ഖത്തര്‍/ദോഹ: 18 വയസ്സിനു മുകളിലുള്ള എല്ലാ പുരുഷന്മാര്ക്കും രാജ്യത്ത് നിന്ന് പുറത്തു പോകുമ്പോള്‍ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാണെന്ന നിബന്ധന അറിയാത്തത് മൂലം സന്ദര്‍ശന വിസയില്‍ എത്തി മടങ്ങി പോകുമ്പോള്‍ വിഷമതകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്.
താമസ വിസക്കാരുടെ 18 വയസ്സ് കഴിഞ്ഞ ആണ് മക്കള്‍ക്കും മുപ്പതു ദിവസം രാജ്യത്ത് കഴിഞ്ഞ സന്ദര്‍ശന വിസക്കാര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. എന്നാല്‍ വനിതകള്‍ക്ക് ഇത് ബാധകമല്ല.
എന്നാല്‍ ഇക്കാര്യം അറിയാതെ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തി മടങ്ങി പോകുന്ന പലര്‍ക്കും വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് ഇതിനെ കുറിച്ചു അറിവ് ലഭിക്കുന്നത്. ഈ നിബന്ധന അറിയാത്തത് മൂലം പലര്‍ക്കും യാത്ര മാറ്റി വെക്കേണ്ടി വരികയോ കൂടുതല്‍ പണം മുടക്കി വേറെ ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ടിയും വരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് 4/2009 ആയി ഉത്തരവ് ഇറക്കിയത്. എയര്‍പോര്‍ട്ടില്‍ മാത്രമല്ല കര അതിര്‍ത്തി തുടങ്ങി രാജ്യത്തിന്റെ ഏതു അതിര്‍ത്തിയിലൂടെയും പുറത്തു പോകുമ്പോള്‍ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാണ്.
എയര്‍പോര്‍ട്ടുകളില്‍ മാത്രമല്ല ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യത്തെ എല്ലാ സേവന കേന്ദ്രങ്ങളിലും എക്സിറ്റ് വിസ സേവനം ലഭിക്കും.