നിതാഖാത് ഇരകള്‍ക്ക് മടങ്ങി പോകുന്നതിനു കൈക്കൂലി വാങ്ങിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സി.ബി.ഐ ക്ക് പരാതി

 

1

 

സൗദി അറേബ്യ/റിയാദ്: നിതാഖാത് മൂലം സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകര്‍ ഇടനിലക്കാരായി കൈക്കൂലി കൈക്കലാക്കി എന്ന് നാട്ടിലെ പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു റിയാദില്‍ നിന്നും സി.ബി.ഐ ക്ക് പരാതി.

റിയാദിലെ എംബസ്സിയില്‍ നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും നിതാഖാതില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മലയാളികള്‍ക്ക് എംബസ്സിയില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു 1500 റിയാല്‍ വീതം നല്‍കേണ്ടി വന്നു എന്നും അതില്‍ 500 റിയാല്‍ എംബസ്സിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായിരുന്നുവെന്നുമാണ് ഇന്ത്യ റ്റുഡെ ഇവരുമായി നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തില്‍ നവംബര്‍ 29 ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഇടനിലക്കാരില്‍ പലരും മലയാളികള്‍ ആയിരുന്നുവെത്രേ. തിരുവനന്തപുരത്തു നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള കഠിനകുളം എന്ന ഗ്രാമത്തിലുള്ളവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ റ്റുഡെയുടെ ഇംഗ്ലീഷ് എഡിഷനിലും ഇതേ ആരോപണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഇടനിലക്കാരുടെ പങ്ക് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൊക്കാസ എന്ന സംഘടനയാണ് സി.ബി.ഐ യുടെ ചെന്നൈയിലെ യൂണിറ്റിനു പരാതി നല്‍കിയിരിക്കുന്നത്. 

സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഈ ആരോപണം അതീവ ഗുരുതരമാണെന്നും സത്യാവസ്ഥ പുറത്തു കൊണ്ട് വന്നില്ലെങ്കില്‍ സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൂടി അപമാനകരമാകുമെന്നും പരാതിയില്‍ പറയുന്നു.

ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫൊക്കാസക്ക് വേണ്ടി പ്രസിഡന്റ് ആര്‍.മുരളീധരനും ജനറല്‍ സെക്രട്ടറി മാള മൊഹിയുദ്ദീനുമാണ് പരാതിയില്‍ ഒപ്പ് വെച്ചിരിക്കുന്നത്. സി.ബി.ഐ യുടെ കൊച്ചിയിലെ യൂണിറ്റിനും നോര്‍ക്ക സി ഇ ഒ ക്കും എന്‍ ആര്‍ ഐ സെല്‍ പോലീസ് സൂപ്രണ്ടിനും കോപ്പികള്‍ നല്‍കിയിട്ടുണ്ട്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.