«

»

Print this Post

സൗദി അറേബ്യ: വിവാഹത്തിന് സമ്മതം നല്‍കാനുള്ള പെണ്‍കുട്ടിയുടെ പ്രായം 18 ആക്കി നിയമം വരുന്നു

 

 

സൗദി അറേബ്യ: രാജ്യത്ത് വിവാഹത്തിലും കുടുംബ ജീവിതത്തിലും ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി പുതിയ നിയമത്തിനു രൂപം നല്‍കുന്നു.

1988 ല്‍ മസ്കറ്റില്‍ വെച്ച് നടന്ന ജി സി സി മന്ത്രിമാരുടെ തീരുമാനത്തിലെ വകുപ്പ് 282 പ്രകാരമാണ് പുതിയ നിയമത്തിനു രൂപം നല്‍കുന്നത്. നിയമം താമസിയാതെ തന്നെ ശൂര കൌണ്‍സിലില്‍ ചര്‍ച്ചക്ക് വെക്കും. അതിനു ശേഷം മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിന് വേണ്ടി അയച്ചു കൊടുക്കും.

പുതിയനിയമ പ്രകാരം വിവാഹത്തിന് സമ്മതം നല്‍കാനുള്ള സ്ത്രീയുടെ വയസ്സ് പരിധി 18 ആയി നിശ്ചയിക്കും. 18 വയസ്സിനു കുറവുള്ള പെണ്‍കുട്ടികളെ പുരുഷനായ രക്ഷകര്‍ത്താവിന്റെ സമ്മതം ഉണ്ടെങ്കില്‍ പോലും വിവാഹത്തിന് അനുവാദം നല്‍കില്ല. എന്നാല്‍ കോടതിയില്‍ നിന്നുള്ള ഉത്തരവുണ്ടെങ്കില്‍ വിവാഹം ചെയ്തയക്കാം.

വിവാഹം, വിവാഹ ബന്ധം വേര്‍പ്പെടുത്തല്‍, പുരുഷന്മാരുടെയും പെണ്‍കുട്ടികളുടെയും പ്രായപൂര്‍ത്തി സംബന്ധിച്ച വകുപ്പുകള്‍, പിന്തുടര്‍ച്ച അവകാശം തുടങ്ങിയവക്ക് കൃത്യമായ നിര്‍വചനങ്ങളോട് കൂടിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തും.

പുതിയ നിയമത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീ-പുരുഷ സമത്വം പ്രതിഫലിക്കുമെന്ന് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിവാഹത്തില്‍ തുല്യ പങ്കാളിത്തമായിരിക്കും നിയമം അനുവദിക്കുക. മേധാവിത്വ സ്വഭാവം നിയമം നിരാകരിക്കും. ശരിഅത് ശാസന പ്രകാരം വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ പുരുഷന്റെ രക്ഷകര്‍തൃത്വം സ്ത്രീയുടെ മേല്‍ നിന്നും ഒഴിവാക്കും.

ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുന്ന പക്ഷം ഭാര്യക്ക് വിവാഹ മോചനം ആവശ്യപ്പെടുന്നതിനുള്ള വകുപ്പ് വിവാഹ കരാറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അനുവാദം നല്‍കും. വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ആ വീട്ടില്‍ തന്നെ കഴിയാനുള്ള അനുവാദവും നിയമം നല്‍കും. 

Permanent link to this article: http://pravasicorner.com/?p=14644

Copy Protected by Chetan's WP-Copyprotect.