സൗദി അറേബ്യ/റിയാദ്: വീട്ടു വേലക്കാരികളുടെയും ഹൗസ് ഡ്രൈവര്‍മാരുടേയും മറ്റു ഗാര്‍ഹിക ജോലിക്കാരുടെയും തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക സമിതികള്‍ക്ക് തൊഴില്‍ മന്ത്രാലയം അംഗീകാരം നല്കി. കഴിഞ്ഞ ഒക്ടോബര്‍ 30 ന് നിലവില്‍ വന്ന ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമത്തിനു ചുവടു പിടിച്ചാണ് പുതിയ സമിതികളുടെ രൂപീകരണമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പുതിയ സമിതികള്‍ ഗാര്‍ഹിക തൊഴിലാളികളുടെ സാമ്പത്തികമായ പരാതികള്‍ക്കും അക്രമങ്ങള്‍ ഉള്‍പ്പെടാത്ത തൊഴില്‍ സംബന്ധമായ മറ്റു നിയമ ലംഘനങ്ങള്‍ക്കും പരിഹാരം കാണുമെന്ന് തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹ് പറഞ്ഞു. പ്രത്യേക നിയമനടപടി ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളിലെ സമിതികള്‍ അവയ്ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ പരാതികള്‍ക്ക് പരിഹാരം കാണും.
പരാതികള്‍ സമര്‍പ്പിക്കപ്പെടുന്ന അതാതു പ്രദേശങ്ങളിലെ ലേബര്‍ ഓഫീസുകളില്‍ വെച്ചായിരിക്കും സമിതിയുടെ മീറ്റിങ്ങുകള്‍ കൂടുകയെന്നു തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സിയാദ് അല്‍ സായെഗ് വ്യക്തമാക്കി. ഇന്വെസ്റ്റിഗെഷന് ബ്യൂറോയിലെ അംഗങ്ങളും സമിതിയുടെ നടപടികളില്‍ പങ്കെടുക്കും.
സമിതി ഐക്യകണ്ഠമായോ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. പരാതികള്‍ക്ക് വേഗത്തിലുള്ള പരിഹാരമാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. പരാതികള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പത്തു ദിവസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കും. എന്നാല്‍ എതിര്‍കക്ഷികള്‍ക്ക് കൂടി സൗകര്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വാദം കേള്‍ക്കുക എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍ പരാതികള്‍ക്ക് ഒതുതീര്പ്പിലൂടെ പരിഹാരമുണ്ടാക്കാനായിരിക്കും സമിതി ശ്രമിക്കുക. ആദ്യ അഞ്ചു ദിവസങ്ങളില്‍ സൗകര്യപ്രദമായ ഒത്തുതീര്‍പ്പിന് സമിതി ശ്രമിക്കും.
കേസ് വിളിക്കുന്ന ദിവസം ഇരു കൂട്ടരും ഹാജരായില്ലെങ്കില്‍ പരാതി തള്ളിയതായി പ്രഖ്യാപിക്കും. സമിതി നിര്‍ദ്ദേശിക്കുന്ന ഒത്തുതീര്‍പ്പിനു ഏതെങ്കിലും പാര്‍ട്ടി വിയോജിപ്പ് രേഖപ്പെടുത്തുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം സമിതി അതിന്റെ അവസാന തീരുമാനം പ്രഖ്യാപിക്കും.
എന്നാല്‍ 15 ദിവസത്തിനകം വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. തൊഴില്‍ കോടതികള്‍ നിലവില്‍ വരുന്നത് വരെ പരാതിക്കാര്‍ക്ക് ഗ്രീവന്‍സ് കോടതിയില്‍ വിധിക്ക് ശേഷം പത്തു ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്കാന് അനുവാദം നല്‍കുമെന്ന് സായിഗ് പറഞ്ഞു.
സമിതിയുടെ വിധിക്ക് നാല് പകര്‍പ്പുകള്‍ ഉണ്ടാകും. പരാതിപ്പെടുന്ന വ്യക്തിക്കും എതിര്‍കക്ഷിക്കും ഓരോ കോപ്പി നല്‍കും. മൂന്നാമത്തെ കോപ്പി ഓഫീസില്‍ സൂക്ഷിക്കും. നാലാമത്തെ കോപ്പി വ്യവഹാരം സംബന്ധിച്ച ഫയലില്‍ സൂക്ഷിക്കുകയും ചെയ്യും.
ഒക്ടോബര്‍ 30 ന് നിലവില്‍ വന്ന ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹ് സ്വദേശികള്‍ക്കും അവരുടെ വിദേശികളായ ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്കി.