നിതാഖത്ത് : കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്വയംതൊഴില്‍ പദ്ധതി

0
1

 

1

 

തിരുവനന്തപുരം: സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിതാഖത്ത് പദ്ധതിമൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്ന മറ്റുപിന്നോക്ക വിഭാഗത്തില്‍ (ഒ.ബി.സി.)പെട്ടവര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പുതിയ വായ്പാ പദ്ധതി നടപ്പിലാക്കുന്നു.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതി പരമാവധി 10 ലക്ഷം രൂപവരെ വായ്പ നല്‍കും. പലിശനിരക്ക് മൂന്ന് ശതമാനം മാത്രം. വായ്പ ഏഴ് വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.

അപേക്ഷകര്‍ 18-55 നും മദ്ധ്യേ പ്രായമുള്ളവരും, ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. വായ്പ എടുക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡിയും നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാകും.

കൃഷി, വ്യവസായം, കരകൗശല ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദനം, വിപണനം തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന വരുമാനദായകമായ ഏതു സ്വയംതൊഴില്‍ സംരംഭവും ആരംഭിക്കാം. പദ്ധതി ചെലവിന്റെ 90% ആയിരിക്കും വായ്പ തുക.

10% ഗുണഭോക്തൃവിഹിതമായി സ്വരൂപിക്കണം. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെയായിരിക്കും പദ്ധതി കാലാവധി. ഡിസംബര്‍ മുതല്‍ അപേക്ഷ കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുകളില്‍ ലഭിക്കും.