നിതാഖാത്‌: തിരിച്ചു വരുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ നാട്ടില്‍ എത്തിയത് 112 മലയാളികള്‍

0
1

 

1

 

തിരുവനന്തപുരം: ഇളവ്‌ സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്നലെ 112 മലയാളികള്‍ കൂടി സൗദി അറേബ്യയില്‍ നിന്നും കേരളത്തി തിരിച്ചെത്തി. 

സൗദി എയര്‍ലൈന്‍സ്‌, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, റാക്ക് എയര്‍വേസ് തുടങ്ങിയ വിമാനങ്ങളിലാണ് ഇവര്‍ തിരിച്ചതിയത്. കൂടുതല്‍ പേരും മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇളവ്‌ സമയ പരിധിക്ക് ശേഷം അധികൃതര്‍ കര്‍ശന പരിശോധന തുടങ്ങുയത് കൊണ്ടാണ് തിരിച്ചു വന്നതെന്നു മടങ്ങിയവര്‍ പറയുന്നു. 

അതേ സമയം പരിശോധനകള്‍ തുടങ്ങിയത് കൊണ്ട് പെട്ടെന്ന് മടങ്ങുന്നവരല്ല ഇവരില്‍ പലരുമെന്നും ഇളവ്‌ സമയ പരിധി നീട്ടുമെന്നും നീട്ടിയില്ലെങ്കില്‍ തന്നെ ഇളവ്‌ സമയ പരിധി കഴിയുന്നത് വരെ ജോലിയെടുക്കാമെന്നു മുന്‍കൂട്ടി തീരുമാനിച്ചവരാണ് അതിലധികമെന്നും അറിയുന്നു.

പരിശോധനകള്‍ മൂലം ഫ്രീ വിസക്കാര്‍ക്ക് ജോലിയും താമസ സൗകര്യവും വാഹന സൗകര്യവും പഴയത് പോലെ ലഭ്യമാവില്ല എന്നറിഞ്ഞു കൊണ്ട് ഇളവ്‌ സമയ പരിധി കഴിയുന്നത് വരെ തുടരാനും അതിനു ശേഷം ജോലി അവസാനിച്ചു പോരാനും തീരുമാനിച്ചവരാണ് ഇപ്പോള്‍ തിരിച്ചെത്തുന്നവരില്‍ അധികവും.

തിരിച്ചെത്തിയവരില്‍ പലരും പരിശോധന ശാന്തമായാല്‍ തിരിച്ചു പോകാമെന്ന് കരുതി ദീര്‍ഘകാല അവധിയെടുത്തവരാണ്. സ്വന്തമായുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടു വന്നവരും പരിശോധന ശാന്തമായാല്‍ തിരിച്ചെത്താമെന്നു സ്പോണ്‍സര്‍മാരുമായി ധാരണയില്‍ എത്തിയവരും ഉണ്ട്.

അതേ സമയം തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന മുറവിളി ഉയരുമ്പോള്‍ തന്നെ തിരിച്ചെതുന്നവരില്‍ അധികവും നോര്‍ക്കയുടെ ഹെല്‍പ്‌ ഡസ്ക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല എന്ന പരാതിയും വ്യാപകമാണ്.ഇന്നലെ തിരിച്ചെത്തിയവരില്‍ 60 പേര്‍ മാത്രമാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്.