സൗദിയില്‍ സ്ത്രീ വേഷത്തില്‍ യാചന നടത്തിയിരുന്ന ബാലന്‍ പിടിയില്‍

0
1

 

1
പിടിയിലായ ബാലന്‍ പോലീസ്‌ സ്റ്റേഷനില്‍

 

സൗദി അറേബ്യ/അല്‍ ഖര്‍ജ്: അബായ ധരിച്ചു പെണ്‍കുട്ടിയെന്ന വ്യാജേന യാചന നടത്തിയിരുന്ന ബാലനെ പട്രോള്‍ പോലീസ്‌ പിടികൂടി. നഗരത്തിലെ ട്രാഫിക്‌ സിഗ്നലിനു സമീപമായിരുന്നു ഇയാള്‍ യാചന നടത്തിയിരുന്നത്. സംശയം തോന്നി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബാലനാനെന്നു തിരിച്ചറിഞ്ഞത്.കൂടുതല്‍ നടപടികള്‍ക്കായി ബാലനെ ഖാലിദിയ പോലീസിനു കൈമാറി.

സ്ത്രീ വേഷം ധരിച്ചു യാചന നടത്തിയിരുന്ന 20 കാരനായ സൗദി യുവാവിനെ ദമ്മാമിലെ തിരക്കേറിയ കവലയില്‍ നിന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പോലീസ്‌ പിടികൂടിയിരുന്നു. 

സൗദിയില്‍ യാചന നിരോധിക്കപ്പെട്ടതാണെങ്കിലും സ്ത്രീകളും സ്ത്രീ വേഷം ധരിച്ച പുരുഷന്മാരും പള്ളികളുടെയും തിരക്കേറിയ സ്ഥാപനങ്ങളുടെയും സിഗ്നലുകളുടെയും മുന്നില്‍ യാചന നടത്തുന്ന പ്രവണത കൂടുതലായി കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ഒഗസ്റ്റ് മാസത്തില്‍ 210 യാചകരെ ദാമ്മാമില്‍ നിന്ന് പിടികൂടിയിരുന്നു. ഇതില്‍ 107  സ്ത്രീകളും 30 പുരുഷന്മാരും 73 കുട്ടികളും ഉള്‍പ്പെടുന്നു.പിടിക്കപ്പെടുന്നവരില്‍ 80ശതമാനവും വിദേശികളാണ്. തിരക്കേറിയ പള്ളികളുടെ മുന്‍പില്‍ നിന്നും സിഗനലുകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. 

യാചകരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനു പിന്നില്‍ വന്‍ സംഘങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു. കുട്ടികളെയും സ്ത്രീകളെയും യാചനക്ക് വേണ്ടി വിദേശങ്ങളില്‍ നിന്ന് കടത്തി കൊണ്ട് വന്ന് തിരക്കേറിയ വിവിധ സ്ഥലങ്ങളില്‍ ഇരുത്തുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. വൈകീട്ട് ഇവരെ ഒരുമിച്ചു താവളത്തിലേക്ക് മാറ്റുകയും ഇവര്‍ക്ക് ലഭിക്കുന്ന പണം സംഘം കൈക്കലാക്കുകയും ചെയ്യും.

സൗദി നിയമ പ്രകാരം യാചനക്ക് വേണ്ടി കുട്ടികളെയും സ്ത്രീകളെയും ഉപയോഗിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഈ കുറ്റത്തിന് 15 വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാം. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ റിയാല്‍ വരെ പിഴ ശിക്ഷയും ലഭിച്ചേക്കാം. മനുഷ്യക്കടത്തിനു സമാനമായ കുറ്റകൃത്യമായാണ് നിയമം ഇതിനെ കാണുന്നത്.