«

»

Print this Post

സൗദിയില്‍ വാഹനാഭ്യാസികള്‍ക്ക് 40,000 റിയാല്‍ വരെ പിഴ

 

D

 

സൗദി അറേബ്യ: വാഹനാഭ്യാസം (ഡ്രിഫ്റ്റിംഗ്) കര്‍ശനമായി വിലക്കി കൊണ്ടുള്ള പുതിയ നിയമത്തിന് രൂപം നല്‍കി. ഇതനുസരിച്ച് ഡ്രിഫ്റ്റിംഗ്  ക്രിമിനല്‍ കുറ്റമായി കണക്കാക്കും. സ്വദേശി യുവാക്കളുടെ ഇടയില്‍ ഡ്രിഫ്റ്റിംഗ് ഹരമായി മാറുകയും നിരവധി പേര്‍ ഇത് മൂലം മരണപ്പെടുകയും മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുകയും ചെയ്തതോടെയാണ് ഗവര്‍മെന്റ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

ആദ്യ തവണ കുറ്റം ചെയ്യുന്നവരെ പിടികൂടി ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ്‌ പ്രോസിക്യൂഷന്‍ ബ്യൂറോക്ക് കൈമാറി പിന്നീട് കോടതിയില്‍ ഹാജരാക്കും. കുറ്റക്കാരില്‍ നിന്ന് 10,000 റിയാല്‍ പിഴയായി ഈടാക്കും. ഇവരുടെ വാഹനം ഒരു മാസത്തേക്ക് കസ്റ്റഡിയില്‍ വെക്കുകയും ചെയ്യും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തുകയും വാഹനം മൂന്നു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ആറു മാസം മുതല്‍ 12 മാസം വരെ തടവ്‌ ശിക്ഷ ലഭിക്കുകയും ചെയ്യാം. മൂന്നാമതും നിയമ ലംഘനം ആവര്‍ത്തിക്കുന്നവരുടെ വാഹനം ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കാലത്തേക്ക് പിടിച്ചെടുക്കുകയും 40,000 റിയാല്‍ പിഴയായി ഈടാക്കുകയും ചെയ്യും.  തടവ്‌ ശിക്ഷയും ലഭിക്കാം.   

ഡ്രിഫ്റ്റ് ചെയ്യുന്ന വ്യക്തിയെ കൂടാതെ യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുന്ന വ്യക്തിയും കുറ്റക്കാരനാകും. ഡ്രിഫ്റ്റിംഗ് കാണുന്നതിനു വേണ്ടി തടിച്ചു കൂടി നില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവരില്‍ നിന്ന് 1500 റിയാല്‍ വീതം പിഴ ഈടാക്കും. ഇവരുടെ വാഹനങ്ങള്‍ 15 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.

 

Permanent link to this article: http://pravasicorner.com/?p=14958

Copy Protected by Chetans WP-Copyprotect.