«

»

Print this Post

സൗദി അറേബ്യ: യാമ്പു ജയിലില്‍ ഇപ്പോഴുള്ളത് രണ്ടു മലയാളികള്‍ അടക്കം അഞ്ചു ഇന്ത്യക്കാര്‍

 

1

കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് അബ്ദുല്‍ കരീം താമരശ്ശേരി

 

സൗദി അറേബ്യ/യാമ്പു: യാമ്പുവിലെ ജയിലില്‍ ഇപ്പോള്‍ തടവില്‍ കഴിയുന്നത്‌ അഞ്ചു ഇന്ത്യക്കാര്‍ മാത്രമാണെന്ന് ജിദ്ദ കോണ്‍സുലേറ്റിലെ വെല്‍ഫെയര്‍ കോണ്‍സല്‍ സയ്യദ് ഫഹമിയോടൊപ്പം ജയില്‍ സന്ദര്‍ശിച്ച കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് അബ്ദുല്‍ കരീം താമരശ്ശേരി പറഞ്ഞു.

രണ്ടു മലയാളികളും രണ്ടു കര്‍ണ്ണാടകക്കാരും ഒരു തമിഴ്നാട്ടുകാരനുമാണ് ഇപ്പോള്‍ ജയിലില്‍ ഉള്ളത്. ഇതില്‍ തമിഴ്നാട് സ്വദേശിയുടെ കേസ് മാത്രമാണ് കോടതിയില്‍ എത്തിയിട്ടുള്ളത്.

മദ്യവുമായി ബന്ധപ്പെട്ട കേസുകളിലാണ് മലയാളികള്‍ അറസ്റ്റിലായിട്ടുള്ളത്. ഒരാള്‍ മദ്യം ഉണ്ടാക്കിയതിനും മറ്റൊരാള്‍ സഹായിച്ചതിനുമാണ് പിടിയിലായത്. യാമ്പുവിലെ ഷറം ഭാഗത്ത്‌ ഒരാള്‍ മതില്‍ ചാടിക്കടക്കുന്നത് കണ്ടു സംശയം തോന്നിയ പോലീസ് പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം വാറ്റുന്നത് പിടിക്കപ്പെട്ടത്.

ജയിലിലുള്ള രണ്ടു കര്‍ണ്ണാടകക്കാരില്‍ ഒരാള്‍ പിടിക്കപ്പെട്ടിട്ടുള്ളത് ലൈഗിക കേസിലാണ്. സൗദി ബാലനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇയാളുടെ പേരിലുള്ള കുറ്റം. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാനെന്നും ഇയാള്‍ പറയുന്നതായി അബ്ദുല്‍ കരീം പറഞ്ഞു. മറ്റൊരു കര്‍ണ്ണാടകക്കാരനെ പിടികൂടിയത് മയക്കു മരുന്ന് കേസിലാണ്.

തമിഴ്നാട് സ്വദേശി വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ജയിലിലായത്. 45 വയസ്സുള്ള ഇയാള്‍ 222,000 റിയാല്‍ നഷ്ട പരിഹാരം നല്‍കണമെന്നാണ് കോടതി വിധി. ഈ തുക നല്‍കാന്‍ കഴിയാത്ത് മൂലമാണ് ഇയാള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തടവില്‍ കഴിയുന്നത്‌.

യാമ്പുവിലെ ഇന്ത്യക്കാരില്‍ കുറ്റവാസന വളരെ കുറവാണെന്നും സ്വതവേ ശാന്തരായ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരെന്നും ജയില്‍ മേധാവി പറഞ്ഞതായി അബ്ദുല്‍ കരീം താമരശ്ശേരി പറഞ്ഞു.  

Permanent link to this article: http://pravasicorner.com/?p=14974

Copy Protected by Chetan's WP-Copyprotect.