സൗദി അറേബ്യ: പുതുവത്സര സമ്മാനങ്ങളുടെ വില്‍പ്പനക്ക് മതകാര്യ പോലീസിന്റെ വിലക്ക്

0
2

 

ny

 

സൗദി അറേബ്യ: പുതുവര്‍ഷ ആഘോഷത്തിനു വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ പൂക്കളും മറ്റു സമ്മാന വസ്തുക്കളും വില്‍ക്കുന്നത് മതകാര്യ പോലീസ് വിലക്കി. ഗിഫ്റ്റ് ഷോപ്പുകാര്‍ക്കും പുഷ്പങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിലക്ക് ലംഘിച്ചു വില്‍പ്പന നടത്തുന്ന കടകള്‍ക്ക് പിഴ ചുമത്തുമെന്നും നിയമ പ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മതകാര്യ പോലീസ് മുന്നറിയിപ്പ് നല്‍കി. 

മതകാര്യ പോലീസിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് പല ഷോപ്പുടമകളും ചുവന്ന നിറത്തിലുള്ള റോസാ പൂക്കളും സമ്മാന വസ്തുക്കളും ഷോപ്പുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പകരമായി പിങ്ക് നിറത്തിലുള്ളതും വെള്ള നിറത്തിലുള്ളതുമായ പൂക്കളും സമ്മാന വസ്തുക്കളുമാണ് വില്‍പ്പനക്ക് വെച്ചിട്ടുള്ളത്‌. 

മുന്‍പ് സൗദിയിലെ മതകാര്യ പോലീസ്‌ വാലന്‍റൈന്‍ ദിനത്തോട് അടുത്ത് വരുന്ന ദിവസങ്ങളില്‍ കടകളില്‍ പാശ്ചാത്യ അനുകരണം ആരോപിച്ചു ചുവന്ന പൂക്കള്‍ വില്‍ക്കുന്നത് നിരോധിച്ചിരുന്നു. ചുവന്ന നിറമുള്ള ടെഡ്ഡി ബെയറുകള്‍ അടക്കമുള്ളവയെ പ്രദര്‍ശനത്തിന് വെക്കുന്നതും നിയന്ത്രിച്ചിരുന്നു. എന്നാല്‍ പിന്നീട് വാലന്‍റൈന്‍ ദിനത്തില്‍ പൂക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ മതകാര്യ പോലീസ്‌ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്‌ തലവന്‍ ഷെയ്ഖ്‌ അബ്ദുല്‍ ലതീഫ്‌ അല്‍ ഷെയ്ഖ്‌ പ്രസ്താവന ഇറക്കിയിരുന്നു.