ദഹറാന്‍ മാളില്‍ സ്ത്രീകളെ കയ്യേറ്റം ചെയ്ത സംഭവം: കുറ്റക്കാരെ പിടികൂടുമെന്ന് പോലീസ്‌

0
2
1
വീഡിയോ കാണുന്നതിനു ഈ ഫോട്ടോയില്‍ ക്ലിക്ക്‌ ചെയ്യുക

 

സൗദി അറേബ്യ/ദമ്മാം: കഴിഞ്ഞ ദിവസം ദഹറാന്‍ മാളില്‍ വെച്ച് സ്ത്രീകളെ പിന്തുടര്‍ന്ന് പരിഹസിച്ചും ശകാരിച്ചും കയ്യേറ്റം ചെയ്ത സംഭവത്തില്‍ രാജ്യത്ത്‌ വന്‍ പ്രതിഷേധം ഉയരുന്നു.

രാജ്യത്തെ നാണക്കേടിലാക്കിയ സംഭവം കണ്ടു നിന്നവരില്‍ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ് ലോഡ്‌ ചെയ്തതോടെയാണ് കുറ്റക്കാരെ കണ്ടു പിടിച്ചു ശിക്ഷിക്കണമെന്ന ആവശ്യം ഉയരുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി രണ്ടു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അബായ ധരിച്ച അഞ്ചു പേരടങ്ങുന്ന സ്ത്രീകളുടെ സംഘത്തെ യുവാക്കളുടെ കൂട്ടം പിന്തുടര്‍ന്ന് പരിഹസിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

മാളില്‍ നിന്നും പുറത്തിറങ്ങി പാര്‍ക്കിംഗ് സ്ഥലത്ത്‌ എത്തുന്നത്‌ വരെ കൂക്കി വിളിക്കലും പരിഹാസവും തുടരുന്നു. പ്രതികരിക്കാന്‍ തുനിഞ്ഞ ഒരു സ്ത്രീയെ ഒരു യുവാവ് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കിഴക്കന്‍ മേഖല പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. യുവതികളില്‍ നിന്നും ഇത് വരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും മോശമായ പെരുമാറ്റത്തിന്റെ പേരില്‍ സംഭവത്തിന്‌ ഉത്തരവാദികളായവരെ വിളിച്ചു വരുത്തി നിയമ നടപടികള്‍ എടുക്കും.

വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ മതകാര്യ പോലീസിന്റെ കിഴക്കന്‍ മേഖല ചെയര്‍മാന്‍ അല്‍ഖോബാര്‍ ഗവര്‍ണറുമായി ബന്ധപ്പെട്ടെന്നും കുറ്റക്കാരെ അറസ്റ്റ്‌ ചെയ്തു നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടതായും കിഴക്കന്‍ മേഖല മതകാര്യ പോലീസ്‌ വക്താവ് ദിബൈക്കി അല്‍ ദിബൈക്കി വ്യക്തമാക്കി.