«

»

Print this Post

ഇളവ്‌ സമയ കാലാവധി ഇന്ന് തീരുന്നു: ആദ്യ ദിവസങ്ങളില്‍ പിടികൂടുന്നവരെ ഉടന്‍ നാട് കടത്തും

 

1

 

സൗദി അറേബ്യ/റിയാദ്‌: വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനും രേഖകള്‍ ശരിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനും അബ്ദുള്ള രാജാവ് അനുവദിച്ച ഇളവ്‌ സമയ പരിധിയുടെ കാലാവധി ഇന്ന് അവസാനിക്കുന്നു. 

സമയ പരിധി കഴിയുന്നതിനാല്‍ ഇന്നത്തെ പ്രവൃത്തി സമയം അവസാനിക്കുന്നതിനു മുന്‍പായി പരമാവധി അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും ഇളവ്‌ സമയ കാലത്തെ മുഴുവന്‍ ഇളവുകളും അപേക്ഷകര്‍ക്ക് ലഭിക്കും.

രേഖകള്‍ നിയമപരമാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇന്നും തര്‍ഹീലുകളില്‍ വിരലടയാളം നല്‍കാം. വിരലടയാളം നല്‍കുന്നവര്‍ക്ക് സമയ പരിധി അവസാനിച്ചാലും മുഴുവന്‍ ഇളവുകളോടെ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാന്‍ സാധിക്കും. 

പരിശോധനയില്‍ പിടിയിലാകുന്നവരെ വിരലടയാളം ശേഖരിച്ചു നാട് കടത്തും. അവര്‍ക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് ആജീവനാന്തം പ്രവേശന നിരോധനം ഏര്‍പ്പെടുത്തും.  പിടിക്കപ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ ആവത്തിക്കുന്നുണ്ടെങ്കിലും ആദ്യ ദിവസങ്ങളില്‍ പിടിക്കപ്പെടുന്നവരെ ആവശ്യം വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി ഉടനെ തന്നെ നാട് കടത്താനാണ് ആഭ്യന്തര മന്ത്രാലയ അധികൃതരുടെ തീരുമാനം.പിന്നീട് പിടിയിലാകുന്നവര്‍ക്ക് ശിക്ഷകള്‍ മുഴുവനായി അനുഭവിക്കേണ്ടി വരും.

പരിശോധനക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആഭ്യന്തര – തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പിടിയിലാകുന്നവര്‍ പാര്‍പ്പിക്കാന്‍ റിയാദില്‍ രണ്ടും ജിദ്ദയില്‍ ഒന്നും കൂറ്റന്‍ ജയിലുകള്‍ അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്. മറ്റുള്ള പ്രവിശ്യകളിലെ നിലവിലുള്ള ജയിലുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തൊഴില്‍ നിയമ ലംഘകര്‍ക്ക് വേണ്ടി വീടുകളില്‍ കയറി പരിശോധനകള്‍ നടത്തില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വീടുകളില്‍ കയറി പരിശോധന നടത്തുന്നതിന് വനിതാ പരിശോധകരെ നിയമിച്ചുവെന്ന വാര്‍ത്ത തൊഴില്‍ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

പരിശോധിക്കേണ്ട സ്ഥലങ്ങളെ സംബന്ധിച്ചുള്ള വിശദമായ രൂപരേഖ തയ്യാറാക്കിയതായി പൊതുസുരക്ഷാ വകുപ്പ് ഉപമേധാവി ജുമാന്‍ അല്‍ ഗാംദി വ്യക്തമാക്കി. പരമാവധി വിവരങ്ങള്‍ ശേഖരിച്ചു പരിശോധിക്കേണ്ട സ്ഥലങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും പോലീസ്‌ മേധാവികളുടെ നിര്‍ദ്ദേശാനുസരണമായിരിക്കും പരിശോധനകള്‍ സജ്ജീകരിക്കുക. പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു ആദ്യ ദിവസങ്ങളിലെ പരിശോധനകള്‍ നടത്തും. പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്തെ ഒരു ഭാഗവും പരിശോധനാ വിധേയമാക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Permanent link to this article: http://pravasicorner.com/?p=13632

Copy Protected by Chetan's WP-Copyprotect.