വേലക്കാരികള്‍ക്ക് 95,000 റിയാല്‍ സേവന ആനുകൂല്യമായി നല്‍കാന്‍ സ്പോണ്‍സര്‍മാരോട് റിയാദ്‌ പോലീസിന്‍റെ നിര്‍ദ്ദേശം

0
1

 

w

 

സൗദി അറേബ്യ/റിയാദ്: തങ്ങളുടെ കീഴില്‍ ജോലി ചെയ്ത വേലക്കാരികളെ ഫൈനല്‍ എകിസ്റ്റ്‌ വിസയില്‍ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനു മുന്‍പായി 95,000 റിയാല്‍ സേവനാനന്തര ആനുകൂല്യമായി നല്‍കാന്‍ റിയാദ്‌ പോലീസിന്‍റെ ഗാര്‍ഹിക തൊഴിലാളി വകുപ്പ്‌ സൗദി സ്പോണ്‍സര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രസ്തുത സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലിയെടുത്തിരുന്ന രണ്ടു ഇന്തോനേഷ്യന്‍ വേലക്കാരികളുടെ പ്രശ്നത്തില്‍ ഇന്തോനേഷ്യന്‍ എംബസ്സിയുടെ പരാതിയിലാണ് ഈ നിര്‍ദ്ദേശം.

എംബസ്സിയുടെ പരാതി ലഭിച്ചയുടനെ വകുപ്പ് മേധാവി കേണല്‍ അബ്ദുള്‍ റഹിമാന്‍ അല്‍ ജുരൈദ് സ്പോണ്‍സര്‍മാര്‍ക്ക് എതിരെ നടപടി എടുക്കുകയായിരുന്നു. രണ്ടു സ്പോണ്‍സര്‍മാരെയും പോലീസ്‌ കസ്റ്റഡിയിലെടുത്തു. മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുന്നത് വരെ ഈ സ്പോണ്‍സര്‍മാരെ തടവില്‍ വെക്കും. കൂടാതെ നിശ്ചിത കാലത്തേക്ക് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.   

പരാതിക്കാരായ വേലക്കാരികളില്‍ ഒരാള്‍ തുടര്‍ച്ചയായ 12 വര്‍ഷവും ഒരു സ്പോണ്‍സറുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. മറ്റൊരു വേലക്കാരി മൂന്നു വര്‍ഷവും ജോലിയെടുത്തിരുന്നു. എന്നാല്‍ ഇവരുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കാതെ രണ്ടു സ്പോണ്‍സര്‍മാരും ഇവരെ ഇന്തോനേഷ്യന്‍ എംബസ്സിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് എംബസ്സി പരാതി നല്‍കിയത്.