സൗദിയില്‍ നിന്നും 50,000 എതോപ്യക്കാര്‍ തിരിച്ചെത്തിയതായി എതോപ്യന്‍ വിദേശകാര്യ മന്ത്രാലയം

0
1

 

1

സൗദി അറേബ്യ: നവംബര്‍ മൂന്നിന് ശേഷം ആരംഭിച്ച അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള പരിശോധനകള്‍ക്ക് ശേഷം ഇത് വരെ 50,000 ത്തില്‍ അധികം എതോപ്യന്‍ പൗരന്‍മാര്‍ രാജ്യത്ത് തിരിച്ചെത്തിയതായി എതോപ്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

പതിനായിരക്കണക്കിനു എതോപ്യക്കാര്‍ ഇനിയും സൗദി അറേബ്യയിലെ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. യാത്രാ രേഖകള്‍ നല്‍കുന്ന മുറക്ക് ശേഷിക്കുന്നവരെ കൂടി രാജ്യത്തെത്തിക്കുമെന്നു എതോപ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ദിന മുഫ്തി വ്യക്തമാക്കി. 

അതേ സമയം നവംബര്‍ നാലിന് ശേഷം സൗദിയില്‍ നിന്ന് 71000 അനധികൃത വിദേശ തൊഴിലാളികളെ നാട് കടത്തിയതായി ജവാസാത്ത് വൃത്തങ്ങള്‍ വെളിപ്പെടുത്തി. നാട് കടത്തല്‍ നടപടികള്‍ കാലതാമസം അനുഭവപ്പെടുന്നുണ്ടെന്നു ജവാസാത്ത് സമ്മതിക്കുന്നു. 

ആവശ്യമായ യാത്രാ രേഖകള്‍ എതോപ്യന്‍ എംബസ്സിയില്‍ നിന്നും വേഗത്തില്‍ ലഭിക്കാത്തതാണ് നാടുകടത്തല്‍ നടപടികള്‍ പ്രതീക്ഷിച്ചത്ര വേഗത കൈവരിക്കാതിരിക്കാന്‍ കാരണമെന്ന് ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹിയ വ്യക്തമാക്കി. 

ഓരോ ദിവസവും ഒരു മില്ല്യന്‍ റിയാലില്‍ അധികമാണ് അനധികൃത എതോപ്യക്കാര്‍ക്ക് ഭക്ഷണത്തിന് മാത്രമായി സൗദി ഗവര്‍മെന്റിന് ചെലവ് വരുന്നത്. നാട് കടത്തുന്നവരുടെ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും വഹിക്കുന്നത് സൗദി ഗവര്‍മെന്റാണ്.നിയമ ലംഘകരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ്‌ ബിന്‍ നായിഫില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി സുലൈമാന്‍ യഹിയ പറഞ്ഞു.

തങ്ങളെ വേഗത്തില്‍ നാട് കടത്തണമെന്നു ആവശ്യപ്പെട്ടു കൂടുതല്‍ എതോപ്യക്കാര്‍ കീഴടങ്ങുന്നുവെങ്കിലും അഭയ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും അധികൃതരെ കുഴക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം ജിദ്ദയില്‍ കീഴടങ്ങാനെത്തിയ എതോപ്യക്കാരായ 2600 പേരില്‍ 1100 പേരെ മാത്രമേ അറസ്റ്റ് ചെയ്തു അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ സുരക്ഷാ അധികൃതര്‍ തയ്യാറായുള്ളൂ. അഭയ കേന്ദ്രത്തിലുള്ളവരെ നാട് കടത്തുന്ന മുറക്ക് മറ്റുള്ളവരെ കൂടി അഭയ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.