക.

വിദ്യാര്‍ഥികള്‍ ആണെങ്കില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷ ഒഴിവാക്കുകയും അവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും ശിക്ഷണവും നല്‍കാമെന്ന മാതാപിതാകളുടെ ഉറപ്പിന്മേല്‍ മേല്‍നോട്ടത്തിന് വിധേയമായി വിട്ടയക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാല്‍ ശിക്ഷിക്കുകയാനെന്കില്‍ തന്നെ മൂന്നു മാസത്തില്‍ കൂടുതലുള്ള തടവ്‌ ശിക്ഷയോ അമ്പതു ചാട്ടയടിയില്‍ കൂടുതലോ ശിക്ഷയായി നല്‍കാറില്ല.

————————————————————————————————————-

(Saudi law of Narcotics control is enacted pursuant to the Royal Order No. 4/B/966 and dated 10/07/1407H.that includes the decision of the Senior Jurist Commission No. 138 dated 20/06/1407 H. and the ministerial resolution No. 11 for 1374H.)

 

Permanent link to this article: http://pravasicorner.com/?p=1306

Copy Protected by Chetan's WP-Copyprotect.