ഞാനറിഞ്ഞില്ല, അത് ലോക പ്രശസ്തനായ ജെഫ്‌ ആണെന്ന്…… ഒരു പ്രവാസിയുടെ അനുഭവം

j

അമേരിക്കയില്‍ (1994)ലോക കപ്പ്‌ ഫുട്ബോള്‍ ആരംഭിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ സൗദി അറബ്യയിലെ ചെറുഗ്രാമമായ നാരിയയില്‍ ചില ആവശ്യങ്ങള്‍ക്കായി പോയി തിരിച്ചു വന്നത് ബസ്സില്‍ ആയിരുന്നു അന്ന് കാര്‍ ഇല്ലാത്തതു കാരണം ദീര്‍ഘ യാത്രക്കു ബസ്സ്‌ ആയിരുന്നു ആശ്രയം. ജോര്‍ദാനില്‍ നിന്നും അഫര്‍ അല്‍ ബാതിന്‍ വഴി നരിയയില്‍ എത്തിയതാണ് ബസ്സ്‌. 12 മണിയോടുകൂടി ദമ്മാമില്‍ എത്തണമെന്ന ലക്ഷ്യത്തോടു കൂടി ഞാന്‍ ബസ്സില്‍ കയറി.

രണ്ടരമണിക്കൂര്‍ യാത്ര ചെയ്യണമല്ലോ എന്നോര്‍ത്ത് ഒരു ദിനപത്രവും കയ്യില്‍ കരുതിയിരുന്നു. ബസ്സില്‍ അത്ര തിരക്കില്ലെങ്കിലും 18നും 25നും ഇടയില്‍ പ്രായം തോന്നിക്കുന്ന കുറെ കോളേജ് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. എന്‍റെ എതിര്‍ സീറ്റില്‍ മുടിയെല്ലാം നീട്ടി വളര്‍ത്തിയ ഒരു മദ്ധ്യവയസ്കന്‍, ഒരു സായിപ്പ്, ഒരുപാട് ദൂരയാത്ര ചെയ്തതിന്‍റെ ക്ഷീണം അദ്ദേഹത്തിന്‍റെ മുഖത്ത് പ്രകടമായിരുന്നു. പത്രം വായിച്ചും, ഇടക്ക് നോക്കെത്താ മരുഭൂമിയുടെ മനോഹാരിതയിലേക്ക് കണ്ണും നട്ടും ഞാനിരുന്നു.

ബസ്സ്‌ ഏതാണ്ട് ദമ്മാമില്‍ എത്താറായപ്പോള്‍ പിന്‍ സീറ്റില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥികള്‍
മുന്‍വശത്തേക്ക് വന്നു എന്‍റെ എതിര്‍വശത്തിരുന്ന സായിപ്പുമായി കുശലം പറയാന്‍ തുടങ്ങി. അവര്‍ പറഞ്ഞത്‌ എന്ത് എന്നറിയാതെ തെല്ലൊരു അമ്പരപ്പോടെ എന്നെ നോക്കി സായിപ്പ് പറഞ്ഞു “Can you please interpret what they are talking about”??? (ഇവര്‍ എന്താ പറയുന്നത് എന്നു എനിക്ക് പരിഭാഷ പെടുത്തി തരാമോ) ഞാന്‍ ആ യുവാക്കളോട് ചോദിച്ചു നിങ്ങള്‍ക്ക് എന്താണ് അറിയാനുള്ളത്. അവര്‍ പറഞ്ഞു.

“ഞങ്ങള്‍ക്ക് വേള്‍ഡ് കപ്പ്‌ കാണാന്‍ അമേരിക്കയില്‍ പോവണം എങ്ങിനെ വിസ ലഭ്യമാക്കാം”

സായിപ്പ് നീരഷത്തോടെ എന്നോടു പറഞ്ഞു ഇതെന്‍റെ പണിയല്ല, അവരോടു പറയു എംബസ്സിയുമായി ബന്ധപെടാന്‍. സായിപ്പില്‍ നിന്നും അനുകൂല പ്രതികരണം കിട്ടാതെ വന്നപ്പോള്‍ അവര്‍ അവരുടെ സീറ്റില്‍ തന്നെ പോയി ഇരുന്നു.

ബസ്സ്‌ ദമ്മാമില്‍ എത്തിയപ്പോള്‍ ആ സായിപ്പ് എന്നോട് ചോദിച്ചു നിനക്ക് എന്നെ സഹായിക്കാമോ? അയാള്‍ ആരാണെന്നോ എന്താണെന്നോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ഞാന്‍ തലയാട്ടികൊണ്ട് ചോദിച്ചു ‘നിങ്ങള്‍ക്ക്‌ എന്ത് സഹായാമാണ് വേണ്ടത്?’

സായിപ്പ് എന്നോട് പറഞ്ഞു. ഞാന്‍ ഇന്ന് രാത്രി വരെ ദമ്മാമില്‍ ഉണ്ടാവും എനിക്ക് ഭാഷ അറിയില്ല, കുറച്ചു ഡോളര്‍ മാറ്റി റിയാല്‍ ആക്കണം. പിന്നെ ടൌണില്‍ ഒക്കെ ഒന്നു കറങ്ങണം.ഞാന്‍ മനസ്സല്ലാ മനസ്സോടെ എന്‍റെ അടുത്ത ബന്ധു ഫൈസലിന്‍റെ വീട്ടിലേക്കായിരുന്നു സായിപ്പുമായി പോയത്.

ഫൈസലിനെ പരിചയപെടുത്തിയപ്പോള്‍ സായിപ്പ് പറഞ്ഞു “ഞാന്‍ ജെഫ്ഫ് ഗ്രീന്‍വാള്‍ട് (I’m Jeff Greenwald, an author) ഒരു എഴുത്തുകാരന്‍” ഫൈസല്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ”വല്ല പൈങ്കിളിയുംമായിരിക്കും” 

ഭക്ഷണത്തിന് ശേഷം 4മണിക്കു ഫൈസലിന്‍റെ ഡ്യൂട്ടി ആരംഭിക്കയും, ഞാന്‍ സായിപ്പുമായി ദാമ്മമിലേക്ക് (sieko) നടന്നു, ഞങ്ങളുടെ നടത്തത്തിനിടെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ എന്നോടു പങ്കുവെക്കുകയും ഞാന്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ഒരു പുസ്തകത്തിന്‍റെ പണിപുരയില്‍ ആണെന്നും, ഇവിടെ നിന്നും ഇന്നു വൈകീട്ട് കപ്പലില്‍ ദുബായിലേക്ക് അവിടെ നിന്നും കറാച്ചി വഴി കട്ട്മാണ്ട് വരെ പോവുമെന്നും പറഞ്ഞു.

ജമാല്‍
ജമാല്‍ സി. മുഹമ്മദ്‌

നമസ്ക്കാര സമയമായതു കൊണ്ട് ഞങ്ങള്‍ ഒരു കടത്തിണ്ണയില്‍ ഇരുന്നു ഒരു പേപ്പറും പേനയും എടുത്തു എന്തോ സായിപ്പ് കുത്തികുറിക്കുന്നുണ്ടായിരുന്നു.എന്തെക്കയോ സംശയങ്ങള്‍ക്ക് ദുരികരിക്കാന്‍ എന്ന പോലെ എന്നോട് ചോദിച്ചു. സ്ത്രികളുടെ മുഖാവരണത്തെ പറ്റിയും, സ്ത്രീ സമത്യത്തെ പറ്റിയും,ഇവിടെത്തെ വധശിക്ഷ നടപ്പാക്കുന്ന രീതിയെയും പറ്റിയും. എന്‍റെ മറുപടി സംതൃപ്തിയാവാതെ അതിനെ നിശിതമായി വിമര്‍ശിക്കുക്കയും ചെയ്തു. 

സമയം പോയതറിഞ്ഞില്ല.സായിപ്പ് പറഞ്ഞു ഉടനെ പുറപ്പെടണം, ഫൈസലിന്‍റെ അടുത്തു പോയി ബാഗ്‌ എടുക്കണം.. ഞങ്ങള്‍ നടന്നു….

സായിപ്പിന്‍റെ കൈയില്‍ ഒരു ക്യാമറ ഉണ്ടായിരുന്നു എന്റെയും ഫൈസലിന്‍റെയും കൂടെ ചേര്‍ന്നു നിന്ന് ചിത്രങ്ങള്‍ എടുത്തു. ഒരു തുണ്ട് കടലാസില്‍ ഞങ്ങളുടെ വിലാസവും, സായിപ്പിന്‍റെ വിലാസവും എഴുതി ഞങ്ങളോട് പറഞ്ഞു അമേരിക്കയില്‍ തിരിച്ചെത്തിയ ഉടനെ നിങ്ങള്‍ക്ക് ഫോട്ടോ അയച്ചു തരാമെന്ന്. 

ഒരു ടാക്സി വിളിച്ചു കൊടുത്തു.. ഞങ്ങള്‍ ചെയ്തു കൊടുത്തതിനെല്ലാം നന്ദി രേഖപെടുത്തി കൊണ്ട് കൈ വീശി സായിപ്പ് യാത്രയായി.

വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആ പേര് (Jeff Greenwald) ഇടയ്ക്കിടെ എന്‍റെ മനസ്സിനെ ഓര്‍മ്മപെടുത്തി കൊണ്ടേയിരുന്നു. 

ഈയിടെ എന്‍റെ അയല്‍വാസി ബഷീക്കയുടെ മക്കള്‍ പഠനത്തെ പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു. മഹറിന്‍, സാനയോട് ചോദിക്കുന്നത് ഞാന്‍ കേട്ടു, ‘നീ ആ Jeff Greenwald ന്‍റെ പഠിച്ചോ?’.

ജെഫ്‌ ആരാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു,’ജമാലാപ്പ ഞങ്ങള്‍ക്ക് പഠിക്കാനുണ്ട് അദ്ദേഹം എഴുതിയ കൃതികള്‍’.

പിന്നീട് വിക്കിപീഡിയയിലും ഗൂഗിള്‍ സെര്‍ച്ചിലും പരിശോധിച്ചപ്പോയാണ് മനസ്സിലായത്‌ വന്നു പോയത് ഒരു പൈങ്കിളി എഴുത്തുകാരന്‍ അല്ല മഹാനായ ഒരു എഴുത്തുകാരന്‍ തന്നെ ആയിരുന്നുവെന്നു. ആ ഞെട്ടലില്‍ നിന്നും വിമുക്തനാവാതെ ഇപ്പോഴും ഞാന്‍…..

 ജമാല്‍ സി. മുഹമ്മദ്‌ 

ദമ്മാം, സൗദി അറേബ്യ  (0580 908697)

 

You may have missed

Copy Protected by Chetan's WP-Copyprotect.