ഒമാനിലെ സ്വദേശിവല്‍ക്കരണം: ജോലി നഷ്ടപ്പെടുന്നത് ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ക്ക്

0
1

 

 

1
ഷെയ്ക്ക് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി

 

ഒമാന്‍/മസ്കറ്റ്: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ കുറക്കുന്നതിനും കൂടുതല്‍ ഒമാനി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി ഗവര്‍മെന്റ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് പുറത്തു പോകേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒമാന്‍ മാനവ വിഭവശേഷി മന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിച്ചു. 

മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തു വിട്ട 2013 ലേ കണക്കു പ്രകാരം 147,438 കമ്പനികളില്‍ ജോലി ചെയ്യുന്ന 1,533,679 തൊഴിലാളികളില്‍  ഒമാനികളുടെ എണ്ണം 224,698 മാത്രമാണ്. അതേ സമയം 1,308,981വിദേശ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു.

ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ 39 ശതമാനം എന്ന വിദേശ തൊഴിലാളികളുടെ അനുപാതം 33 ശതമാനമാക്കി കുറക്കാനുള്ള നടപടികളുമായി ഗവര്‍മെന്റ് മുന്നോട്ടു പോകുമെന്ന്  ബക്രി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 692,867ല്‍ നിന്ന് 586,272 ആയി കുറയ്ക്കും.

സര്‍ക്കാര്‍ നടത്തുന്ന സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ കാര്യമായ ഫലം കാണാത്തതിനെ തുടര്‍ന്നാണ്‌ കടുത്ത നടപടികളിലേക്ക് പ്രവേശിക്കുന്നതെന്നാണ് സൂചന. സ്വകാര്യ തൊഴില്‍ മേഖലയിലെ ആറു പേരില്‍ അഞ്ചു പേരും വിദേശികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.