സൗദി അറേബ്യ: ജോലിയില്‍ നിന്നും അവധി ലഭിക്കുന്നതിനു വേണ്ടി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന തൊഴിലാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള നിയമം അടുത്ത മാസം എട്ടു മുതല്‍ നിലവില്‍ വരും. രോഗമില്ലാത്തവര്‍ക്ക് അവധി ലഭിക്കുന്നതിനു കളവായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഡോക്ടര്‍മാര്‍ക്കും എതിരെയും കര്‍ശന നടപടിയുണ്ടാകും.
നിയമം നിലവില്‍ വരുന്നത് മുതല്‍ ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഭരണപരമായ ഒരു നടപടി എന്ന നിലയില്‍ നിന്നും നിയമപരമായ നടപടി എന്ന നിലയിലേക്ക് മാറും. പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് ബോധ്യപ്പെട്ടാല്‍ തൊഴിലാളിക്കെതിരെയും സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍ക്ക് എതിരെയും കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാകും. തൊഴിലാളികളെക്കാള്‍ കൂടുതല്‍ ശിക്ഷ ലഭിക്കുക ഡോക്ടര്‍മാര്‍ക്ക് ആയിരിക്കും.
സ്വകാര്യ മേഖലയെക്കാള്‍ കൂടുതലായി ഈ പ്രവണത നിലവിലുള്ളത് സര്‍ക്കാര്‍ മേഖലയിലാണ് എന്നാണു കണക്കു കൂട്ടല്‍. രോഗമുണ്ടെന്ന് കാണിച്ചു വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് മുങ്ങുന്നവരുടെ എണ്ണം വളരെ കൂടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമത്തിനു രൂപം നല്‍കിയത്.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന തൊഴിലാളിക്ക് മൂന്നു മാസം തടവും 30,000 റിയാല്‍ പിഴയും ലഭിക്കും. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും 100,000 റിയാല്‍ പിഴയും ലഭിക്കും.