«

»

Print this Post

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ രണ്ടു ദിവസം അവധി: ശൂരാ കൗണ്‍സില്‍ വോട്ടെടുപ്പ്‌ നാളെ

 

1

 

സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കണമെന്ന നിര്‍ദ്ദേശം നാളെ ശൂരാ കൗണ്‍സിലില്‍ വോട്ടിംഗ് നടക്കും.

ആഴ്ചയില്‍ 40 മണിക്കൂര്‍ ആക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച വാദഗതികള്‍ അഡ്മിനിസ്ട്രെറ്റീവ് കമ്മിറ്റിയിലേയും മനുഷ്യ വിഭവശേഷി കമ്മിറ്റിയിലേയും അംഗങ്ങള്‍ ശൂരയില്‍ അവതരിപ്പിച്ചു കഴിഞ്ഞു.  ഈ നിര്‍ദ്ദേശത്തിന്മേലാണ് വോട്ടെടുപ്പ് നടക്കുക. 

കൂടുതല്‍ സ്വദേശികളെ സ്വകാര്യ മേഖലയിലെ തൊഴിലുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് വാരാന്ത്യ അവധി കൂട്ടുന്നത്‌. നിലവില്‍ സ്വകാര്യ മേഖലയില്‍ പ്രവൃത്തി സമയം ദിവസം എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു  ദിവസം വീതം 48 മണിക്കൂറാണ്. പൊതു മേഖലയില്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിക്കുന്നുണ്ട്. പൊതു മേഖലയില്‍ ലഭിക്കുന്ന കൂടുതല്‍ അവധികളും ആനുകൂല്യങ്ങളും കൊണ്ട് ഭൂരിഭാഗം സ്വദേശി യുവാക്കളും മുന്‍ഗണന നല്‍കുന്നത് പൊതു മേഖലക്കാണ്.

തൊഴില്‍ മന്ത്രാലയവും ബിസിനസ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകളില്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ എന്ന കാര്യത്തിലായിരുന്നു അഭിപ്രായ സമന്വയമുണ്ടായത്. എന്നാല്‍ ഈ നിര്‍ദ്ദേശം സംബന്ധിച്ച് ശൂര സമര്‍പ്പിച്ച ഫയല്‍ ആഴ്ചയിലെ പ്രവൃത്തി സമയം 40 മണിക്കൂര്‍ ആയി കുറക്കാനുള്ള സാധ്യതകളെ പറ്റി ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിച്ചു അബ്ദുള്ള രാജാവ് മടക്കുകയായിരുന്നു. 

ഒരു ആഴ്ചയിലെ ജോലി ചെയ്യേണ്ട മണിക്കൂറുകള്‍ 40 ആക്കണമെന്നാണ് അംഗങ്ങളുടെ അഭിപ്രായം. ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിക്കുകയും വേണം. വെള്ളിയാഴ്ച നിര്‍ബന്ധമായും അവധി ദിനമായിരിക്കണം. വെള്ളിയാഴ്ച ദിവസം മതപരമായ കടമകള്‍ നിറവേറ്റുന്നതിനുള്ള അനുവാദം നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുണ്ട്.

സാഹചര്യം അനുശാസിക്കുന്ന പക്ഷം സൗദി തൊഴില്‍ നിയമ പ്രകാരം ആവശ്യമായ അറിയിപ്പുകള്‍ ബന്ധപ്പെട്ട ലേബര്‍ ഓഫീസുകള്‍ക്ക് നല്‍കി തൊഴിലുടമക്ക് തങ്ങളുടെ ഏതാനും തൊഴിലാളികളുടെ അവധി ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റിയും ക്രമീകരിക്കാവുന്നതാണ്. തൊഴിലാളിയുടെ കൂടി സമ്മതത്തോടെ അവധി ദിവസത്തിലും ജോലി എടുപ്പിക്കാവുന്നതാണ്. അത്തരം സാഹചര്യത്തില്‍ തൊഴിലുടമ ജോലിയെടുക്കുന്ന ജീവനക്കാരന് ഓവര്‍ടൈം നല്‍കണം എന്നുമാണ് നിര്‍ദ്ദേശങ്ങളില്‍ ഉള്ളത്.

എന്നാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂട്ടുന്നത്‌ വ്ദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുറക്കാന്‍ കാരണമാകുമെന്നാണ് തൊഴില്‍ നിയമ വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്. ഇത് മൂലം അവധി ദിവസം  ജോലി ചെയ്യുന്നതിന് അധിക വേതനം ലഭിക്കുമെങ്കിലും തൊഴിലാളിയുടെ സേവനാനന്തര ആനുകൂല്യങ്ങളെ ഇത് സാരമായി ബാധിക്കും.ഇപ്പോള്‍ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമായിരിക്കും സേവനാനന്തര ആനുകൂല്യമായി ലഭിക്കാന്‍ സാധ്യതയുള്ളത് എന്നാണ് വിദഗ്ദരുടെ പക്ഷം.  

Permanent link to this article: http://pravasicorner.com/?p=14612

Copy Protected by Chetan's WP-Copyprotect.