താമസിക്കുന്ന വര്‍ഷങ്ങളുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തില്‍ വിദേശികളെ ഒഴിവാക്കാനുള്ള നീക്കം സൗദി തൊഴില്‍ മന്ത്രാലയം നീട്ടി വെച്ചു

 

 

MOL1 

സൗദി അറേബ്യ: വിദേശ ജോലിക്കാരുടെ താമസം നിയന്ത്രിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ട് വരുന്നത് വെയിറ്റേജ്‌ പോയിന്‍റ് നല്‍കി നിരുല്‍സാഹപ്പെടുത്താനുമുള്ള നീക്കം തൊഴില്‍ മന്ത്രാലയം മാറ്റി വെച്ചതായി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹമ്മദ്‌ അല്‍ ഹുമൈദാന്‍ വ്യക്തമാക്കി.

ഈ വിഷയങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിന് വേണ്ടിയും സൗദി കൗണ്‍സില്‍ ഓഫ് ചേമ്പറുമായി കൂടുതല്‍ ആലോചനകള്‍ നടത്തുന്നതിനു വേണ്ടിയുമാണ് കരട് നിയമങ്ങള്‍ നടപ്പിലാക്കുന്നത് മാറ്റി വെക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

സൗദിയില്‍ നാല് വര്‍ഷം തികയുന്നവര്‍ക്ക് ഒന്നര പോയിന്റും ആറു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ടര പോയിന്റും ഏഴു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മൂന്നു പോയിന്റും എന്ന നിലയിലാണ് വെയിറ്റേജ്‌ പോയിന്‍റുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ആറായിരം റിയാലും അതില്‍ കൂടുതലും പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കും ഒന്നര പോയിന്റായിരുന്നു നിശ്ചയിച്ചിരുന്നത്.

കൂടാതെ ഭാര്യ കൂടെയുണ്ടെങ്കില്‍ ഒന്നര പോയിന്റും ഓരോ മക്കള്‍ക്കും കാല്‍ പോയിന്റു വീതവുമാണ് ലഭിക്കുമായിരുന്നത്.  ഇത് പ്രകാരം മൂന്നു പോയിന്റുള്ള തൊഴിലാളിയെ നിതാഖാത്‌ പ്രകാരം മൂന്നു തൊഴിലാളിയായി കണക്കാകുകയും തുടര്‍ന്ന് സ്വദേശി അനുപാതം പൂര്‍ത്തിയാക്കാന്‍ അതിനു ആനുപാതികമായി സ്വദേശികളെ നിയമിക്കുകയും ചെയ്യുക എന്നതായിരുന്നു മന്ത്രാലയ പദ്ധതി. ഒന്നര പോയിന്റുള്ള തൊഴിലാളിയെ ഒന്നര തൊഴിലാളിയായും കണക്കാക്കുന്ന സ്ഥിതിയും വരുമായിരുന്നു.

തൊഴില്‍ മന്ത്രാലയത്തിന്‍റെ നീക്കത്തെ ബിസിനസ് സമൂഹം സഹര്‍ഷം സ്വാഗതം ചെയ്തു. സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടതിനു റിയാദ്‌ ചേംബര്‍ ഓഫ് കൊമേഴ്സ്‌ & ഇന്‍റസ്ടി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ അല്‍ സാമില്‍ മന്ത്രാലയത്തിനു നന്ദി രേഖപ്പെടുത്തി.  

ബിസിനസ്സിന്റെ വിവിധ വശങ്ങളെ കുറിച്ച് കണക്കിലെടുക്കാതെയും പ്രായോഗിക വശങ്ങളെ കുറിച്ച് ചിന്തിക്കാതെയുമാണ് ഉദ്യോഗസ്ഥര്‍ ഈ തീരുമാനങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വര്‍ഷങ്ങള്‍ തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളോട് എങ്ങിനെയാണ് അവരുടെ കുടുംബങ്ങളെ കൂടെ താമസിപ്പിക്കരുതെന്നും തിരിച്ചയക്കണമെന്നും ആവശ്യപ്പെടാന്‍ ബിസിനസ് സമൂഹത്തിനു സാധിക്കുകയെന്നു അദ്ദേഹം ചോദിച്ചു.

ഈ തീരമാനം നടപ്പിലാക്കിയിരുന്നെന്കില്‍ വിദേശ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം നീട്ടി വെക്കുകയല്ല മറിച്ചു വേണ്ടെന്നു വെക്കുകയാണ് വേണ്ടതെന്ന് അല്‍ സാമില്‍ വ്യക്തമാക്കി.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതല്‍ അഭിപ്രായ രൂപീകരണത്തിന് വേണ്ടി നീട്ടി വെക്കുകയുമാണെന്നും ഹുമൈദാന്‍ പറഞ്ഞു.എല്ലാവരുടെയും അഭിപ്രായം കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വീണ്ടും മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പിന്നീട് ലഭിക്കുന്ന അഭിപ്രായങ്ങളും കൂടി കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിയമം നടപ്പിലാക്കുമെന്നും ഹുമൈദാന്‍ വ്യക്തമാക്കി. 

You may have missed

Copy Protected by Chetan's WP-Copyprotect.