സോഷ്യല്‍ നെറ്റ വര്‍ക്കുകളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: ഗള്‍ഫിലെ പ്രവാസികള്‍ മുന്നില്‍

FB

 

സോഷ്യല്‍ നെറ്റ വര്‍ക്ക് സൈറ്റുകളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന കേസുകളുടെ എണ്ണം കൂടുകയാണെന്നും കേസില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണെന്നും കേരള പോലീസിന്റെ ഹൈടെക് സെല്‍ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള കേസുകള്‍ വിദേശത്ത് ജോലി ചെയ്യുന്നവരുടെ ജോലിയും പ്രവാസ ജീവിതത്തെയു  ഗുരുതരമായി ബാധിക്കുമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. ഫേസ്ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണു ലഭിക്കുന്ന പരാതി. ഇതില്‍ തന്നെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തുവെന്നോ പ്രസ്തുത കമന്റുകള്‍ ഷെയര്‍ ചെയ്തുവെന്നോ പരാതിപ്പെടുന്നവരാണ് ഭൂരിഭാഗവും. 

സാധാരണ പ്രവാസികള്‍ക്ക് ഇടയില്‍ പ്രിയങ്കരവും ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പവുമായതിനലുമാണ് ഫേസ് ബുക്ക്‌ മുഖേന അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതികള്‍ വര്‍ദ്ധിക്കുന്നത്.

ഇത്തരത്തിലുള്ള കേസുകളില്‍ ഗുരുതരമായ നിയമ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാറില്ലെങ്കിലും സ്ത്രീകളുടെ മാനഹാനി, തട്ടിപ്പ് കേസുകള്‍ എന്നിവയില്‍ പോലീസ് ഉടനെ നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം ഗുരുതരമായ കേസുകളില്‍ വിദേശത്ത് നിന്നും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ കുറ്റവാളികളെ നാട്ടിലെത്തിക്കുകയോ അതിനു കഴിയാത്ത സാഹചര്യങ്ങളില്‍ വിദേശ ഏജന്‍സികളുമായി സഹകരിച്ചു നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളോ സ്വീകരിച്ചു വരുന്നുണ്ട്.

സാധാരണ കേസുകളില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ പോലീസ് ഉടനെ കര്‍ശന നടപടികള്‍ എടുക്കാത്തതിനാല്‍ ആരെങ്കിലും തനിക്കെതിരെ  പരാതി നല്‍കിയിട്ടുണ്ടോ എന്ന് പോലും ചിലപ്പോള്‍ കുറ്റം ചെയ്ത ആള്‍ അറിഞ്ഞെന്നു വരില്ല. എന്നാല്‍ അവധിയില്‍ വരുമ്പോള്‍ അറസ്റ്റും മറ്റു നിയമ നടപടികളും നടന്നേക്കാം. വരുമ്പോഴോ പോകുമ്പോഴോ എയര്‍പോര്‍ട്ടുകളില്‍ വച്ച് അറസ്റ്റ് നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നിരവധി കേസുകളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കൂടി ഇതുവര ആര്‍ക്കും ഗുരുതരന്മായ ശിക്ഷകള്‍ ലഭിച്ചിട്ടില്ലെന് നിയമ വിദഗ്ദര്‍ പറയുന്നു. ഹൈടെക് സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ വിരലില്‍ എണ്ണാവുന്ന കേസുകളില്‍ മാത്രമാണ് അന്വേഷണം മുന്നോട്ടു കൊണ്ട് പോകാന്‍ പോലീസിനു സാധിച്ചിട്ടുള്ളത്.

ഇത്തരം കേസുകളില്‍ പ്രതികളെ എല്ലാ പഴുതുകളും അടച്ചു ശിക്ഷ വാങ്ങി കൊടുക്കാനായി ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളോ നിയമ വിദഗ്ദരോ പോലീസില്‍ നിലവില്‍ ഇല്ല.  കൂടാതെ ഭൂരിഭാഗം കേസുകളിലും ഒത്തുതീര്‍പ്പിലെത്തുന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ പരാതികള്‍ പിന്‍വലിക്കുന പ്രവണതയും മറ്റൊരു കാരണമാണ്.

എന്നിരുന്നാലും കേസില്‍  ഉള്‍പ്പെടുന്ന പ്രവാസിയുടെ പ്രവാസ ജീവിതത്തെയും ജോലിയേയും ഇത് ദോഷകരമായി ബാധിക്കുമെന്ന് നിയമ വിദഗ്ദര്‍ വിലയിരുത്തുന്നു. കുറ്റം ചെയ്തവരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം ലഭിക്കുമെങ്കില്‍ തന്നെയും കോടതി പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വെക്കാന്‍ ആവശ്യപ്പെട്ടാല്‍ പിന്നീട് കേസ് തീരുന്നത് വരെയോ ഒതുതീര്‍പ്പിലെത്തി കേസ് പിന്‍വലിക്കുന്നത് വരെയോ പ്രവാസിക്ക് തിരിച്ചു പോകാന്‍ സാധിക്കില്ല. 

ഈയിടെ മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജിയെ ഫേസ്ബൂക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചു റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹിക്കും സാംസ്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രവാസിക്കും എതിരെ മുസ്ലീം ലീഗിന്റെ അനുകൂല സംഘടനയായ കെ.എം.സി.സി യുടെ സൈബര്‍ വിംഗ് ഹൈടെക് സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട് എന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു.

 

You may have missed

Copy Protected by Chetan's WP-Copyprotect.