«

»

Print this Post

ഹാജിക്ക അന്തരിച്ചു

 

hajikka

 

ദോഹ: ഖത്തറിലെ ദോഹയില്‍ ക്രേസീ സിഗ്നലിനു പരിസരത്തുള്ള വീട്ടില്‍ സാന്ത്വനസ്പര്‍ശവുമായി ഇനി ഹാജിക്ക ഉണ്ടാവില്ല. പ്രവാസ ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തി ഖത്തറിലെ പ്രവാസികളുടെ താങ്ങും തണലുമായിരുന്ന ഹാജിക്ക എന്ന മുസ്‌ലിം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ ഹാജി (67) അന്തരിച്ചു.

കുറെ നാളായി രോഗപീഡയാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം 6.30ന് ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരണപ്പെട്ടത്.

കഴിഞ്ഞ 48 വര്‍ഷമായി ഖത്തറിലെ ജീവ കാരുണ്യപ്രവര്‍ത്തനത്തിന്റെ പര്യായമായിരുന്നു ഹാജിക്ക.ഖത്തറില്‍ ഏതെങ്കിലുമൊരു പ്രവാസി മരിക്കുകയാണെങ്കില്‍ ആരും ആദ്യം വിളിക്കുന്നത്‌ ഹാജിക്കയെ ആയിരുന്നു. മൃതദേഹം കുളിപ്പിക്കുന്നത് മുതല്‍ വിമാനത്തില്‍ കയറ്റി വിടുന്നത് വരെ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നത് ഹാജിക്കയായിരുന്നു.  ഇത് വരെ ദേശ- ഭാഷ- ജാതി – മത – രാഷ്ട്രീയ 5000 ത്തില്‍ അധികം മൃതദേഹങ്ങള്‍ ഹാജിക്കയുടെ ജീവകാരുണ്യ സേവന സ്പര്‍ശത്താല്‍ കബറടക്കാന്‍ സാധിച്ചിട്ടുണ്ട്.  

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാടിനടുത്ത്‌ ചക്കുംകണ്ടം ഗ്രാമത്തില്‍ എന്‍.ടി.കുഞ്ഞുമോന്റെയും എം.വി.ഖദീജയുടെയും മകനായി  ജനനം. വീട്ടിലെ ദാരിദ്ര്യം മൂലം രണ്ടാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി. ദാരിദ്ര്യത്തെ മറികടക്കാന്‍ 12 വയസ്സ് വരെ ബീഡി   തെറുപ്പ്‌ ജോലി. ഗള്‍ഫ് സ്വപ്നം മനസ്സില്‍ വെച്ച് 1964 വര്‍ഷത്തില്‍ തീവണ്ടിയില്‍ ബോംബൈക്ക്.

1965ലെ റമദാന്‍ മാസത്തില്‍ ലോഞ്ചില്‍ ഗള്‍ഫിലേക്ക്. ചെന്നെത്തിയത് റാസല്‍ഖൈമയില്. അവിടെ നിന്ന് ഷാര്‍ജയിലേക്കും പിന്നെ ദുബായിലേക്കും. അവിടെ ‘ലക്കി’ എന്ന മലയാളി ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലി. കുറച്ചു കാലത്തിനു ശേഷം ദുബായില്‍ നിന്നും പിന്നെയും ലോഞ്ചില്‍ ഖത്തറിലേക്ക്. അഞ്ചു ദിവസത്തിന് ശേഷം ഖത്തറിലെ ഷമാലില്‍ എത്തി. 

ദോഹയില്‍ ‘മലബാറി’ കോളനിയില്‍ താമസം. അവിടെ ഇബ്രാഹിം ഹാജിയുടെ മില്‍ക്ക് ബാര്‍ ഹോട്ടലില്‍ ചില്ലറ ജോലികള്‍. ശമ്പളം മൂന്ന് രൂപ. അവിടെ ശമ്പളം ശരിയായി ലഭിക്കാതിരുന്നതിനാല്‍ അഞ്ചു രൂപ ശമ്പളത്തിന് ‘ഗുല്‍സാര്‍’ എന്ന മറ്റൊരു ഹോട്ടലിലേക്ക് ജോലി മാറി.

അവിടെ വെച്ച് സഹപ്രവര്‍ത്തകന്‍ അസ്വഭാവികമായി മരിച്ചപ്പോഴാണ് ഹാജിക്ക ആദ്യമായി ഒരു മയ്യിത്ത്‌ കുളിപ്പിക്കുന്നത്. അതൊരു തുടക്കമായിരുന്നു. അന്ന് മുതല്‍ മരണം വരെ ഹാജിക്ക സഹായിച്ചത് അയ്യായിരത്തിലധികം മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്ക്. മറ്റുള്ളവരില്‍ നിന്നും ഹാജിക്കയെ എന്നും വ്യത്യസ്തനാക്കിയിരുന്നത്‌ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വേണ്ടിയായിരുന്നു എന്നതാണ്. 

സുഹറയാണ് ഭാര്യ. ഖത്തര്‍ പെട്രോളിയത്തിലെ ഷഹീന്‍ അബ്ദുള്‍ ഖാദര്‍, ഹമദ് ഹോസ്പിറ്റലിലെ ഷഹന, സജിത, ഹഫ്‌സ എന്നിവരാണ് മക്കള്‍. മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും ഞായറാഴ്ച്ച അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും

 

Permanent link to this article: http://pravasicorner.com/?p=14748

Copy Protected by Chetan's WP-Copyprotect.