എക്സിറ്റില്‍ പോകുന്നവര്‍ ഇഖാമ എമിഗ്രേഷനില്‍ നല്‍കണമെന്ന നിബന്ധന: റിയാദില്‍ ഒരു മലയാളി കൂടി യാത്ര ചെയ്യാനാവാതെ മടങ്ങി

 

1 

സൗദി അറേബ്യ/റിയാദ്:ഓണ്‍ലൈനിലൂടെ എകിസിറ്റ് ലഭിക്കുന്നവര്‍ മടങ്ങി പോകുമ്പോള്‍ ഒറിജിനല്‍ ഇഖാമ എമിഗ്രേഷനില്‍ ഏല്‍പ്പിക്കണമെന്ന നിബന്ധന അറിയാത്തത് മൂലം യാത്ര അനുമതി നിഷേധിക്കപ്പെട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ നിബന്ധന അറിയാത്തത് മൂലം റിയാദില്‍ ഇന്നലെ ഒരു മലയാളിക്ക് കൂടി യാത്ര മുടങ്ങി തിരിച്ചു പോരേണ്ടി വന്നു.

റിയാദില്‍ മെഡിക്കല്‍ കമ്പനിയില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പിള്ളി കാട്ടുകുളത്തില്‍ സഹീര്‍ഷാക്കാണ് യാത്ര ചെയ്യാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നത്. എല്ലാ നടപടികളും ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ 6.30 നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്ക് പോകാനെത്തിയ സഹീര്‍ഷായെ ഒറിജിനല്‍ ഇഖാമ ഇല്ലാത്തതിനാല്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് യാത്രാ അനുമതി നല്‍കാതെ തിരിച്ചയക്കുകയായിരുന്നു.

സഹീര്‍ഷാ ജോലി ചെയ്തിരുന്ന കമ്പനി ഓണ്‍ലൈനിലൂടെ എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ടും ടിക്കറ്റും നല്‍കി എയര്‍പോര്‍ട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ബോര്‍ഡിംഗ് പാസ് എടുത്തതിനു ശേഷം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയെത്തിയപ്പോഴാണ് ഒറിജിനല്‍ ഇഖാമ ആവശ്യന്നത്. ഇക്കാര്യം അറിയാതിരുന്നതിനാല്‍ സഹീര്‍ഷാ പുറപ്പെടുന്നതിനു മുന്‍പ് തന്നെ ഇഖാമ കമ്പനിയില്‍ തിരിച്ചു നല്‍കിയിരുന്നു.

ഇഖാമ നല്‍കാതെ യാത്ര അനുമതി നല്‍കില്ലെന്ന് കര്‍ശനമായി പറഞ്ഞതോടെ സഹീര്‍ഷാ പ്രശ്ന പരിഹാരത്തിന് വേണ്ടി എയര്‍പോര്‍ട്ടിലെ ജവാസാത്ത് മേധാവിയെ കണ്ടു. എന്നാല്‍ ഒറിജിനല്‍ ഇഖാമയുമായി വന്നാല്‍ മാത്രമേ യാത്രാ അനുമതി നല്‍കൂ എന്ന് അദ്ദേഹവും വ്യക്തമാക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോകുന്നവരുടെ ഇഖാമകള്‍  തിരിച്ചു വാങ്ങി സിസ്റ്റത്തില്‍ രേഖപ്പെടുത്തി പിന്നീട് പഞ്ച് ചെയ്തു ഉപയോഗശൂന്യമാക്കുകയാണ് ജവാസാത്ത് അധികൃതര്‍ ചെയ്യുന്നതെന്ന് എയര്‍പോര്‍ട്ടിലെ ജവാസാത്ത് മേധാവി പറഞ്ഞതായി സഹീര്‍ഷാ വ്യക്തമാക്കി. എക്സിറ്റ് പോകുന്ന യാത്രക്കാരില്‍ നിന്ന് വാങ്ങി പഞ്ച് ചെയ്തു ഉപയോഗശൂന്യമാക്കി വെച്ചിരുന്ന ഇഖാമകള്‍ അദ്ദേഹം കാണിച്ചു തന്നതായും സഹീര്‍ഡിഷാ പറഞ്ഞു.

അറിവില്ലായ്മ കൊണ്ട് പലര്‍ക്കും ഇനിയും ഇത്തരത്തില്‍ അബദ്ധം സംഭവിക്കാമെന്നും തന്റെ അനുഭവം മറ്റുള്ള പ്രവാസികള്‍ക്കും ഒരു മുന്നറിയിപ്പാകണമെന്നും സഹീര്‍ഷാ പറഞ്ഞു. പിന്നീട് ബുധനാഴ്ച വൈകീട്ട് 6.30 നുള്ള കുവൈറ്റ്‌ എയര്‍വൈസില്‍ സഹീര്‍ഷാ നാട്ടിലേക്ക് മടങ്ങി.

 

You may have missed

Copy Protected by Chetan's WP-Copyprotect.