നിതാഖാത്: സൗദിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തുന്നു

0
2

 

1

 

തിരുവനന്തപുരം: നിതഖാത് നിയമ നടപടികള്‍ മൂലം ജോലി നഷ്ടപ്പെട്ടു സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. 

ഇളവു സമയ പരിധി അവസാനിച്ച സാഹചര്യത്തില്‍ തുടര്‍ന്നുള്ള നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടി തിരുവനതപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായിരിക്കും ചാര്‍ട്ടേര്‍ഡ് വിമാനം പുറപ്പെടുക. ആദ്യത്തെ ചാര്‍ട്ടേര്‍ഡ് വിമാനം നവംബര്‍ 20 നു പുറപ്പെടാന്‍ സാധിക്കുന്ന രീതിയിലാണ് നടപടികള്‍ ആവിഷകരിക്കുക. 

ഇളവു സമയക്കാലത്ത് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടിക്കറ്റിനു വേണ്ടി ഈ കമ്മിറ്റികളെ സമീപിക്കാം. ടിക്കറ്റിനു അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിനു വേണ്ടി ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ പ്രാദേശിക ഉപദേശക സമിതികളെ തിരഞ്ഞെടുത്തിട്ടുണ്ട്.

ടിക്കറ്റ് ആവശ്യമുള്ളവര്‍ ഇവര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അര്‍ഹതയുള്ളവരെ ഈ കമ്മിറ്റികള്‍ തിരഞ്ഞെടുക്കും.മുന്‍ഗണന അനുസരിച്ചായിരിക്കും ടിക്കറ്റിനു പരിഗണിക്കുക. 

യോഗത്തില്‍ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, പ്രവാസി ക്ഷേമ നിധി ചെയര്‍മാന്‍ പി.എം.എ. സലാം തുടങ്ങിയവരും പങ്കെടുത്തു.